നാദിർഷയെക്കുറിച്ച് വാചാലനായി സംവിധായകനും നിർമാതാവുമായ ശാന്തവിള ദിനേശ്. ഒരു സുഹൃത്ത് എങ്ങനെ ആവണമെന്ന് മലയാളികളെ പഠിപ്പിച്ച ആളാണ് നാദിർഷയെന്നാണ് ദിനേശ് പറയുന്നത്.
അതിനൊപ്പം തന്നെ ദിലീപിന്റെ പേര് പരാമർശിക്കാതെ ആത്മാർഥ സുഹൃത്തിനെ വഞ്ചിക്കാതെ, സ്വന്തം ലാഭനഷ്ടങ്ങൾ നോക്കാതെ, വില്ലന്റെ റോളിൽ നിർത്തിയപ്പോൾ പോലും കൂട്ടുകാരന്റെ കൂടെ നിൽക്കുമെന്ന് ശപഥമെടുത്ത വ്യക്തിയാണ് നാദിർഷയെന്നും അദ്ദേഹം പറഞ്ഞു.
നാദിർഷ സംവിധാനം ചെയ്യുന്ന മാജിക് മഷ്റൂം എന്ന സിനിമയിൽ ചെറിയൊരു വേഷത്തിൽ ദിനേശും എത്തുന്നുണ്ട്. ഇതിന്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുമ്പോഴാണ് ദിലീപുമായുള്ള നാദിർഷയുടെ സൗഹൃദത്തെക്കുറിച്ച് ശാന്തിവിള ദിനേശ് തുറന്നു പറഞ്ഞത്.
ചന്ദ്രനിലേക്ക് ആദ്യമായി ജീവനുള്ള പട്ടിയാണ് പോയത്, അതിന്റെ പേര് ലൈക എന്നാണ്. ലൈക തിരിച്ചു മണ്ണിൽ വന്നിറങ്ങിയപ്പോൾ ബിബിസിയുടെയോ അതുപോലുള്ള ഏതോ ഒരു പത്രത്തിന്റെ ആൾക്കാര് ആളുകളോട് ഇതിനെക്കുറിച്ച് ചോദിച്ചു, ലൈക്ക ചന്ദ്രനിൽ പോയിട്ട് തിരിച്ചുവന്നതിനെക്കുറിച്ച്.
ബ്രിട്ടൻകാര് ഒക്കെ പറഞ്ഞു, ശാസ്ത്രത്തിന്റെ അഭൂതപൂർവമായ വളർച്ചയാണ്. അമേരിക്കക്കാരും അങ്ങനെ തന്നെ പറഞ്ഞു. അങ്ങനെ ലോകത്ത് എല്ലാവരുടെയും കമന്റ് ചോദിച്ചു ചോദിച്ച്, ഇന്ത്യയിൽ ചോദിക്കാൻ വന്നത് കേരളത്തിലായിരുന്നു. കേരളത്തിലെ ആളുകളോട് ഇതിനെക്കുറിച്ച് എന്താ അഭിപ്രായം എന്ന് ചോദിച്ചപ്പോൾ, ‘പൊക്കി വിടാൻ ആളുണ്ടെങ്കിൽ ഏത് പട്ടിക്കും ചന്ദ്രനിൽ പോയി തിരിച്ചുവരാം’ എന്നാണ് മലയാളി പറഞ്ഞത്. എന്നെ നാദിർഷ വിളിക്കുമ്പോൾ, എന്നെ ഒഴിവാക്കു എന്നെ ഒഴിവാക്കൂ എന്നാണ് ഞാൻ പറഞ്ഞത്.
കാരണം എനിക്ക് അഭിനയിക്കുക, കാമറയുടെ മുമ്പിൽ നിൽക്കുക പേടിയുള്ള കാര്യമാണ്. യൂട്യൂബിൽ ഓരോ കഥ പറയാൻ ഇരിക്കുമ്പോഴും കാൽ ഇങ്ങനെ വിറച്ചുകൊണ്ടേയിരിക്കും. പണ്ടാരം തീർന്നാൽ മതിയെന്നു വിചാരിക്കും. പലരും പറയാറുണ്ട് സംവിധാനത്തിനെക്കാൾ എളുപ്പം അഭിനയമാണ്. എനിക്ക് അങ്ങനെ തോന്നുന്നില്ല, എന്നാലും നാദിർഷയുടെ വഴക്ക് കേൾക്കാതെ സുജിത്തിന്റെ വഴക്ക് കേൾക്കാതെ മനീഷയുമായിട്ടുളള ആ സീൻ നന്നായിട്ട് ചെയ്തു.
എനിക്ക് നാദിർഷയോളം തന്നെ ബഹുമാനം തോന്നിയത് ഇതിന്റെ നിർമാതാവിനോടാണ്. ഏഴ് പടം പൊളിഞ്ഞുപോയിട്ട് എട്ടാമത് ഒരു പടം നാദിർഷയെ വച്ച് ചെയ്യുകയാണ്. ഞാനൊരു കാരവൻ വിരോധിയാണ്, പക്ഷേ എന്നെ കൊണ്ടുപോയി കാരവനിൽ ഇരുത്തും. ആ ദിവസം എനിക്ക് ഷൂട്ട് ഇല്ലെന്ന് ഓർക്കണം.
കലാ സംവിധായകൻ ഷിജി പട്ടണത്തോട് അടക്കമുള്ളവരോട് ഞാൻ സംസാരിച്ചപ്പോഴാണ് അറിയുന്നത് 10 ദിവസത്തെ ബാറ്റ അദ്ദേഹം മുൻകൂട്ടി കൊടുക്കുകയാണ്. എങ്ങനെ ബാറ്റ കൊടുക്കാതിരിക്കാം എങ്ങനെ അഭിനയിച്ചവരെ ഒക്കെ പറ്റിക്കാം എന്ന് വിചാരിക്കുന്ന നാട്ടിൽ, പത്ത് ദിവസത്തെ ബാറ്റ മുൻകൂട്ടി കൊടുക്കുന്ന ഒരു നിർമാതാവ് എന്ന് കേട്ടതിൽ വല്ലാത്ത സന്തോഷമുണ്ട്. ഞാൻ മടങ്ങുന്ന നേരത്ത് അദ്ദേഹത്തോട് പറഞ്ഞു, ഈ ക്രൂവിലുള്ള മുഴുവൻ പേരുടെയും പ്രാർഥന താങ്കൾക്ക് ഉണ്ടാകും. ഇങ്ങനെയൊരു നിർമാതാവിനെ നമുക്ക് കിട്ടില്ല.
അതുപോലെതന്നെ നാദിർഷ എന്നോടു പെരുമാറിയ രീതി, അദ്ദേഹം ഒരു സകലകലാ വല്ലഭൻ ആണ്. ഡബ്ബിംഗിനൊക്കെ ചെല്ലുമ്പോൾ നാദിർഷ എന്നോട് കാണിക്കുന്ന ബഹുമാനമുണ്ട്. പിന്നെ നാദിർഷയോട് വലിയ വിശ്വാസവും സ്നേഹവും തോന്നാനുള്ള കാരണമുണ്ട്.
ഒരു സുഹൃത്ത് എങ്ങനെയായിരിക്കണം എന്ന് ഈ നാട്ടിൽ മലയാളിയെ പഠിപ്പിച്ച ആളാണ് നാദിർഷ. ഒരു ആത്മാർഥ സുഹൃത്തിനെ വഞ്ചിക്കാതെ, ചതിക്കാതെ, സ്വന്തം ലാഭനഷ്ടങ്ങൾ നോക്കാതെ വില്ലന്റെ റോളിൽ നിർത്തിയപ്പോൾ പോലും ഞാൻ എന്റെ കൂട്ടുകാരന്റെ കൂടെ നിൽക്കുമെന്ന് ശപഥമെടുത്ത നാദിർഷ.
നിങ്ങളെല്ലാവരും ഈ സിനിമ വലിയ വിജയമാക്കുക. അറിയാതെ പോയി പെട്ട് ഞാൻ അഭിനയിച്ചതാണ്, സത്യം പറഞ്ഞാൽ ഇപ്പോൾ എവിടെ നിൽക്കുന്നു എന്ന് എനിക്ക് തന്നെ അറിയില്ല. കാരണം റോഡിൽ ഇറങ്ങാൻ നിവർത്തിയില്ല. തട്ടുദോശ തിന്നുന്ന, പത്തു രൂപയ്ക്ക് കപ്പലണ്ടി വാങ്ങി തിന്നുന്ന ആളാണ് ഞാൻ.
സത്യം പറഞ്ഞാൽ ഇപ്പോൾ കപ്പലണ്ടിയും തട്ടുദോശയം തിന്നാൻ പറ്റാത്ത അവസ്ഥയിലാണ്. ഞാനിപ്പോൾ ഏതാണ്ട് മമ്മൂക്കയുടെ ലെവലിൽ നിൽക്കുകയാണ്. ഈ പടത്തിൽ അഭിനയിച്ചത് അറിഞ്ഞിട്ട് ബേസിൽ നിർമിക്കുന്ന ‘അതിരടി’ എന്ന് പറഞ്ഞ പടത്തിൽ ബേസിൽ പഠിക്കുന്ന എൻജിനീയറിംഗ് കോളേജിൽ ഒരു അധ്യാപകനായി പടം തുടങ്ങി തീരുന്നത് വരെ അയാളെ ചീത്ത വിളിക്കുന്ന അധ്യാപകന്റെ വേഷം ഞാൻ ചെയ്തുകൊണ്ടിരിക്കുകയാണ്.
ഞാൻ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന ‘പുറപ്പാട്’, ‘എഴുന്നള്ളത്ത്’, ‘സ്വയംവര പന്തൽ’ അടക്കം എല്ലാ സിനിമയിലും ഞാൻ അഭിനയിച്ചിട്ടുമുണ്ട്. സൈക്കിൾ ഓടിക്കുക, ഇന്നസന്റ് കായലിൽ ചാടിയപ്പോൾ കൂടെ ചാടുക അങ്ങനെയുള്ള കുറെ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
പക്ഷേ എന്നെ നാദിർഷ കൊണ്ട് നിർത്തിയിരിക്കുന്നത് ഇപ്പോ ഒരു വല്ലാത്ത തലത്തിലാണ്. ഒരു കൈ നോക്കാൻ ഞാനും മനസുകൊണ്ട് തയാറെടുക്കുകയാണ്. ദൈവങ്ങളോട് വിശ്വാസമില്ലാത്ത ഒരാളാണ്, കാരണം ദൈവങ്ങൾക്ക് കണ്ണും കാലും ഒക്കെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ഈ കേരളത്തിൽ നടക്കില്ല എന്നാലും ഞാൻ കണ്ടിട്ടില്ലാത്ത ദൈവത്തോട് പറയുന്നു, ഈ സിനിമ ഒരു വലിയ വിജയമാക്കി നമ്മുടെ നിർമാതാവിനും നാദിർഷയ്ക്കും വലിയ പേരുണ്ടാക്കി കൊടുക്കട്ടെ.
നായകൻ വിഷ്ണുവിനെക്കുറിച്ച് കൂടി പറഞ്ഞിട്ട് ഞാൻ അവസാനിപ്പിക്കാം. കെ. കരുണാകരൻ കേരള രാഷ്ട്രീയത്തിൽ 40 വർഷം എന്ത് കേരളത്തിന് നൽകി, എന്ത് കരുണാകരന് കേരളം നൽകി എന്നുള്ള ഒരു സിനിമയ്ക്ക് വേണ്ടി എല്ലാം ആയി വന്നതാണ്.
അതിൽ രാജന്റെ വേഷം വിഷ്ണു ഉണ്ണികൃഷ്ണനെക്കൊണ്ട് ചെയ്യിക്കണം എന്ന് മനസിൽ കരുതിയതാണ്. പക്ഷേ പ്രൊജക്റ്റ് നടന്നില്ല, എനിക്ക് വിഷ്ണുവിനെ എന്തോ ഒരു ഇഷ്ടമാണ്. ദിലീപിനെ ഒക്കെ കാണുംപോലെ അടുത്ത വീട്ടിലെ പയ്യനെ പോലെ വിഷ്ണുവിനെ എനിക്ക് ഇഷ്ടമാണ്.’’ ശാന്തിവിള ദിനേശ് പറഞ്ഞു.
‘കട്ടപ്പനയിലെ ഋത്വിക് റോഷനു’ ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാജിക് മഷ്റൂം.
Tags : Santhivila Dinesh Nadirsha dileep