നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതി വിധിയിൽ പ്രതികരിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. കോടതി വിധിയെ ബഹുമാനിക്കുന്നുവെന്നും അതിൽ എതിരഭിപ്രായമുള്ളവർക്ക് മേൽ കോടതിയിൽ പോകാന്‍ അവകാശമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അന്തിക്കാട് വോട്ട് ചെയ്യാനെത്തിയപ്പോൾ മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് ഒരിക്കലും ഒഴിവാക്കാറില്ല. നമ്മുടെ മനസിൽ ഒരു രാഷ്ട്രീയമുണ്ട്, തീരുമാനമുണ്ട്. അതെല്ലാം പ്രചാരണങ്ങൾക്കൊക്കെ അപ്പുറത്താണ്. അത്തരമൊരു തീരുമാനുള്ളതുകൊണ്ട് ഈ അവകാശം ഒരിക്കലും നഷ്ടപ്പെടുത്താറില്ല. ഏതു നാടി്റെയും പുരോഗതി അത് ഭരിക്കുന്ന ആളുകളെ അനുസരിച്ചാണ് ഇരിക്കുന്നത്. സുഗമമായ ജീവിതവും സുരക്ഷിതത്വവും വേണം. അന്തിക്കാട് ഒരു കാർഷിക ഗ്രാമമാണ്. അതുകൊണ്ടു തന്നെ പഞ്ചായത്ത് ഇലക്ഷന് വളരെ പ്രാധാന്യമുണ്ട്.
നടിയെ ആക്രമിച്ച കേസിൽ വിധി വന്നു കഴിഞ്ഞല്ലോ. ഒരു കേസ് വന്നു, അതിനെ കോടതി വിധിച്ചു, ആ വിധി നമ്മളെല്ലാം കണ്ടു കഴിഞ്ഞു. അതിൽ കുറ്റക്കാരായവരെ മുഴുവൻ ശിക്ഷിച്ചു. ആ കോടതി വിധിയെ ബഹുമാനിക്കുന്നു. ഞാൻ കോടതിയില്‍ വിശ്വസിക്കുന്ന ഒരാളാണ്. ഒരുപാട് തെളിവുകളും സാക്ഷികളും രേഖകളുമൊക്കെ പരിശോധിച്ചാണ് കോടതി ഒരു വിധി പറയുന്നത്.
അത് തെറ്റാണെന്നു പറയാൻ നമ്മളാരുമല്ല. കോടതിക്കപ്പുറത്ത് എനിക്കൊന്നുമറിയില്ല, കോടതിയിൽ പൂർണ വിശ്വാസമുണ്ട്. ഇനി അതിന് എതിരഭിപ്രായമുള്ളവർക്ക് മേൽ കോടതിയിൽ പോകാം. ദിലീപ് തെറ്റുകാരനല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിൽ അത് കോടതിയുടെ ബോധ്യവും അറിവുമാണ്. നാട്ടിൽ ജീവിക്കുന്ന പൗരനെന്ന നിലയിൽ കോടതിയിൽ വിശ്വാസവും ബഹുമാനവുമുണ്ട്. മറിച്ച് അഭിപ്രായമുള്ളവർക്ക് മേൽകോടതിയെ സമീപിക്കാം. സത്യൻ അന്തിക്കാട് പറഞ്ഞു.
Tags : sathyan anthikadu dileep case