പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പൊങ്കൽ ആഘോഷിച്ച് ശിവകാർത്തികേയൻ. പരാശക്തി റിലീസുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുന്നതിനിടയിലാണ് ഈ ഒത്തുചേരൽ.
ഡല്‍ഹിയില്‍ നടന്ന പൊങ്കല്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ശിവകാര്ത്തികേയന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.
കേന്ദ്രമന്ത്രി എല്‍. മുരുകന്റെ വസതിയില്‍ വെച്ചാണ് പൊങ്കല്‍ ആഘോഷം നടന്നത്.
പൊങ്കൽ ആശംസകൾ നേരുന്നതിനൊപ്പം പരാശക്തിയുമായി ഉയർന്നു വരുന്ന വിവാദങ്ങളിലും ശിവകാർത്തികേയൻ പ്രതികരിച്ചു.
''എല്ലാവര്ക്കും പൊങ്കല്‍ ആശംസകള്‍. പരാശക്തിയ്ക്ക് ലഭിക്കുന്ന പിന്തുണയ്ക്ക് നന്ദി. ഞാന്‍ വളരെ സന്തോഷവാനാണ്. പൊങ്കല്‍ ഡല്‍ഹിയിലാണ് ആഘോഷിക്കുന്നത്. പ്രധാനമന്ത്രിയെ ആദ്യമായാണ് കാണുന്നത്.
നമുക്കിടയിൽ പോസിറ്റിവിറ്റി പടരട്ടെ, ഒരു വിവാദവുമില്ല. ആളുകൾ അത് മനസിലാക്കുകയും ശരിയായ രീതിയിൽ എടുക്കുകയും ചെയ്യുന്നു. ഞങ്ങൾ ഉദ്ദേശിച്ചത് ജനങ്ങളിലേക്ക് എത്തുക എന്നതാണ്.
അവർ സിനിമ മുഴുവനായി കണ്ടാൽ അവർക്ക് കാര്യം മനസ്സിലാകും. എനിക്ക് പ്രത്യേകിച്ച് പ്രൊപഗാണ്ട ഒന്നുമില്ല. വിജയ്യുടെ രാഷ്ട്രീയ യാത്രയ്ക്ക് വ്യക്തിപരമായും സോഷ്യൽ മീഡിയയിലൂടെയും ഞാൻ ആശംസകൾ നേർന്നിരുന്നു. അദ്ദേഹത്തിന്റെ സിനിമ ഉടൻ റിലീസ് ചെയ്യും''. ശിവകാർത്തികേയൻ പറഞ്ഞു.
ആഘോഷത്തില്‍ ശിവകാര്‍ത്തികേയന്റെ കുടുംബവും നടന് രവി മോഹനും അദ്ദേഹത്തിന്റെ സുഹൃത്ത് കെനീഷ ഫ്രാൻസിസും പങ്കെടുത്തു.
Tags : shivakarthikeyan pongal prime minister