സമ്മർ ഇൻ ബത്‌ലഹേം സിനിമയിൽ മോഹൻലാലിനെ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് വെളിപ്പെടുത്തി സംവിധായകൻ സിബി മലയിൽ. ബംഗളൂരുവിൽ സുഖ ചികിത്സയ്ക്ക് പോയ മോഹൻലാലിനെ രഞ്ജിത്തിനൊപ്പം നേരിൽ പോയി കണ്ടാണ് സിനിമയിൽ അഭിനയിക്കാൻ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
മോഹൻലാലിന്‍റെ പത്ത് മിനിറ്റോളമുള്ള സീനുകൾ സിനിമയിൽ ഉണ്ടായിരുന്നു എന്നും ഇത് പിന്നീട് വെട്ടിമാറ്റുകയായിരുന്നു എന്നും സംവിധായകൻ പറഞ്ഞു. റീറിലിസിൽ ഇത് ഉൾപ്പെടുത്താൻ ആലോചിച്ചിരുന്നതായും സിബി മലയിൽ വെളിപ്പെടുത്തി.
സിനിമയുടെ റീറിലീസ് പ്രസ്മീറ്റിൽ സംസാരിക്കവെയാണ് ഇക്കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്.
‘സമ്മർ ഇൻ ബത്‌ലഹേം’ ഷൂട്ടിംഗ് ലൊക്കേഷനിൽ വന്നാണ് രഞ്ജിത്ത് സ്ക്രിപ്റ്റ് എഴുതുന്നത്. അതുകൊണ്ട് ആദ്യത്തെ ദിവസങ്ങളിലൊക്കെ പാട്ട് മാത്രമാണ് ഷൂട്ട് ചെയ്തത്. എഴുതി ഒരുഘട്ടമെത്തിയപ്പോഴാണ് ചിത്രത്തിൽ ഒരു ക്യാരക്ടർ കൂടി വന്നിട്ടുണ്ടെന്ന് രഞ്ജിത്ത് പറയുന്നത്.
ക്ലൈമാക്സിൽ ആ ക്യാരക്ടർ വരണം. ഈ രണ്ട് പേരുടെയും മുകളിൽ നിൽക്കുന്ന ഒരു നടൻ ഇത് ചെയ്യണം. എങ്കിലേ ആ ഒരു പോപ്പുലാരിറ്റി ഉണ്ടാവൂ എന്ന് രഞ്ജിത്ത് പറഞ്ഞു. അങ്ങനെ പല പേരുകൾ ആലോചിച്ചു. രജനികാന്ത്, കമൽഹാസൻ തുടങ്ങി എല്ലാവരേയും ആലോചിച്ചു.
പക്ഷേ, സ്വർണം വീട്ടിൽ വച്ചിട്ടെന്തിന് എന്ന് പറയുന്ന പോലെ ലാൽ ഇവിടെ ഉള്ളപ്പോൾ എന്തിന് വേറൊരാളെ അന്വേഷിക്കുന്നു എന്ന് ചിന്തിച്ചു. ആ സമയത്ത് ലാൽ ബംഗളൂരുവിൽ ഒരുമാസത്തെ സുഖ ചികിത്സയ്ക്ക് പോയിരിക്കുകയായിരുന്നു. ഞാനും രഞ്ജിത്തും നേരിട്ട് പോയി ലാലിനോട് കാര്യം പറഞ്ഞു. അതിനെന്താ നിങ്ങളുടെ സിനിമയല്ലേ, നമുക്ക് ചെയ്യാം എന്നായിരുന്നു ലാലിന്‍റെ മറുപടി. രണ്ട് ദിവസത്തെ ഷൂട്ടാണ് ചോദിച്ചത്.
ലാൽ അന്ന് താടിയൊക്കെ വളർത്തി, ചികിത്സയുടെ ഭാഗമായി വളരെ ശാന്തനൊക്കെ ആയിരുന്നു. അത് കണ്ടപ്പോൾ എനിക്കും സന്തോഷമായി. ഇവിടെ നിന്ന് നേരെ ലൊക്കേഷനിലേക്ക് വരണം, താടിയൊന്നും വടിക്കരുത് എന്ന് ഞാൻ പറഞ്ഞു. അങ്ങനെ തന്നെയാണ് ഷൂട്ട് ചെയ്തത്.
ആ കഥാപാത്രത്തിന് ആ ലുക്ക് ആപ്റ്റ് ആയിരുന്നു. ലാലിന്‍റെ ആ സമയത്തെ മുഖത്തെ പ്രസന്നതയൊക്കെ ആ കഥാപാത്രത്ത മികച്ചതാക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ലാൽ സിനിമയിൽ ഉണ്ടെന്നത് തിയറ്ററിൽ എത്തുന്നതുവരെ ഞങ്ങൾ ഒളിപ്പിച്ച് വച്ചിരുന്നു.
ആ സർപ്രൈസ് വലിയ രീതിയിൽ അന്ന് സ്വീകരിക്കപ്പെടുകയും ചെയ്തു. ഇതിലുള്ള ഒരു രഹസ്യം എന്താണെന്നുവച്ചാൽ, രണ്ട് സീനുകൾ ഞങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. മഞ്ജുവിനെ താലികെട്ടിയ ശേഷം കൺവിൻസ് ചെയ്യിക്കുന്ന ഒരു സീനുണ്ടായിരുന്നു.
അഞ്ചോ പത്തോ മിനിറ്റുള്ള സീനായിരുന്നു അത്. ലാൽ വരുന്ന വേറൊരു സീനും ഉണ്ടായിരുന്നു. ഇവർ രണ്ടുപേരും ബെഞ്ചിലിരിക്കുന്ന സീൻ. സിയാദ് ആദ്യ ദിവസം സിനിമ കണ്ടിട്ട് എന്നെ വിളിച്ചു. ആ രണ്ട് സീൻ സിനിമയിൽ ആവശ്യമില്ല, ആളുകൾ അസ്വസ്ഥരാകുന്നുണ്ട് എന്ന്.
ലാൽ മരിച്ചു എന്ന് പറഞ്ഞുകഴിയുമ്പോൾ തന്നെ ആളുകൾ ഇരിക്കാൻ മടി കാണിക്കുന്നുണ്ട്. സിയാദിന്‍റെ തിയറ്ററിൽ മാത്രം അത് കട്ട് ചെയ്ത് നോക്കാൻ ഞാൻ പറഞ്ഞു. കട്ട് ചെയ്തപ്പോൾ ആൾക്കാർക്ക് പ്രശ്നമില്ലെന്ന് മനസിലായി.
‘സമ്മർ ഇൻ ബത്‌ലഹേം’ റീ റിലീസ് ചെയ്യുമ്പോൾ ആ സീൻ ഉൾപ്പെടുത്തണമെന്ന് കരുതിയതാണ്. പക്ഷേ നല്ല ക്വാളിറ്റിയുള്ള നെഗറ്റീവുകൾ കിട്ടാത്തതുകൊണ്ട് അത് സാധിച്ചില്ല. അല്ലെങ്കിൽ അതൊരു സർപ്രൈസ് ആയിട്ട് വന്നേനേ.’ അദ്ദേഹം പറഞ്ഞു.
Tags : sibi malayil summer in bathlahem mohanlal