ഏറെ ആരാധകരുള്ള നടിയാണ് ശ്രീലീല. ശിവകാർത്തികേയൻ നായകനാകുന്ന പരാശക്തിയാണ് ശ്രീലീലയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. തമിഴിലേക്കുള്ള ശ്രീലീലയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.
ഇപ്പോഴിതാ സിനിമയുടെ സെറ്റിലെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് നടി. സിനിമയുടെ ഷൂട്ട് തീർന്ന ദിവസം താൻ കരഞ്ഞുപോയെന്നും അത്രത്തോളം ആ കഥാപാത്രമായി താൻ ഇഴുകിച്ചേര്ന്നെന്നും ശ്രീലീല പറഞ്ഞു.
'പരാശക്തിയുടെ ഷൂട്ടിംഗ് കഴിയുന്ന ദിവസം ഞാൻ കരഞ്ഞു. അതൊരു ഫീലിംഗ് ആണ് നിങ്ങള്‍ക്ക് അത് പറഞ്ഞാല്‍ മനസിലാവില്ല. ആ സെറ്റുമായി ഞാൻ അത്രയധികം അടുത്തിരുന്നു. ഒരു കുടുംബം പോലെ തന്നെയാണ് കഴിഞ്ഞിരുന്നത്'.
'ആ ഗെറ്റപ്പും, ആ സെറ്റും എല്ലാം അത്രയേറെ ഇഴുകിച്ചേര്‍ന്നു. ഒന്നും ഇനി ഇല്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഇമോഷണലായി. ഇതിന്റെ രണ്ടാം ഭാഗം എടുക്കുമോ എന്ന് പോലും ചിന്തിച്ചു. പക്ഷേ അതൊന്നും പ്രാക്ടിക്കല്‍ അല്ല എന്നെനിക്കറിയാം. ഏറ്റവും ആദ്യത്തേത് വളരെ സ്പെഷ്യലായി കാണുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ ആദ്യത്തെ തമിഴ് സിനിമ എന്ന നിലയിലും പരാശക്തി എനിക്കൊരു ഇമോഷണല്‍ കണക്ഷനാണ്. ശിവകാര്ത്തികേയന്, രവി മോഹന്‍, അഥര്‍വ തുടങ്ങിയവര്‍ക്കൊപ്പമുള്ള എക്സ്പീരിയൻസും മറക്കാൻ കഴിയാത്തതാണ്'- ശ്രീലീല പറഞ്ഞു.
സൂരറൈ പോട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. സിനിമ ഒരു പീരീഡ് പശ്ചാത്തലത്തിൽ ആക്ഷൻ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. ജനുവരി 10 നാണ് പരാശക്തി റിലീസ്.
Tags : sreeleela sivakarthikeyan parasakthi shooting