ബോഡി ഷെയിമിംഗ് നടത്തുന്നവരോട് ശക്തമായ ഭാഷയിൽ പ്രതികരിച്ച് അവതാരകയും വ്ലോഗറുമായ പേളി മാണി. ബോഡി ഷേമിംഗ് എന്നത് ഒരു സാധാരണ കാര്യമാണെന്ന് കരുതുന്നവർക്കായി ഒരു നിമിഷം മൗനം പാലിക്കാം എന്ന് കുറിച്ചുകൊണ്ടാണ് പേളി പ്രതികരിച്ചത്.
തന്റെ ശരീരത്തെ താൻ അത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നും ഒരു മിസ്കാര്യേജും രണ്ട് പ്രസവവും കഴിഞ്ഞ ശരീരമാണിതെന്നും അവർ പറയുന്നു.
‘‘ശരീരത്തെ പരിഹസിക്കുന്നത് സ്വാഭാവികമായ ഒന്നാണെന്ന് കരുതുന്നവർക്കായി ഒരു നിമിഷം നമുക്ക് മൗനം പാലിക്കാം. എന്നാൽ അത് ഒട്ടും ശരിയല്ല, ഒരിക്കലും ശരിയാവുകയുമില്ല. ഞാൻ എന്റെ ശരീരത്തെ അത്രമേൽ സ്നേഹിക്കുന്നു. രണ്ട് പ്രസവങ്ങളും ഒരു മിസ്കാരിജും അതിജീവിച്ച എന്റെ ഈ ശരീരം, മുൻപത്തേക്കാൾ കരുത്തോടെ ഇന്നും നിലകൊള്ളുന്നു.’’പേർളി മാണി കുറിച്ചു.
ഹീലിംഗ് ഫ്രം വിത്തിൻ എന്ന ഹാഷ്ടാഗോടെ പേളി പങ്കുവച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. താരത്തിന്റെ നിലപാടിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
Tags : Pearle Mani body shaming