തൊടുപുഴയിൽ സിനിമ ഷൂട്ട് ചെയ്താൽ അത് പരാജയപ്പെടുമെന്ന അന്ധവിശ്വാസത്തെ മാറ്റിമറിച്ചത് താനാണെന്ന് സംവിധായകൻ വിനയൻ.
തൊടുപുഴയിൽ ഷൂട്ട് ചെയ്യുന്ന സിനിമകൾ പരാജയപ്പെടുമെന്ന ഭയത്താൽ നിർമാതാക്കളും സംവിധായകരും ഒഴിഞ്ഞുമാറിയിരുന്ന കാലമുണ്ടായിരുന്നുവെന്ന് വിനയൻ പറയുന്നു.
തന്റെ മാസ്റ്റർപീസ് ചിത്രമായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ ലൊക്കേഷൻ നിശ്ചയിക്കുമ്പോൾ നേരിടേണ്ടി വന്ന കടുത്ത എതിർപ്പുകളെയും പിന്നീട് ആ നാട് കൈവരിച്ച സിനിമാ വളർച്ചയെയും കുറിച്ചാണ് അദ്ദേഹം സോഷ്യൽ മീഡിയ കുറിപ്പിലൂടെ മനസ് തുറന്നത്.
തമിഴ് ഫിലിം ‘കാശി’ ഷൂട്ടു ചെയ്തത് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ഷൂട്ട് ചെയ്ത കാഞ്ഞാർ, തൊടുപുഴ ഏരിയയിൽ തന്നെ ആയിരുന്നു. വാസന്തിയുടെ ലൊക്കേഷൻ ഫിക്സ് ചെയ്യുന്ന സമയത്ത് തൊടുപുഴ തെരഞ്ഞെടുക്കരുതെന്ന് നിർമാതാവായ വിന്ധ്യൻ എന്നെ വളരെ നിർബന്ധിച്ചു.
അവിടെ ചിത്രീകരിച്ച ഏതൊക്കയോ സിനിമകൾ പരാജയപ്പെട്ടതോടെ അൺ ലക്കി ആയ ലൊക്കേഷൻ എന്ന പേരിൽ ആരും ഷൂട്ടിംഗിനു തിരഞ്ഞെടുക്കാതിരുന്ന തൊടുപുഴയെ പക്ഷേ ലക്കി ആക്കിയത് “വാസന്തി” ആയിരുന്നു.
പിന്നെ ‘കാശി’യും, ‘മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും’ കൂടി കഴിഞ്ഞതോടെ കേരളത്തിലെ ഏറ്റവും തിരക്കുള്ള സിനിമാ ലൊക്കേഷനായി തൊടുപുഴ മാറി.
അതിന്റെ പേരിൽ തൊടുപുഴ എംഎൽഎയും മന്ത്രിയുമായിരുന്ന പി.ജെ. ജോസഫ് പുറപ്പുഴയിൽ വച്ച് എനിക്കൊരു സ്വീകരണം തന്നെ നൽകി. ഇന്ന് തൊടുപുഴ കേരളത്തിലെ ഏറ്റവും നല്ല ഭാഗ്യ ലൊക്കേഷനാണ്. ശരിക്കും പറഞ്ഞാൽ വിശ്വാസത്തിലുപരി അന്ധ വിശ്വാസം വിഹരിക്കുന്ന ഒരു മേഖലയാണ് സിനിമാ മേഖല.’’ വിനയൻ കുറിച്ചു.
Tags : Vinayan thodupuzha location vasanthiyum lakshmiyum pinne njanum