x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോർജുകുട്ടിയുടെ കഥ ഇതോടെ തീരുമോ? ജീത്തു വെളിപ്പെടുത്തുന്നു

ബി. സൗപർണിക
Published: November 5, 2025 09:34 AM IST | Updated: November 5, 2025 11:10 AM IST

മലയാളചലച്ചിത്ര ചരിത്രത്തില്‍ അന്വേഷണാത്മക സിനിമകളുടെ തലവര മാറ്റിയെഴുതിയ സംവിധായകനാണ് ജീത്തു ജോസഫ്. ജീത്തുവിന്‍റെ സംവിധാനത്തില്‍ പിറന്ന ചിത്രങ്ങളെല്ലാം വമ്പന്‍ ട്വിസ്റ്റുകള്‍കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചു.

ലോകസിനിമയിലെ ക്രൈംത്രില്ലറുകളോടു കിടപിടിക്കുന്നതായിരുന്നു ജീത്തു ജോസഫ് അഭ്രപാളിയില്‍ തീര്‍ത്ത വിസ്മയങ്ങള്‍. ദൃശ്യം രണ്ടു ഭാഗങ്ങളും വിവിധ ലോകഭാഷകളിലേക്കു മാറ്റപ്പെടുകയും ചെയ്തതും ഇക്കാരണത്താലാണ്. ജീത്തു ജോസഫിന്‍റെ മിറാഷ് ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോം ആയ സോണിലിവില്‍ സ്ട്രീമിംഗ് തുടരുകയാണ്.

ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ്, ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദൃശ്യം 3-യുടെയും ബിജു മേനോനും ജോജു ജോര്‍ജും കേന്ദ്രകഥാപാത്രങ്ങളായി, റിലീസിന് ഒരുങ്ങുന്ന വലതുവശത്തെ കള്ളന്‍ എന്ന ചിത്രത്തിന്‍റെയും വിശേഷങ്ങള്‍ പങ്കുവച്ചു. ജീത്തു ജോസഫിന്‍റെ സംഭാഷണങ്ങള്‍-

ദൃശ്യം 3-യോടെ ജോര്‍ജുകുട്ടിയുടെ കഥ അവസാനിക്കുമോ...‍?

ഉപസംഹാരമായിരിക്കില്ല, അതു തീര്‍ച്ചയാണ്! ദൃശ്യം ചെയ്തപ്പോള്‍, ഒരു തുടര്‍ച്ചയെക്കുറിച്ച് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. പിന്നീട്, രണ്ടാം ഭാഗത്തിനുള്ള ആശയം ഉദിച്ചപ്പോള്‍, അതു ചെയ്തു എന്നുമാത്രം. രണ്ടാമത്തെ ചിത്രത്തിനു ശേഷം, മൂന്നാം ഭാഗം സാധ്യമാണോ എന്നു ഞാന്‍ ചിന്തിച്ചു... ഒടുവില്‍, ഒരു ത്രെഡ് കണ്ടെത്തി. ആദ്യ ചിത്രം ജോര്‍ജുകുട്ടിയും കുടുംബവും അനുഭവിച്ച സംഭവമാണ് കൈകാര്യം ചെയ്യുന്നത്. പിന്നെ ജോര്‍ജുകുട്ടിയും കുടുംബവും എങ്ങനെ പരിണമിച്ചുവെന്ന് ദൃശ്യം രണ്ടാം ഭാഗത്തില്‍ ചിത്രീകരിച്ചു.

ഇപ്പോള്‍ മൂന്നാം ഭാഗത്തില്‍, (ജോര്‍ജുകുട്ടി തെളിവുകള്‍ എങ്ങനെ മായ്ച്ചുകളഞ്ഞു എന്നു നമുക്കറിയാം) അവരുടെ ജീവിതത്തില്‍ എന്ത് സംഭവിച്ചുവെന്നു പര്യവേക്ഷണം ചെയ്യുന്നു. ഞാന്‍ ഓര്‍ഗാനിക് ആയി തോന്നുന്ന കഥകള്‍ മാത്രമേ എഴുതാറുള്ളൂ. ഈ ഭാഗത്തോടെ കഥ അവസാനിക്കുമോ എന്ന് എനിക്കറിയില്ല. പുതിയൊരു ആംഗിള്‍ ഉണ്ടായാല്‍ നാലാം ഭാഗം തീര്‍ച്ചയായും പ്രതീക്ഷിക്കാം. എനിക്ക് ഉറപ്പുപറയാന്‍ കഴിയില്ല, എന്നാല്‍ അതിനുള്ള എല്ലാ സാധ്യതകളും മൂന്നാം ഭാഗത്തിലുണ്ട്. ഇപ്പോള്‍ ഇതു മാത്രമാണ് എനിക്കു പറയാന്‍ കഴിയുക.

 

K-Rail Survey

ആദ്യം ക്ലൈമാക്സ്... ലാലേട്ടനുമായി ചര്‍ച്ച ചെയ്തു, പിന്നെ തിരക്കഥയിലേക്ക്

ക്ലൈമാക്സിനെക്കുറിച്ചു ചിന്തിച്ചപ്പോള്‍, ലാലേട്ടനുമായി ചര്‍ച്ച ചെയ്തിരുന്നു. ആ പ്രത്യേക 'ആംഗിളില്‍' നിന്നാണ് ഞാന്‍ ആശയം അവതരിപ്പിച്ചത്. അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന്‍റെ കാര്യത്തില്‍ അതു രസകരമായി തോന്നി. 'ആംഗിള്‍' ശക്തമായിരുന്നെങ്കിലും, ആ പോയിന്‍റിലെത്താന്‍ കഥ വികസിപ്പിക്കേണ്ടതുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. ഇതുമായി മുന്നോട്ടുപോകുമ്പോള്‍ ദൃശ്യം 2-ലേതുപോലുള്ള സങ്കീര്‍ണതകള്‍ എനിക്ക് അഭിമുഖീകരിക്കേണ്ടിവന്നു. പിന്നെ, അതിനെ മറികടക്കാനുള്ള ശ്രമമായി. ആ വെല്ലുവിളികളുടെ പരിഹാരം കണ്ടെത്തല്‍, മുഴുവന്‍ സിനിമയെയും രൂപപ്പെടുത്താന്‍ എന്നെ സഹായിച്ചു.

ദൃശ്യം പുതിയ ഭാഗത്തിന്‍റെ സൂചനകളൊന്നും വെളിപ്പെടുത്താന്‍ കഴിയില്ല. സിനിമയുടെ റിലീസിനായി കാത്തിരിക്കൂ എന്നു മാത്രമാണ് എനിക്കു പറയാനാകൂ. ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്‍റെയും ജീവിതത്തിലെ മറ്റൊരു അധ്യായമാണ് ദൃശ്യം 3.

മോഹന്‍ലാലിനൊപ്പം

എനിക്കു മാത്രമല്ല, ലാലേട്ടന്‍റെ കൂടെ പ്രവര്‍ത്തിച്ച എല്ലാ സംവിധായകര്‍ക്കും ജീവിതകാലം മുഴുവന്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കും. കാരണം അദ്ദേഹം അസാധാരണ കഴിവുള്ള, സ്വാഭാവിക നടനാണ്. കഴിവിനപ്പുറം നടനും സംവിധായകനും ഇടയില്‍ ഒരു ബന്ധം ഉണ്ടായിരിക്കണം. ലാലേട്ടന്‍ സംവിധായകന്‍റെ നടനാണ്. അദ്ദേഹം തന്‍റെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാന്‍ മടികാണിക്കാറില്ല. പക്ഷേ, ആത്യന്തികമായി എഴുത്തുകാരനെയും സംവിധായകനെയും ആ മഹാനടന്‍ ബഹുമാനിക്കുന്നു. ലാലേട്ടന്‍ സംവിധായകനായി സ്വയം സമര്‍പ്പണം നടത്തുന്ന നടനാണ്. അത്തരമൊരു നടനെ ലഭിക്കുന്നത് അനുഗ്രഹമാണ്. അതുകൊണ്ടാണ് ബോളിവുഡിലെയും മറ്റു വ്യവസായങ്ങളിലെയും ചലച്ചിത്ര പ്രവര്‍ത്തകര്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നത്.

 

K-Rail Survey

വലതു വശത്തെ കള്ളന്‍- ഉടന്‍ തിയറ്ററുകളില്‍...

വലതു വശത്തെ കള്ളന്‍, മിറാഷില്‍നിന്നു വ്യത്യസ്തമായി, വളരെ വൈകാരികമായ ത്രില്ലറാണ്. ഞാന്‍ ഓരോ സിനിമയെയും വ്യത്യസ്തമായി സമീപിക്കുന്നു. ത്രില്ലര്‍ വിഭാഗത്തില്‍ പോലും! എപ്പോഴും, പുതിയ എന്തെങ്കിലും കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. തീര്‍ച്ചയായും എന്‍റെ ചിത്രങ്ങളില്‍നിന്നു വളരെ വ്യത്യസ്തമായ കാഴ്ചയുടെ ലോകമായിരിക്കും വലതു വശത്തെ കള്ളന്‍. ചിത്രത്തിന്‍റെ തിരക്കഥ ഡിനു തോമസ് ഈലന്‍ ആണ് ഒരുക്കിയിരിക്കുന്നത്. കൂദാശ എന്ന ജനപ്രിയ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് കൂടിയാണ് ഡിനു.

ട്വിസ്റ്റുകളുടെ പേരില്‍ മിറാഷ് നേരിട്ട രൂക്ഷ വിമർശനം..

മിറാഷ് ഒരു പരീക്ഷണാത്മക സിനിമയാണ്. ഈ സിനിമ നിര്‍മിക്കാന്‍ ഞാനും നിര്‍മാതാക്കളും തീരുമാനിച്ചപ്പോള്‍, അതില്‍ ഒരു അപകടസാധ്യതയുണ്ടെന്നു പൂര്‍ണമായി ബോധ്യമുണ്ടായിരുന്നു. ബോളിവുഡില്‍ നിര്‍മിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ലണ്ടനില്‍ ചിത്രീകരിക്കാനായിരുന്നു തീരുമാനം. അതിനുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. തുടക്കത്തില്‍, മനോജ് ഖത്രിയും ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. നിരവധി ബോളിവുഡ് നടിമാര്‍ നായികാ വേഷം ചെയ്യാന്‍ താാറായെങ്കിലും നടന്മാര്‍ അഭിനയിക്കാന്‍ വിസമ്മതിച്ചു.

കഥാപാത്രങ്ങളിലൂടെയോ സാഹചര്യങ്ങളിലൂടെയോ അല്ലാതെ മറ്റാരും കാണാത്ത ഒരു രണ്ടാം മുഖം നമുക്കെല്ലാവര്‍ക്കുമുണ്ട്. ഈ സിനിമയില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് അതാണ്. ചിതത്തിന്‍റെ ടാഗ് ലൈനും അതാണ് പറയാന്‍ ശ്രമിച്ചത്. ഒരു മരീചിക പോലെ... നമ്മള്‍ കഥാപാത്രങ്ങളോട് അടുക്കുമ്പോള്‍, അവ മാറിക്കൊണ്ടേയിരിക്കുന്നു. സിനിമയിലെ ഓരോ പ്രധാന കഥാപാത്രവും രൂപാന്തരപ്പെടുമ്പോള്‍, ഈ മാറ്റങ്ങള്‍ സ്വാഭാവികമായും ട്വിസ്റ്റുകളായി പരിണമിച്ചു. എന്‍റേതായി ഒരു സിനിമ പുറത്തിറങ്ങുമ്പോള്‍ പ്രേക്ഷകര്‍ ട്വിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. കഥ പ്രവചനാതീതമാണെന്നു പലരും പറഞ്ഞു. ഞങ്ങള്‍ക്ക് അതിനെക്കുറിച്ച് അറിയാമായിരുന്നു. ചില കാര്യങ്ങള്‍ പ്രവചനാതീതമാണെന്ന് പൂര്‍ണ ബോധ്യവുമുണ്ടായിരുന്നു. ക്ലൈമാക്സിലായിരുന്നു ഞങ്ങളുടെ തികഞ്ഞ ശ്രദ്ധ. യഥാര്‍ഥ വിമര്‍ശനങ്ങളെ ഞാന്‍ എപ്പോഴും ഗൗരവമായി കാണുന്നു. പലരോടും ഞാന്‍ അഭിപ്രായം ചോദിച്ചു. പലരും 'അത് പ്രവചനാതീതമായിരുന്നു' എന്നു പറഞ്ഞു.

ബോളിവുഡ് നടന്മാര്‍ അഭിനയിക്കാന്‍ വിസമ്മതിച്ചു, കാരണം ഇതൊക്കെയാണ്...

പ്രമുഖ ബോളിവുഡ് നടന്മാര്‍ മിറാഷിനെ നിരസിച്ചതിന്‍റെ കാരണം ക്ലൈമാക്സ് ആണ്. നായകന് നെഗറ്റീവ് ടച്ച് ഉള്ളതുകൊണ്ടാണ് പലരും അഭിനയിക്കാന്‍ വിസമ്മതിച്ചത്. സാധാരണയായി, ഒരു നായകനെ നെഗറ്റീവ് ആയി കാണിക്കുമ്പോള്‍, ആ കഥാപാത്രത്തെ വെള്ളപൂശുകയോ അയാളുടെ പ്രവൃത്തികളെ ന്യായീകരിക്കുകയോ ചെയ്യാറുണ്ട്. മിറാഷില്‍ അങ്ങനെ ചെയ്തില്ല, അയാള്‍ തീര്‍ത്തും ഒരു വില്ലന്‍ മാത്രമാണ്. സൃഷ്ടിപരമായ വിമര്‍ശനങ്ങളെ ഞാന്‍ അതിന്‍റെ പൂര്‍ണ അര്‍ഥത്തില്‍ സ്വീകരിക്കാറുണ്ട്. എന്‍റെ വരുംകാല സിനിമകളില്‍ ഞാന്‍ ശ്രദ്ധിക്കുകയും മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും.

എനിക്ക് പകരം എന്‍റെ അസിസ്റ്റന്‍റ് ഡയറക്ടര്‍മാരില്‍ ആരെങ്കിലും മിറാഷ് സംവിധാനം ചെയ്തിരുന്നെങ്കില്‍, സ്വീകരണം വ്യത്യസ്തമാകുമായിരുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു. എന്‍റെ പേര് പ്രതീക്ഷകള്‍ നിറഞ്ഞതായതിനാല്‍, സിനിമ കൂടുതല്‍ സൂക്ഷ്മപരിശോധനയ്ക്കു വിധേയമായി. പക്ഷേ, എനിക്ക് ആ വെല്ലുവിളികള്‍ ഇഷ്ടമാണ്. തുടര്‍ച്ചയായ വിജയം ഞാന്‍ പ്രതീക്ഷിക്കുന്നില്ല. പരാജയങ്ങള്‍ ചലച്ചിത്ര ജീവിതത്തിന്‍റെ ഭാഗമാണ്. മിറാഷില്‍, ഓരോ കഥാപാത്രത്തിനും ഒന്നിലധികം തലങ്ങളുണ്ടായിരുന്നു, അത് സ്വാഭാവികമായും നിരവധി ട്വിസ്റ്റുകളിലേക്കു നയിച്ചു. അവയൊന്നും വെറുതെ ചേര്‍ത്തതല്ല.

മിറാഷിനെക്കുറിച്ച് മറ്റൊരു കാര്യം, കഥാപാത്രങ്ങളില്‍ വൈകാരികമായ ആഴം വളരെ കുറവാണ് എന്നതാണ്. വൈകാരികതലങ്ങളുള്ള ഒരേയൊരു കഥാപാത്രം അപര്‍ണ ബാലമുരളിയുടേതാണ്. പക്ഷേ അതുപോലും അവസാനം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു.

Tags : Jeethu Joseph Mohanlal Director Georgekutty Drishyam Drishyam 3 Mirage crime thriller jeethu joseph movie malayalam cinema

Recent News

Up