കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ആഗോളതലത്തിൽ ശ്രദ്ധേയനായ കന്നഡ സൂപ്പർതാരം യാഷിന്റെ ജന്മദിനം പ്രമാണിച്ച് ആരാധകർ വലിയ ആവേശത്തിലാണ്.
ജനുവരി എട്ടിന് താരത്തിന്റെ പിറന്നാൾ ആഘോഷിക്കുമ്പോൾ, അന്ന് തന്നെ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്' എന്ന സിനിമയുടെ ട്രെയിലർ പുറത്തുവരുമെന്നാണ് സിനിമാലോകത്തെ സംസാരം.
മാർച്ച് 19ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രധാന അപ്ഡേറ്റിനായി ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ ത്രില്ലറിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.
നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി തുടങ്ങിയ പ്രമുഖ നടിമാർക്കൊപ്പം രുക്മിണി വസന്ത്, അക്ഷയ് ഒബ്റോയ്, സുദേവ് നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഡിസംബർ മുതൽ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ അണിയറപ്രവർത്തകർ പുറത്തുവിട്ടു തുടങ്ങിയിരുന്നു.
ഇത് ആരാധകരുടെ ആകാംക്ഷ വർധിപ്പിച്ചിട്ടുണ്ട്. കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയം ചിത്രീകരണം പൂർത്തിയാക്കുന്ന ടോക്സിക്, മലയാളം ഉൾപ്പെടെ ആറോളം ഭാഷകളിലാകും പ്രദർശനത്തിനെത്തുക.
കെജിഎഫ് രണ്ടാം ഭാഗത്തിന് ശേഷം യാഷ് വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണിത്. കെവിഎൻ പ്രൊഡക്ഷൻസും യാഷിന്റെ തന്നെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പിറന്നാൾ ദിനത്തിൽ ട്രെയിലർ കൂടി എത്തുന്നതോടെ ആഘോഷങ്ങൾ ഇരട്ടിയാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Tags : Yash Toxic ToxicMovie ToxicTheMovie RockingStarYash