ഗാന്ധിനഗർ: ഗുജറാത്തിൽ മുതലയെ തല്ലിക്കൊന്ന രണ്ട് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. ജനുവരി 17ന് കർജൻ താലൂക്കിലെ ചോർഭുജ് ഗ്രാമത്തിലായിരുന്നു സംഭവം.
സംഭവത്തിൽ വിത്തൽ നായക്, ബിപിൻ നായക് എന്നിവരെയാണ് വഡോദര അറസ്റ്റ് വനം വകുപ്പ് ചെയ്തതെന്ന് കർജൻ ഫോറസ്റ്റ് റേഞ്ച് ഓഫിസർ അറിയിച്ചു.
മുതലയെ തല്ലിക്കൊല്ലുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് അറസ്റ്റ് നടപടി. ജനവാസമേഖലയിൽ ഇറങ്ങിയ മുതലയെ വടികൊണ്ട് അടിക്കുന്നതും മറ്റു ചിലർ ടോർച്ച് ലൈറ്റ് ഉപയോഗിച്ച് പ്രതികളെ സഹായിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
തുടർന്ന് പ്രതികൾ ജഡം ഗ്രാമത്തിലെ കുളത്തിലേക്ക് എറിഞ്ഞു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താൻ വനം വകുപ്പ് അന്വേഷണം നടത്തിവരികയാണ്.
1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്ത് കർജൻ സബ് ജയിലിലേക്ക് അയച്ചതായി കർജൻ റേഞ്ച് ഫോറസ്റ്റ് ഓഫിസർ (ആർഎഫ്ഒ) ജയേഷ് റാത്തോഡ് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
അഞ്ച് വയസ് പ്രായമുള്ള മുതലയാണ് കൊല്ലപ്പെട്ടത്. മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ചാർജ് ഷീറ്റ് ഫയൽ ചെയ്തത്.
Tags : Gujarat men beat crocodile stick death arrest