പാറ്റ്ന: സോഷ്യല്‍ മീഡിയയിലൂടെ പരസ്യം നല്കി പുരുഷന്മാരെ വലയിലാക്കാന്‍ 'ഓള് ഇന്ത്യ പ്രെഗ്നന്റ് ജോബ്' എന്ന പേരില്‍ സൈബര്‍ തട്ടിപ്പ്. കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണിയാക്കിയാല്‍ 10 മുതല്‍ 15 ലക്ഷം രൂപ വരെ പ്രതിഫലം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ഈ തട്ടിപ്പ് നടത്തുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ പരസ്യങ്ങളിലൂടെയാണ് യുവാക്കളെയും തൊഴിലില്ലാത്തവരെയും ആകര്‍ഷിക്കുന്നത്.
പ്രധാനമായും ബിഹാറിലാണ് ഈ തട്ടിപ്പിന്റെ ഇരകള്‍ കൂടുതലുള്ളത്. ബിഹാറിലെ നസ്രിഗഞ്ച്, കഹുവാര തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് ഗ്യാംഗുകള്‍ പ്രവര്‍ത്തിക്കുന്നത്. ബിഹാര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ നിരവധി ഗ്യാംഗുകളെ തകര്‍ത്തു. എട്ട് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തതെന്നും എന്നാല്‍ പ്രധാന കുറ്റവാളി ഇപ്പോഴും ഒളിവിലാണെന്നും പോലീസ് പറയുന്നു.
തുടക്കത്തില്‍ 799 രൂപ പോലുള്ള ചെറിയ 'രജിസ്ട്രേഷന് ഫീസ്' ആവശ്യപ്പെടും. പിന്നീട് 'സെക്യൂരിറ്റി ഡെപ്പോസിറ്റ്', 'കോടതി രേഖകൾ', 'ജിഎസ്ടി ചാര്‍ജ്' എന്നിവയ്ക്കായി വന്‍ തുകകള്‍ ആവശ്യപ്പെട്ട് പണം തട്ടുന്നതുമാണ് രീതി. ഇതിനൊപ്പം ഇരകളുടെ ആധാർ, പാന്‍ കാര്‍ഡ്, ഫോട്ടോകള്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയും, വ്യാജ രേഖകള്‍ ഉണ്ടാക്കി ഭീഷണിപ്പെടുത്തി കൂടുതല്‍ പണം തട്ടുകയും ചെയ്യും.
യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു ജോലിയോ സ്ത്രീകളോ പണമോ ഒന്നുമില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇത് പൂര്‍ണമായും തട്ടിപ്പാണെന്നും സ്ത്രീകളെ ഗര്‍ഭിണിയാക്കുന്നതിനുള്ള ഏത് ഔദ്യോഗിക ക്രമീകരണവും നിയമവിരുദ്ധമാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
'നിയമപരമായി പ്രവര്‍ത്തിക്കുന്ന തൊഴിലുടമകള്‍ ഒരിക്കലും രജിസ്ട്രേഷന് ഫീസോ പ്രോസസിംഗ് ഫീസോ ആവശ്യപ്പെടില്ല. അസാധാരണമായ ഉയര്‍ന്ന പ്രതിഫലം വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങള്‍ ഒഴിവാക്കണമെന്നും. സംശയമുണ്ടെങ്കില്‍ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പ്രാദേശിക പോലീസിലോ പരാതിപ്പെടണമെന്നും പോലീസ് മുന്നറിയിപ്പ് നല്കി.
Tags : Cyber Scam Bihar Pregnancy scam Police