പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണും. എട്ടരയോടെ ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങും. 46 കൗണ്ടിംഗ് കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.
എക്സിറ്റ് പോൾ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിലാണ് എൻഡിഎ മുന്നണി. നിതീഷകുമാർ അഞ്ചാം വട്ടവും മുഖ്യമന്ത്രിയാകുമെന്ന് എൻഡിഎ ഉറപ്പിക്കുന്നു. 243 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 122 പേരുടെ പിന്തുണയാണ്. എൻഡിഎ വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് എല്ലാ ഏജൻസികളും പ്രവചിക്കുന്നു.
അതേസമയം, ബിഹാറിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണെന്നും എൻഡിഎയ്ക്കു മുൻതൂക്കമുണ്ടെന്നുമാണ് ആക്സിസ് മൈ ഇന്ത്യ പ്രവചനം. ഇന്ത്യ മുന്നണി സർക്കാർ അധികാരത്തിലെത്തുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു.
രണ്ടു ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിൽ 67.13 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഉയർന്ന പോളിംഗ് തങ്ങളെ തുണയ്ക്കുമെന്നാണ് ഇന്ത്യ മുന്നണിയുടെ പ്രതീക്ഷ. സ്ത്രീകളുടെ പോളിംഗ് ശതമാനം 71.78 ശതമാനമാണ്; പുരുഷന്മാരുടേത് 62.98 ശതമാനവും. സുപോൾ ജില്ലയിൽ 83.69 ശതമാനം സ്ത്രീകൾ വോട്ട് ചെയ്തപ്പോൾ പുരുഷന്മാരുടെ ശതമാനം 62.98 ആണ്.
Tags : Bihar Assembly Election BJp Congress RJD