ന്യൂഡൽഹി: ഇന്ത്യ-യുഎസ് ബന്ധം പ്രക്ഷുബ്ധമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും എല്ലാ ദിവസവും പുത്തൻ വെല്ലുവിളിയാണെന്നും കോൺഗ്രസ്. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 500 ശതമാനം തീരുവ ചുമത്താനുള്ള ബില്ലിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്തുണച്ച സാഹചര്യത്തിലാണ് പരാമർശം.
ട്രംപിന്റെ അടുപ്പക്കാരനായ സെനറ്റർ ലിൻഡ്സേ ഗ്രഹാം ഇന്ത്യക്കു ദോഷകരമാകുന്ന ബിൽ പാസാക്കാൻ ശ്രമിക്കുകയാണ്. നേരത്തെ, പുറംകരാർ ഇടപാടുകളുമായി ബന്ധപ്പെടുന്ന അമേരിക്കൻ കന്പനികൾക്കു മേൽ 25 ശതമാനം നികുതി ഏർപ്പെടുത്താനുള്ള ബില്ല് സെനറ്റർ ബെർണി മൊറേനോയും അവതരിപ്പിച്ചിരുന്നുവെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു.
ഇതിനുപുറമേ, പാക് സൈനിക മേധാവി അസിം മുനീറിനെ ട്രംപ് പുകഴ്ത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, റഷ്യൻ എണ്ണ വാങ്ങി യുക്രെയ്ൻ അധിനിവേശത്തെ സഹായിക്കുന്നവരെ ശിക്ഷിക്കാൻ പ്രസിഡന്റ് ട്രംപിനു പുതിയ നിയമത്തിലൂടെ സാധിക്കുമെന്ന് ലിൻഡ്സേ ഗ്രഹാം ബുധനാഴ്ച പറഞ്ഞിരുന്നു.