ഹൈദരാബാദ്: തെലുങ്കാന മുനിസിപ്പിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഉജ്വല വിജയം. 116 മുനിസിപ്പാലിറ്റികളിലേക്കും ഏഴു കോർപറേഷനുകളിലേക്കും ഏഴു നഗരസഭകളിലേക്കുമാണു തെരഞ്ഞെടുപ്പ് നടന്നത്. മുനിസിപ്പാലിറ്റികളിലെ 2582 വാർഡുകളിൽ കോൺഗ്രസ് 1300ലേറെ വാർഡുകളിൽ വിജയിച്ചു. ബിആർഎസ് 700ഉം ബിജെപി 275ഉം വാർഡുകളിൽ വിജയിച്ചു.
ഏഴു കോർപറേഷനുകളിൽ മൂന്നെണ്ണത്തിൽ കോൺഗ്രസ് ഭരണം പിടിച്ചു. കോതഗുഡം കോർപറേഷനിൽ കോൺഗ്രസും സിപിഐയും തമ്മിലായിരുന്നു മത്സരം. കരിംനഗർ, നിസാമാബാദ് കോർപറേഷനുകളിൽ ബിജെപി വലിയ ഒറ്റക്കക്ഷിയായി. നാൽപ്പതോളം മുനിസിപ്പാലിറ്റികളിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ല.
കോൺഗ്രസ് 83 മുനിസിപ്പാലിറ്റികളിലും അഞ്ചു കോർപറേഷനുകളിലും ഭരണം പിടിച്ചെന്ന് ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക അവകാശപ്പെട്ടു. ബിആർഎസ് പതിനഞ്ചിലേറെ മുനിസിപ്പാലിറ്റികളിൽ ഭരണം ഉറപ്പിച്ചെന്നും പതിനഞ്ചോളം മുനിസിപ്പാലിറ്റികളിൽ വലിയ ഒറ്റക്കക്ഷിയായെന്നും ബിആർഎസ് വർക്കിംഗ് പ്രസിഡന്റ് കെ.ടി.രാമറാവു അവകാശപ്പെട്ടു.
കരിംനഗർ കോർപറേഷനിൽ ബിജെപിയാണു വലിയ ഒറ്റക്കക്ഷി. നാലു കോർപറേഷനുകളിലെ 22 വാർഡുകളിലും 15 മുനിസിപ്പാലിറ്റികളിലെ 40 വാർഡുകളിലും എഐഎംഐഎം വിജയിച്ചു.
തങ്ങളുടെ പരന്പരാഗത ശക്തികേന്ദ്രമായ കോത്തഗുഡത്ത് സിപിഐ 22 സീറ്റ് നേടി കരുത്ത് തെളിയിച്ചു. കോർപറേഷനിൽ ആകെ 60 സീറ്റാണുള്ളത്. കോത്തഗുഡം എംഎൽഎയും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ കെ. സാംബശിവ റാവുവാണ് പ്രചാരണം നയിച്ചത്. കോൺഗ്രസിനും 22 സീറ്റുണ്ട്. ബിആർഎസ് എട്ടിടത്തു വിജയിച്ചു. സിപിഎം, ബിജെപി പാർട്ടികൾ ഓരോ സീറ്റ് നേടി. ആറിടത്ത് സ്വതന്ത്രർ വിജയിച്ചു. സിപിഐക്ക് പിന്തുണയുമായി ബിആർഎസ് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് കോതഗുഡം കോർപറേഷനാക്കി ഉയർത്തിയത്.
Tags : Telangana Congress wins victory Local Body election