ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത് ഹ്യുണ്ടായ് ഐ20 കാറെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.
'വൈകുന്നേരം ഏഴോടെ ചെങ്കോട്ടയ്ക്ക് സമീപമുള്ള സുഭാഷ് മാർഗ് ട്രാഫിക് സിഗ്നലിൽ വച്ച് ഹ്യൂണ്ടായ് ഐ20 കാറാണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ ചിലർ മരിക്കുകയും നിരവധി കാൽനടയാത്രക്കാക്ക് പരിക്കേൽക്കുകയും നിരവധി വാഹനങ്ങൾ തകരുകയും ചെയ്തു'- അമിത് ഷാ പറഞ്ഞു.
അതേസമയം, സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ പ്രധാന കേന്ദ്രങ്ങളിൽ പോലീസ് സുരക്ഷ കൂട്ടി. കേരളത്തിൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പരിശോധന നടത്താനും ഡിജിപി രവാഡ ചന്ദ്രശേഖർ നിർദേശം നൽകി.
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും കോഴിക്കോട് റെയിൽവേ സ്റ്റേഷനിലുമുൾപ്പെടെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം പരിശോധന നടക്കുകയാണ്. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തുന്നത്.റെയിൽവേ സ്റ്റേഷന് അകത്തും പാർക്കിംഗ് ഏരിയയിലുമാണ് പരിശോധന നടത്തുന്നത്.
കേരളത്തിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആരാധനാലയങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ജാഗ്രത വേണം, റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന വേണമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് നിർദേശം നൽകി. ജില്ലാ പോലീസ് മേധാവിമാർ ഇത് നടപ്പിലാക്കണമെന്നും ഡിജിപി നിർദേശം നൽകി.
Tags : Delhi Red Fort Blast Hyundai i20 death amithshah police