പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ മഹാസഖ്യം ആയിരിക്കും വിജയിക്കുകയെന്ന് വികാശീൽ ഇൻസാൻ പാർട്ടി അധ്യക്ഷനും മഹാസഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർഥിയുമായ മുകേഷ് സഹാനി. മികച്ച ഭൂരിപക്ഷത്തോടെയായിരിക്കും മഹാസഖ്യം അധികാരത്തിലെത്തുകയെന്നും മുകേഷ് പറഞ്ഞു.
"എൻഡിഎ വിജയിക്കുമെന്നാണ് അവർ പറയുന്നത്. അവർ കുറച്ച് ദിവസം കൂടി സ്വപ്നം കാണട്ടെ. 14ന് ഫലം വരുന്പോൾ മഹാസഖ്യം ആയിരിക്കും വിജയിക്കുക. അതാണ് നടക്കാൻ പോകുന്നത്.'- മുകേഷ് അവകാശപ്പെട്ടു.
ആദ്യഘട്ടത്തിലെ ഉയർന്ന പോളിംഗ് ശതമാനം പോലും ജനം മാറ്റം ആഗ്രഹിക്കുന്നതിന്റെ തെളിവാണെന്നും മുകേഷ് സഹാനി കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത സർക്കാരാണ് നിലവിൽ ബിഹാറിൽ ഉള്ളതെന്നും സഹാനി കുറ്റപ്പെടുത്തി.
ബിഹാർ നിയമസഭയിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം വ്യാഴാഴ്ചയാണ് നടന്നത്. 64.66 % പേരാണ് വോട്ട് ചെയ്തത്. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ.
Tags : bihar election mukesh sahani grand alliance vip party congress rjd tejaswi yadav nda bjp jdu ljp ramvilas voter turnout poll percent