ബംഗളൂരു: കർണാടകയിൽ മെഡിക്കൽ വിദ്യർഥിനി ജീവനൊടുക്കി. യശ്വസിനി എന്ന പെൺകുട്ടിയെയാണ് ബംഗളൂരുവിലെ ചന്ദപുരയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ അധ്യാപകർക്കെതിരെ ആരോപണവുമായി യശസ്വിനിയുടെ മാതാപിതാക്കൾ രംഗത്തെത്തി. യശസ്വിനിയെ സഹപാഠികളുടെ മുന്നിൽ വച്ച് അധ്യാപകർ അപമാനിച്ചുവെന്നും അവളുടെ നിറത്തെക്കുറിച്ചും വസ്ത്രത്തെക്കുറിച്ചും മോശം പരാമർശം നടത്തിയെന്നും ബന്ധുക്കൾ ആരോപിച്ചു.
ഒരിക്കൽ കണ്ണിന് വേദനയുണ്ടെന്ന് പരാതിപ്പെട്ടപ്പോൾ അധ്യാപകൻ അശ്ലീല ഭാഷ ഉപയോഗിച്ചതായും ആരോപണമുണ്ട്. യശസ്വിനിക്ക് സെമിനാറുകളിൽ പങ്കെടുക്കാൻ അനുമതി നിഷേധിച്ചുവെന്നും ബന്ധുക്കൾ പറഞ്ഞു.
യുവതിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോളജ് പ്രിൻസിപ്പൽ ഉൾപ്പെടെ അഞ്ച് അധ്യാപകർക്കെതിരെ സൂര്യനഗർ പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
Tags : Medical Student Suicide Bengaluru College case