പാറ്റ്ന: 18-ാം ബിഹാർ നിയമസഭയുടെ സ്പീക്കറായി പ്രേം കുമാർ തെരഞ്ഞെടുക്കപ്പെട്ടു. ഗയാജി മണ്ഡലത്തിൽ നിന്നു വിജയിച്ച ബിജെപി എംഎൽഎയാണ് അദ്ദേഹം. എതിരില്ലാതെയാണ് പ്രേം കുമാർ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്.
പ്രേം കുമാറിനെ സ്പീക്കറാക്കണമെന്ന ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ പ്രമേയം സഭ ശബ്ദ വോട്ടോടെ പാസാക്കുകയായിരുന്നു. തുടർന്ന്, മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ചേർന്നു പ്രേം കുമാറിനെ സ്പീക്കർ ഡയസിലേക്ക് ആനയിച്ചു.
പ്രോടേം സ്പീക്കർ നരേന്ദ്ര നാരായൺ യാദവിന്റെ നേതൃത്വത്തിലായിരുന്നു സഭാ നടപടികൾ. തിങ്കളാഴ്ചയാണ് 18-ാം നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ തിങ്കളാഴ്ച എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. പ്രോടേം സ്പീക്കറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറുടെ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കുമെന്ന് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പ്രേം കുമാർ പ്രഖ്യാപിച്ചു.
Tags : bihar legislative assembly speaker prem kumar bjp leader elected nitish kumar tejaswi yadav