ഹൈദരാബാദ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരിൽ ഹൈദരാബാദിൽ റോഡ് വരുന്നു. ഹൈദരാബാദിലെ സാന്പത്തിക ജില്ലയായ നനാക്രാംഗുഡയിലെ യുഎസ് കോൺസുലേറ്റ് ജനറൽ ബിൽഡിംഗിനു സമീപമുള്ള റോഡാണ് ഡോണൾഡ് ട്രംപ് അവന്യൂ എന്നപേരിൽ ഇനി അറിയപ്പെടുക. ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെയും ഡൽഹിയിലെ യുഎസ് എംബസിയെയും അറിയിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
നഗരപ്രാന്തത്തിലെ രാവിര്യാലയിലെ നെഹ്റു ഔട്ടർ റിംഗ് റോഡിനെയും നിർദിഷ്ട റേഡിയൽ റിംഗ് റോഡിനെയും ബന്ധിപ്പിച്ചുകൊണ്ട് നിർമിക്കുന്ന ഗ്രീൻ ഫീൽഡ് റോഡിന് അന്തരിച്ച വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ പേരിടാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ടാറ്റാ ഇന്റർചേഞ്ച് എന്നായിരിക്കും ഈ റോഡ് അറിയപ്പെടുക.
കൂടാതെ, ഗൂഗിൾ മാപ്സിന്റെയും ഗൂഗിൾ കോർപറേഷന്റെയും ആഗോള സ്വാധീനവും സംഭാവനയും അംഗീകരിച്ചുകൊണ്ട് ഹൈദരാബാദ് നഗരത്തിലെ ഒരു പ്രധാന ഭാഗത്തിന് ‘ഗൂഗിൾ സ്ട്രീറ്റ്’ എന്നു പേരിടും. അമേരിക്കയ്ക്കു പുറത്തുള്ള ഗൂഗിളിന്റെ ഏറ്റവും വലിയ കാമ്പസായി മാറാൻ പോകുന്ന ഹൈദരാബാദിലെ സാന്പത്തിക ജില്ലയിലെ വരാനിരിക്കുന്ന കാമ്പസിലൂടെയുള്ള റോഡിനും കന്പനിയുടെ പേര് നൽകും.
ആഗോള ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റിന്റെയും വിപ്രോയുടെയും പേരുകൾ നഗരത്തിലെ പ്രധാന രണ്ട് ജംഗ്ഷനുകൾക്ക് ഇടാനും സർക്കാർ ആലോചിക്കുന്നുണ്ട്. വിശിഷ്ട വ്യക്തികളെയും കമ്പനികളെയും ആദരിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി കൂടുതൽ റോഡുകൾ അവർക്കായി സമർപ്പിക്കുന്നതും സർക്കാരിന്റെ പരിഗണയിലാണ്.
Tags : Road named Trump Telangana national news