ബംഗളൂരു: മുഖ്യമന്ത്രിസ്ഥാനത്തു തുടരുമെന്നും ഭാവിയിൽ ബജറ്റുകൾ അവതരിപ്പിക്കുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ആശംസകളെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചു. നേതൃമാറ്റത്തിനായി ശിവകുമാർ പക്ഷം ഹൈക്കമാൻഡിനുമേൽ സമ്മർദം ചെലുത്തവേയാണ് സിദ്ധരാമയ്യയുടെ പരാമർശം.
നേതൃമാറ്റം സംബന്ധിച്ച് പരസ്യപ്രസ്താവന നടത്തരുതെന്ന് കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല എംഎൽഎമാർക്കു മുന്നറിയിപ്പ് നല്കി.
ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് 15 എംഎൽഎമാരും ഒരു ഡസൻ എംഎൽസിമാരും ഡൽഹിയിൽ ക്യാന്പ് ചെയ്യുകയാണ്. രണ്ടര വർഷം കഴിയുന്പോൾ മുഖ്യമന്ത്രിസ്ഥാനം ശിവകുമാറിനു കൈമാറാമെന്ന് കരാറുണ്ടെന്നാണ് അനുയായികൾ പറയുന്നത്.
‘മുഖ്യമന്ത്രിസ്ഥാനത്ത് അഞ്ചു വർഷം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞാൻ അദ്ദേഹത്തിന് ആശംസ നേരുന്നു. ഞങ്ങൾ ഒരുമിച്ചു പ്രവർത്തിക്കും. ഗ്രൂപ്പിസത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. സംസ്ഥാനത്തെ 140 എംഎൽഎമാരുടെയും പ്രസിഡന്റാണ് ഞാൻ’. -ഡി.കെ. ശിവകുമാർ പറഞ്ഞു.
ഡൽഹിയിൽ എംഎൽഎമാർ ക്യാന്പ് ചെയ്യുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ, മന്ത്രിസ്ഥാനം മോഹിക്കുന്നവർ ഡൽഹി സന്ദർശിക്കുന്നതു സ്വാഭാവികമാണെന്നായിരുന്നു ശിവകുമാറിന്റെ മറുപടി. ആരെയും ഡൽഹിയിലേക്കു വിളിപ്പിച്ചിട്ടില്ലെന്നും സ്വമേധയാ പോയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗളൂരു സെൻട്രൽ ജയിലിലുള്ള കോൺഗ്രസ് എംഎൽഎമാരായ വിനയ് കുൽക്കർണി, കെ.സി. വീരേന്ദ്ര എന്നിവരെ ഇന്നലെ ശിവകുമാർ സന്ദർശിച്ചു. കൊലക്കേസിലാണ് കുൽക്കർണി ജയിലിലായത്.കള്ളപ്പണം വെളുപ്പിക്കൽ കേസാണ് വീരേന്ദ്രയ്ക്കെതിരേയുള്ളത്.
Tags : Siddaramaiah Shivakumar Karnadaka CM