പാറ്റ്ന: പോളിംഗ്ബൂത്തുകളിലെ സ്ത്രീകളുടെ നീണ്ടനിരയാകാം ബിഹാറിൽ ഒരുപക്ഷേ ഇത്തവണ എൻഡിഎയുടെ ചരിത്രവിജയത്തിന്റെ രാസത്വരകമായത്. ഏഴ് ജില്ലകളിൽ പുരുഷവോട്ടർമാരുടെ എണ്ണത്തേക്കാൾ 14 ശതമാനം അധികമായിരുന്നു സ്ത്രീവോട്ടർമാരുടെ സാന്നിധ്യമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ കണക്കുകൾ പറയുന്നു. മറ്റ് പത്ത് ജില്ലകളിലാകട്ടെ ഈ വ്യത്യാസം പത്ത് ശതമാനത്തിലും അധികമാണ്.
എൻഡിഎ സഖ്യത്തിന്റെ വിജയം ഉറപ്പായതോടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പാട്ടും നൃത്തവുമായി തെരുവിലിറങ്ങിയ സ്ത്രീകൾ ഹോളിയെ മറികടക്കുംവിധം വർണങ്ങൾ വാരിവിതറുകയാണ്. “ഞങ്ങൾ ബഹാറികളാണ്, ഞങ്ങൾ സംസ്കാരസന്പന്നരാണ്, ഒപ്പം ഭാരിച്ച ഉത്തരവാദിത്വം വഹിക്കുന്നവരുമാണ്...” ഒരു ബിജെപി പ്രവർത്തക ഉറക്കെ പാടി.
എന്തുകൊണ്ട് എൻഡിഎയ്ക്ക് വോട്ട് ചെയ്തുവെന്ന് ചോദ്യത്തിന് ഞങ്ങൾക്കു കുടിവെള്ളം ഉറപ്പാക്കിയ, റോഡുകളും പാലങ്ങളും സമ്മാനിച്ച മുടങ്ങാതെ റേഷൻ എത്തിക്കുന്നവർക്ക് എന്തിന് വോട്ട് ചെയ്യാതിരിക്കണം എന്ന മറുചോദ്യമായിരുന്നു ഉത്തരം. രണ്ടു പതിറ്റാണ്ടോളം നീണ്ട നിതീഷ് കുമാർ ഭരണം സ്ത്രീ വോട്ടർമാരെ സർക്കാരിനൊപ്പം നിർത്തുന്നതിൽ നിർണായകമായെന്ന് ഒരു പ്രമുഖ എൻഡിഎ നേതാവും വിലയിരുത്തി. ജാതി-മത പരിഗണനകൾക്കതിതമായി സ്ത്രീകൾ സർക്കാരിനെ പിന്തുണച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്നതിനു തൊട്ടുമുന്പാണ് ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിന് 1.21 കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 10,000 രൂപ സർക്കാർ കൈമാറിയത്. വിജയിക്കുന്ന സംരംഭകർക്ക് രണ്ടുലക്ഷം രൂപകൂടി നൽകുമെന്ന വാഗ്ദാനവും നൽകി.
2016 ൽ മദ്യനിരോധനം കൊണ്ടുവന്നതും നിതീഷിനൊപ്പം നിൽക്കാൻ സ്ത്രീകളെ പ്രേരിപ്പിച്ചു. പാവപ്പെട്ട കുടുംബങ്ങളിലും പിന്നാക്ക വിഭാഗങ്ങളിലും പുരുഷന്മാരുടെ മദ്യപാനം ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്ന സാമൂഹ്യാന്തരീക്ഷമായിരുന്നു ബിഹാറിലേത്. മദ്യനിരോധനം പിൻവലിക്കുമെന്നു മഹാസഖ്യം നേതാക്കൾ സൂചന നൽകിയതും ഫലത്തിൽ എൻഡിഎയ്ക്കു നേട്ടമായി.
എൻഡിഎയ്ക്കു കീഴിൽ ഐക്യത്തോടെ സ്ത്രീകൾ അണിനിരന്നതോടെ സംസ്ഥാനത്തെ പ്രബലമായ ജാതിരാഷ്ട്രീയവും ദുർബലമായി. 243 അംഗ സഭയിൽ 67.13 ശതമാനം പേരാണ് ഇത്തവണ വോട്ട് ചെയ്തത്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ്. സ്ത്രീവോട്ടർമാരുടെ നിരക്ക് 71.78 ഉം പുരുഷന്മാരുടേത് 62,98 ഉം ആയിരുന്നു. പോളിംഗ് ബൂത്തിൽ എൻഡിഎയുടെ വിജയവും അതുവഴി ഉറപ്പായി.
Tags : Bihar Election NDA BJP Congress RJD