ഹൈദരാബാദ്: ഉന്നത മാവോയിസ്റ്റ് നേതാവ് ദേവ്ജി എന്നറിയപ്പെടുന്ന തിപ്പിരി തിരുപ്പതി തെലുങ്കാന പോലീസിനു മുന്പാകെ കീഴടങ്ങി. തെലുങ്കാനയിലെ ജഗ്തിയാൽ ജില്ലക്കാരനാണ് അറുപത്തിരണ്ടുകാരനായ ദേവ്ജി.
ദേവ്ജി കീഴടങ്ങിയതു മാവോയിസ്റ്റ് സംഘടനയ്ക്കു കനത്ത തിരിച്ചടിയായി. 2025 മേയിൽ കൊല്ലപ്പെട്ട ബസവരാജുവിനു പകരം സിപിഐ (മാവോയിസ്റ്റ്) ജനറൽ സെക്രട്ടറിസ്ഥാനം വഹിച്ചിരുന്നത് ദേവ്ജിയാണെന്നാണ് റിപ്പോർട്ട്. മുതിർന്ന മാവോയിസ്റ്റ് നേതാവ് മല്ല രാജി റെഡ്ഢിയും നിരവധി കേഡർമാരും കീഴടങ്ങി.
തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവാണ് ദേവ്ജി. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പിഎൽജിഎ) സ്ഥാപകനായ ദേവ്ജി സിപിഐ (മാവോയിസ്റ്റ്) സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗവും തുടർന്ന് പോളിറ്റ് ബ്യൂറോ അംഗവുമായി. ഛത്തീസ്ഗഡിലെ മാദിൽനിന്നു പ്രവർത്തിച്ചിരുന്ന സെൻട്രൽ മിലിട്ടറി കമ്മീഷന്റെ (സിഎംസി) ചുമതലയായിരുന്നു നിലവിൽ ദേവ്ജി വഹിച്ചിരുന്നത്.
Tags : Maoist Devji surrenders