പരവൂർ: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ നാലാം പതിപ്പ് (4.0) അടുത്ത വർഷം അവസാനത്തോടെ പുറത്തിറക്കാൻ റെയിൽവേ മന്ത്രാലയം പദ്ധതിയിടുന്നു. മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ളവയായിരിക്കും ഈ ട്രെയിനുകൾ.
2019 ഫെബ്രുവരിയിലാണ് വണ്ടേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ആദ്യ പതിപ്പ് രാജ്യത്ത് അവതരിപ്പിച്ചത്. തുടർന്ന് 2022 സെപ്തംബറിൽ രണ്ടാം പതിപ്പും 2025ന്റെ അവസാന പാദത്തിൽ മൂന്നാം പതിപ്പും ഇന്ത്യൻ റെയിൽവേ വിജയകരമായി പുറത്തിറക്കി.
വരാനിരിക്കുന്ന നാലാം പതിപ്പിനെ ലോകത്തിനെ തന്നെ ഏറ്റവും വേഗമേറിയ ട്രെയിനായി മാറ്റുക എന്ന ലക്ഷ്യത്തിലാണ് റെയിൽവേ മന്ത്രാലയം. അടുത്ത തലമുറയുടെ അതിവേഗ ട്രെയിൻ യാത്രയിൽ ഇന്ത്യൻ റെയിൽവേ നടത്തുന്ന ശ്രദ്ധേയമായ ചുവടുവയ് പായാണ് റെയിൽ മന്ത്രാലയം ഇതിനെ വിശേഷിപ്പിക്കുന്നത്.
2027 ന്റെ അവസാനം പുറത്തിറക്കാമെന്ന് പ്രതീക്ഷിക്കുന്ന വന്ദേഭാരത് നാലാം പതിപ്പ് സമർപ്പിത ഇടനാഴികളിൽ വളരെ ഉയർന്ന വേഗത്തിലുള്ള സഞ്ചാരം ഉറപ്പാക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.
വേഗം, സുരക്ഷ, യാത്രക്കാരുടെ സുഖസൗകര്യങ്ങൾ എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്യൻ റെയിൽവേ വന്ദേ ഭാരതിന്റെ നാലാം പതിപ്പ് വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ സർവീസായി പരിഗണിക്കുന്നത് അഹമ്മദാബാദ്-മുംബൈ റൂട്ടാണെന്നും സൂചനയുണ്ട്.
റെയിൽവേ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന വിവരം അനുസരിച്ച് വന്ദേഭാരത് നാലാം പതിപ്പ് ഇന്ത്യയുടെ തദ്ദേശീയ ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ കവച് 5.0 സജ്ജീകരിക്കാൻ വിഭാവനം ചെയ്യുന്നു. ഇത് സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.
ഇത് കൂടാതെ ദീർഘകാല വികസനത്തിന്റെ ഭാഗമായി 2047 ഓടെ രാജ്യത്തുടനീളം ഏകദേശം 4,500 വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് നടത്താനും മന്ത്രാലയം പദ്ധതികൾ തയാറാക്കിയിട്ടുണ്ട്.
Tags : Vande Bharat Speed india Train