ഫ്ലോറിഡ: 37 വർഷങ്ങൾക്ക് മുൻപത്തെ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട റൊണാൾഡ് ഹീത്തിന്റെ (65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പിലാക്കി. ചൊവ്വാഴ്ച വൈകുന്നേരം 6.12നാണ് മരണം സ്ഥിരീകരിച്ചത്.
ഗെയ്നെസ്വില്ലിൽ വച്ച് സെയിൽസ്മാനെ കൊലപ്പെടുത്തിയ കേസിലാണ് റൊണാൾഡ് ഹീത്തിന് വധശിക്ഷ നടപ്പാക്കിയത്. ഈ വർഷം ഫ്ലോറിഡയിൽ നടപ്പിലാക്കുന്ന ആദ്യത്തെ വധശിക്ഷയാണിത്.
ശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹീത്തിന്റെ അപേക്ഷ യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. 1989ൽ ബിസിനസ് ആവശ്യത്തിനായി ഗെയ്നെസ്വില്ലിലെത്തിയ മൈക്കൽ ഷെറിഡൻ (30) എന്നയാളെ റൊണാൾഡ് ഹീത്തും സഹോദരൻ കെന്നത്തും ചേർന്ന് കൊള്ളയടിക്കുകയും വെടിവച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
റൊണാൾഡ് ഹീത്തിന്റെ നിർദേശപ്രകാരമാണ് സഹോദരൻ കെന്നത്ത് ഷെറിഡനെ വെടിവച്ചത്. കെന്നത്തിന് ജീവപര്യന്തം തടവ് ലഭിച്ചപ്പോൾ, കൊലപാതകത്തിന്റെ സൂത്രധാരനായ റൊണാൾഡിന് വധശിക്ഷ വിധിക്കുകയായിരുന്നു.
ഇതിന് മുൻപും റൊണാൾഡ് ഹീത്ത് കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 1977ൽ കൗമാരക്കാരനെ കൊലപ്പെടുത്തിയതിന് 30 വർഷം ശിക്ഷ ലഭിച്ചെങ്കിലും പത്ത് വർഷത്തിന് ശേഷം ഇയാൾ ജയിൽ മോചിതനായിരുന്നു. പുറത്തിറങ്ങി ആറ് മാസത്തിനുള്ളിലാണ് ഇയാൾ മൈക്കൽ ഷെറിഡനെ കൊലപ്പെടുത്തിയത്.
വധശിക്ഷയ്ക്ക് സാക്ഷിയാകാൻ മൈക്കലിന്റെ സഹോദരൻ ടോം ഷെറിഡൺ ന്യൂയോർക്കിൽ നിന്നും ഫ്ലോറിഡയിൽ എത്തിയിരുന്നു. റൊണാൾഡിന് അന്ന് അർഹമായ ശിക്ഷ ലഭിച്ചിരുന്നെങ്കിൽ തന്റെ സഹോദരൻ ഇന്ന് ജീവനോടെ ഇരിക്കുമായിരുന്നു എന്നും ടോം പറഞ്ഞു.
Tags : Florida Ronald Heath Execution USA