ന്യൂയോർക്ക്: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) സംഘടിപ്പിച്ച "മുഖാമുഖം' പരിപാടിയിൽ സിനിമാ താരവും ബിജെപി നേതാവുമായ കൃഷ്ണകുമാർ അതിഥിയായി പങ്കെടുത്തു.
ഫേസ്ബുക്ക് ലൈവ് മുഖേന നടന്ന പരിപാടിയിൽ അമേരിക്കയിലുടനീളമുള്ള അംഗങ്ങളുടെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു. പരിപാടി ആത്മീയതയും സാമൂഹിക ബോധവത്കരണവും ചേർന്ന ഒരു അർഥവത്തായ വേദിയായി മാറി.
കെഎച്ച്എൻഎ കണക്ടിക്കട്ട് ആർവിപി ശ്രീലക്ഷ്മി അജയ് പ്രാർഥനാഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി സിനു നായർ അതിഥികളെ സ്വാഗതം ചെയ്ത് കൃഷ്ണകുമാറിനെ പരിചയപ്പെടുത്തി.
കെഎച്ച്എൻഎ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അധ്യക്ഷപ്രസംഗത്തിൽ സംഘടനയുടെ ദർശനവും വളർച്ചയും വിശദീകരിച്ചു. ആഗോള ഹിന്ദു സമൂഹത്തെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കെഎച്ച്എൻഎ നടത്തുന്ന ധാർമിക-സേവന പ്രവർത്തനങ്ങൾ, യുവജന പദ്ധതികൾ, സ്കോളർഷിപ്പ് പരിപാടികൾ, കേരള കൺവെൻഷൻ, 2027ലെ അമേരിക്കൻ കൺവെൻഷൻ തുടങ്ങിയ വിഷയങ്ങളും അദ്ദേഹം അവതരിപ്പിച്ചു.
സമൂഹത്തിന് പ്രചോദനമായ വ്യക്തികളെ പരിചയപ്പെടുത്തുന്ന വേദിയാണ് മുഖാമുഖം എന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് കൃഷ്ണകുമാർ തന്റെ 37 വർഷത്തിലധികം നീണ്ട സിനിമാ ജീവിതം, തിരുവനന്തപുരം കേന്ദ്രമായ കുടുംബ ജീവിതം, പൊതുപ്രവർത്തന യാത്ര എന്നിവയെക്കുറിച്ച് സംസാരിച്ചു.

രാജ്യത്തിന്റെ വികസനം, യുവതലമുറയുടെ ഉത്തരവാദിത്വങ്ങൾ, സാങ്കേതിക പുരോഗതിയുടെ സാമൂഹിക സ്വാധീനം എന്നിവയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും അദ്ദേഹം പങ്കുവെച്ചു.
തന്റെ നാല് മക്കളുടെ പേരുകളുടെ ആദ്യാക്ഷരങ്ങൾ ചേർത്ത് രൂപീകരിച്ച ഫൗണ്ടേഷൻ വഴി നടത്തുന്ന സേവനപ്രവർത്തനങ്ങൾ, ആദിവാസി മേഖലകളിലെ ശൗചാലയ നിർമാണം, ആവശ്യസാധനങ്ങളുടെ വിതരണം, വിദ്യാഭ്യാസ സഹായങ്ങൾ എന്നിവയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
കുട്ടികൾക്ക് രാമായണം, മഹാഭാരതം പോലുള്ള ഇതിഹാസങ്ങൾ പരിചയപ്പെടുത്തുന്നതിന് ചെറു വീഡിയോകൾ ഏറ്റവും ഫലപ്രദമാണെന്നും ഇത് സ്കൂൾ തലത്തിൽ പ്രാവർത്തികമാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിപാടിയിൽ കെഎച്ച്എൻഎ ഭാരവാഹികളായ വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ, ജോയിന്റ് ട്രഷറർ അപ്പുകുട്ടൻ പിള്ള, ഗോവിന്ദൻ കുട്ടി നായർ, സനൽ ഗോപി, അനഘ ഹരീഷ്, അനിത മധു, ശ്രീജിത്ത് ശ്രീനിവാസൻ, ഡോ. എ.കെ. പിള്ള എന്നിവർ സംസാരിച്ചു.
സമൂഹ ഐക്യം, വ്യക്തികളുടെ ഉത്തരവാദിത്വം, ധാർമിക മൂല്യങ്ങളുടെ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള സന്ദേശങ്ങളോടെയാണ് കൃഷ്ണകുമാർ തന്റെ പ്രസംഗം സമാപിപ്പിച്ചത്. ട്രഷറർ അശോക് മേനോൻ നന്ദിപ്രസ്താവനം നിർവഹിച്ചു.
പരിപാടിയുടെ പൂർണ വീഡിയോ Kerala Hindus of North America എന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ലഭ്യമാണ്.
Tags : KHNA MukhaMukam Programme USA