ന്യൂയോർക്ക്: കേരളത്തിലെ സാമ്പത്തിക പരാധീനതയനുഭവിക്കുന്ന വിദ്യാർഥികൾക്ക് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെക്കാലമായി കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ട്രസ്റ്റി ബോർഡിന്റെ നേതൃത്വത്തിൽ വർഷംതോറും നടപ്പാക്കി വരുന്ന പഠന സഹായ പദ്ധതിയുടെ 2026ലെ പ്രവർത്തനങ്ങൾക്ക് വിദൂര ദൃശ്യ മാധ്യമങ്ങളുടെ സഹായത്തോടെ ഔപചാരികമായി ശുഭാരംഭം കുറിച്ചു.
പ്രഫഷണൽ വിദ്യാഭ്യാസ രംഗത്ത് പഠന മികവ് പുലർത്തുന്നുവെങ്കിലും സാമ്പത്തിക പിന്നോക്കാവസ്ഥ നേരിടുന്ന വിദ്യാർഥികളെ കണ്ടെത്തി സഹായിക്കുക എന്ന ലക്ഷ്യത്തോടെ നാളിതുവരെ ഒന്നര കോടിയിലധികം രൂപയുടെ സാമ്പത്തിക സഹായം കെഎച്ച്എൻഎ കേരളത്തിലെ വിദ്യാർഥികൾക്കായി വിതരണം ചെയ്തിട്ടുണ്ട്.
സ്കോളർഷിപ്പുകൾക്ക് പുറമെ അനാഥാലയങ്ങൾ, ബാലസദനങ്ങൾ, ആതുരാലയങ്ങൾ, അവശത അനുഭവിക്കുന്ന കലാകാരന്മാർ, നിർധനരായ രോഗികൾ തുടങ്ങിയവർക്കായി കഴിഞ്ഞ വർഷം മാത്രം ഒരു കോടി രൂപയുടെ സഹായം സംഘടന നൽകി.
ഈ വർഷത്തെ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ശുഭാരംഭം, കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതിയും കലിഫോർണിയയിലെ ശങ്കര അദ്വൈതാശ്രമം ഓഫ് ഗ്ലോബൽ എൻലെെറ്റ്മെന്റ് അധ്യക്ഷനുമായ സ്വാമി ചിദാനന്ദപുരിയുടെ അനുഗ്രഹ പ്രഭാഷണത്തോടെ നടന്നു.
പ്രവാസ സംഘടനകൾ പരമ്പരാഗത പ്രവർത്തന ശൈലികളിൽ നിന്ന് മുന്നോട്ട് മാറി, മാറുന്ന തലമുറയുടെ ആവശ്യങ്ങൾ മനസിലാക്കി, നൂതന സാങ്കേതിക വിദ്യകളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സ്വാമി തന്റെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു.
കെഎച്ച്എൻഎ വിഭാവനം ചെയ്യുന്ന ദീർഘ കാല പദ്ധതികളെക്കുറിച്ചും അപേക്ഷിക്കുന്ന എല്ലാ അർഹരായ വിദ്യാർഥികൾക്കും സ്കോളർഷിപ്പ് നൽകാൻ കഴിയുന്ന തരത്തിൽ കൂടുതൽ സംഭാവനകൾ സമാഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ സ്വാഗത പ്രസംഗത്തിൽ സൂചിപ്പിച്ചു.
സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും 2027-ൽ ഫ്ലോറിഡയിൽ നടത്തപ്പെടുന്ന ആഗോള ഹൈന്ദവ സംഗമത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അധ്യക്ഷ പ്രസംഗം നടത്തി.
രജത ജൂബിലി പിന്നിട്ട കെഎച്ച്എൻഎ സനാതന ധർമ്മ പ്രചാരണത്തിലും മൂല്യാധിഷ്ഠിതമായി യുവാക്കളെ ശാക്തീകരിക്കുന്നതിലും പരമ്പരാഗത രീതികൾക്ക് അതീതമായി നിർമ്മിത ബുദ്ധി ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനായുള്ള നവീന പദ്ധതികൾ സംഘടന രൂപപ്പെടുത്തി വരുന്നതായും അദ്ദേഹം അറിയിച്ചു.
ഈ വർഷത്തെ വിദ്യാഭ്യാസ സഹായനിധി സമാഹരണ പ്രവർത്തനങ്ങൾ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് സംസ്കൃത വിഭാഗം പ്രഫ.ഡോ. ലക്ഷ്മി ശങ്കർ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നിന്നും സ്കോളർഷിപ്പിന്റെ ഗുണഭോക്താക്കളും രക്ഷിതാക്കളും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിൽ ഭാരതീയ പൗരാണിക വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ചും ആർഷ പരമ്പരയിലെ ഗുരുശിഷ്യ ബന്ധത്തെക്കുറിച്ചും സവിസ്തരം പ്രതിപാദിച്ചുകൊണ്ടു നടത്തിയ ഉൽഘാടന പ്രസംഗം വിജ്ഞാനപ്രദമായിരുന്നു.
സ്വാമി വിവേകാനന്ദന്റെ വിശ്വ പ്രസിദ്ധമായ ഷിക്കാഗോ സന്ദർശനത്തിൽ അനുവദിച്ചുകിട്ടിയ ആഡംബര പട്ടുമെത്ത ഉപേക്ഷിച്ചു നിലത്തുറങ്ങിയതിനു വികാര നിർഭരമായി സ്വാമി നൽകിയ വിശദീകരണം ഹൃദയസ്പർശിയായി അവർ പ്രസംഗത്തിൽ പരാമർശിച്ചു.
ദാരിദ്ര്യവും രോഗവും കാരണം കഷ്ടപ്പെടുന്ന സ്വന്തം രാജ്യത്തിലെ നിസ്സഹായരായ ഗ്രാമീണരുടെ മുഖം സ്വാമിയെ പട്ടുമെത്തയിൽ കിടക്കുന്ന സുഖത്തിൽ നിന്നും പിന്തിരിപ്പിച്ചുവെന്നും സഹജീവികളുടെ ദുഃഖം സ്വാമിയേ വല്ലാതെ അലട്ടിയിരുന്നുവെന്നും ലക്ഷ്മി ശങ്കർ വിശദീകരിച്ചു. അമേരിക്കയിലെ ആകർഷക വലയത്തിനുള്ളിലിരുന്നും ജന്മനാടിനെ കുറിച്ചോർക്കുന്ന കെഎച്ച്എൻഎ പ്രവർത്തകരെ അഭിനന്ദിക്കാനും അവർ മറന്നില്ല.
കേരളത്തിൽ കെഎച്ച്എൻഎ കോഓർഡിനേറ്ററായി ആരംഭകാലം മുതൽ പ്രവർത്തിച്ചുവരുന്ന പി. ശ്രീകുമാർ (ജന്മഭൂമി) കേരളത്തിൽ നടത്തിവരുന്ന മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങളെ ശ്ലാഖിച്ചുകൊണ്ടു ആശംസകൾ അർപ്പിച്ചു.
സ്കോളർഷിപ്പിനായി അപേക്ഷിക്കാനുള്ള യോഗ്യതയും ഓൺലൈൻ സംവിധാനങ്ങളെക്കുറിച്ചും ചെയർമാൻ രഘുവരൻ നായർ വിശദമാക്കുകയും സ്കോളർഷിപ് കമ്മിറ്റിയിലെ അംഗങ്ങളായ ഡോ. തങ്കം അരവിന്ദ് (കോ ചെയർ) രമണി പിള്ള, ഡോ. ബിജു പിള്ള, അരവിന്ദ് പിള്ള, ബാബുരാജ് ധരൻ എന്നിവരെ യോഗത്തിനു പരിചയപ്പെടുത്തുകയും ചെയ്തു. മുൻപ്രസിഡന്റുമാരായ ടി.എൻ. നായർ, സുരേന്ദ്രൻ നായർ, ട്രഷറർ അശോക് മേനോൻ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.
യോഗനടപടികളുടെ ഇടവേളയിൽ പ്രസിദ്ധ സോപാന സംഗീതജ്ഞ കുമാരി വൈദേഹി സുരേഷ് അവതരിപ്പിച്ച ഗാനാവിരുന്ന് ഹൃദ്യവും ആസ്വാദ്യവുമായിരുന്നു. സെക്രട്ടറി സിനു നായർ നന്ദി രേഖപ്പെടുത്തുകയും ബോർഡ് അംഗങ്ങളായ അനഘ വാര്യർ സുരേഷ് നായർ എന്നിവർ കാര്യക്രമങ്ങൾ നിയന്ത്രിക്കുകയും ചെയ്തു.
Tags : KHNA Scholorship USA