ടൊറന്റോ: ഫൊക്കാനയുടെ 2026 - 2028 ഭരണസമിതിയിൽ കാനഡയിൽ നിന്ന് ആർവിപിയായി ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ പ്രമുഖ അഭിഭാഷകയും സാമൂഹ്യ പ്രവർത്തകയുമായ ലത മേനോൻ മത്സരിക്കുന്നു.
കാനഡ മലയാളി സമൂഹത്തിൽ നിറസാന്നിധ്യമായ ലത മേനോൻ ബ്രാംറ്റൺ മലയാളി അസോസിയേഷന്റെ സെക്രട്ടറിയായി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കാനഡ മലയാളികളുടെ എല്ലാ ആവശ്യങ്ങൾക്കും മുമ്പിൽ നിന്നു പ്രവർത്തിക്കുന്ന ലത മേനോന് സാമൂഹ്യ രാഷ്ട്രീയ സാമുദായിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നൽകുവാൻ കഴിഞ്ഞിട്ടുണ്ട്.
കേരള ലോകകേരള സഭയിൽ അംഗമായ ലത മേനോൻ കേരള സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം ന്യൂയോർക്കിൽ നടന്ന ലോക കേരളസഭയിലും പങ്കെടുത്തിരുന്നു.
ലത ലോ പ്രഫഷണൽ കോർപറേഷന്റെ സ്ഥാപകയാണ്. ഇന്ത്യയിലെയും അമേരിക്കൻ നാടുകളിലെയും സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ലത ഐസിഡബ്ല്യു എന്ന സംഘടനയുടെ സഹസ്ഥാപക കൂടിയാണ്.
പ്രഫഷണലായ ആയിരത്തിൽ അധികം സ്ത്രീകൾ അംഗങ്ങളായ സംഘടനയാണിത്. എംപവർ, എൻഗേജ്, എൻകറേജ്, എന്റർപ്രൈസ് എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം. കർണാടകയിൽ വിമൻസ് ഡേയ്ക്ക് 125 പേരെ തെരഞ്ഞെടുത്ത് ആദരിച്ചപ്പോൾ അതിൽ ഒരാളായിരുന്നു ലത മേനോൻ.
ബാരിസ്റ്ററും സോളിസിറ്ററും സജീവ കമ്യൂണിറ്റി പ്രവർത്തകയുമായ ലത ഒന്റാറിയോയിലെയും കാനഡയിലേക്ക് കുടിയേറുന്നതിനു മുമ്പ് മഹാരാഷ്ട്ര, കർണാടക, കേരളം എന്നിവിടങ്ങളിളെയും അഭിഭാഷകയായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്.
ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ലോയിൽ ഉപരി പഠനം പൂർത്തിയാക്കി. ബംഗളൂരുവിൽ വളർന്ന ലത മേനോന്റെ ഭർത്താവ് ജയ്മോഹൻ മേനോൻ. മക്കൾ: ഡോ. ത്രിശാല മേനോൻ, അർജുൻ മേനോൻ.
ലതയുടെ സ്ഥാനാർഥിത്വം ഫൊക്കാനയ്ക്കും മലയാളി സമൂഹത്തിനും വലിയ നേട്ടമായിരിക്കുമെന്ന് ഫിലിപ്പോസ് ഫിലിപ്പ്, സന്തോഷ് നായർ എന്നിവർ അഭിപ്രായപ്പെട്ടു.
Tags : Latha Menon Fokana RVP Canada