വാഷിംഗ്ടൺ ഡിസി: ഫൊക്കാനയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള (2026-2028) ഭരണസമിതിയിൽ വാഷിംഗ്ടൺ ഡിസിയിലെ സാമൂഹ്യ - സാംസ്കാരിക - രാഷ്ട്രീയ - സാമുദായിക മേഖലകളിൽ നിറസാന്നിധ്യമായ നിജോ പുത്തൻപുരയ്ക്കൽ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.
പ്രസിഡന്റ് സ്ഥാനാര്‍ഥി ലീലാ മാരേട്ടിന്റെ പാനലിലാണ് നിജോ മത്സരിക്കുന്നത്. വാഷിംഗ്ടൺ ഡിസിയിലെയും മേരിലാൻഡിലെയും എല്ലാ മലയാളി അസോസിയേഷനുകളുടെയും സജീവ പ്രവർത്തകനും മലയാളികൾക്കിടയിൽ ഏവർക്കും സുപരിചതനുമായ യുവ നേതാവാണ് നിജോ.
ഫൊക്കാന വാഷിംഗ്ടൺ ഡിസി റീജിയൺ മീഡിയ & പബ്ലിസിറ്റി കൺവീനർ, കൈരളി ഓഫ് ബാൾട്ടിമോറിന്റെ (കെഒബി) പബ്ലിക് റിലേഷൻസ് & സോഷ്യൽ മീഡിയ കമ്മിറ്റി അംഗം, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വാഷിംഗ്ടൺ ഡിസി ചാപ്റ്ററിന്റെ നാഷനൽ കമ്മിറ്റി അംഗം, പ്രവാസി മലയാളി ഫെഡറേഷൻ (പിഎംഎഫ്), നോർത്ത് അമേരിക്ക റീജിയൺ കമ്യൂണിറ്റി ഫോറം ചെയർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
പഠന കാലയളവിൽ നാഷണൽ സർവീസ് സ്കീം ക്യാംപ് സംഘാടകൻ, വെെഎംസിഎ യൂത്ത് കോഓർഡിനേറ്റർ എന്നീ നിലയിൽ പ്രവർത്തിച്ച് സംഘടനാ രംഗത്തേക്ക് ചുവടുറപ്പിച്ച നിജോ പിന്നീട് കോൺഗ്രസിന്റെ പ്രവർത്തകനായി സ്കൂൾ-കോളജ് തലങ്ങളിൽ സംഘടന പ്രവർത്തനം നടത്തി നേതൃത്വ നിരയിൽ പ്രവർത്തിച്ചു.

യൂത്ത് കോൺഗ്രസ് തലവടി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, തലവടി വെെഎംസിഎ ബോർഡ് മെമ്പർ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. തലവടി ചുണ്ടൻ വള്ളത്തിന്റെ ഓഹരി ഉടമയും തലവടി ചുണ്ടൻ ടൗൺ ബോട്ട് ക്ലബിന്റെ ഭരണ സമിതി അംഗവുമാണ്.
തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന്റെ സ്ഥാപക സെക്രട്ടറിയും നിലവിലെ ജോയിന്റ് സെക്രട്ടറിയുമാണ്. കൂടാതെ, വെപ്പ് എ ഗ്രേഡ് വള്ളമായ നെപ്പോളിയന്റെ ഓഹരിയുടമ കൂടിയാണ് അദ്ദേഹം.
ആലപ്പുഴ ജില്ലയിൽ തലവടി ചിറമേൽ കുടുബാംഗമായ നിജോ ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബി ടെക് ബിരുദം നേടി ഇപ്പോൾ സിറ്റി ഓഫ് ബൾട്ടിമോർണിൽ എൻജിനിയറായി ജോലി ചെയ്യുന്നു.
ഫൊക്കാനയുടെ ഭാവി വാഗ്ദാനവും പ്രതീക്ഷയുമാണ് നിജോ എന്നും അദ്ദേഹത്തിന്റെ സംഘടനാമികവും നേതൃപാടവവും അടുത്ത ഭരണസമിതിയിൽ മുതൽ കുട്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ലെന്ന് ഫൊക്കാന വൈസ് പ്രസിഡന്റ് വിപിൻ രാജ് അഭിപ്രായപ്പെട്ടു.
അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം ഫൊക്കാനയ്ക്ക് ശക്തി പകരുമെന്ന് റീജിയണൽ വൈസ് പ്രസിഡന്റ് ബെൻ പോൾ പറഞ്ഞു. നിജോ പുത്തൻപുരയ്ക്കലിന്റെ സ്ഥാനാർഥിത്വം യുവാക്കൾക്ക് ഒരു അംഗീകാരമാണെന്ന് നാഷണൽ കമ്മിറ്റി അംഗങ്ങളായ മനോജ് മാത്യു, ഷിബു സാമുവൽ എന്നിവർ പറഞ്ഞു.
ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ പിന്തുണയും സഹകരണവും നിജോ അഭ്യർഥിച്ചു.
Tags : nijo puthenpurakkal fokana national committee usa election