Kerala
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സ പിഴവിനെ തുടർന്ന് രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ജെ. ഷാഹിദയെ പ്രതിചേർക്കും. അന്വേഷണത്തിന്റെ ഭാഗമായി ഉഷ ജോസഫിന്റെ ചികിത്സാരേഖകൾ പോലീസ് ശേഖരിച്ചിരുന്നു.
ചികിത്സാരേഖകളിൽ നിന്ന് ശസ്ത്രക്രിയ നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നത് ഒൻപത് പേരാണെന്ന് കണ്ടെത്തിയിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിന് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പോലീസ് ഡിഎംഒയ്ക്ക് അപേക്ഷ നൽകും.
അതേസമയം ഉഷ ജോസഫിന്റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഏഴ് സെന്റിമീറ്റർ നീളമുള്ള കത്രിക ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. എന്നാൽ പുറത്തെടുത്ത കത്രികയുടെ കാലപ്പഴക്കം കണ്ടെത്തുക നിർണായകമാണ്.
Kerala
ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവും ബന്ധുക്കളും പീഡിപ്പിച്ച കേസിൽ പിടിയിലാകാനുള്ള പ്രതിക്കായി ഊർജിത അന്വേഷണം. കേസിലെ നാലാം പ്രതിയാണ് ഇനി പിടിയിലാകാനുള്ളത്.
ഇയാൾ പീഡനത്തിനിരയായ 14കാരിയുടെ പിതാവിന്റെ ബന്ധുവാണ്. പിതാവ്, പിതാവിന്റെ സഹോദരി ഭർത്താവ്, സഹോദരിയുടെ മകൻ എന്നിവരാണ് കേസിൽ ഇതുവരെ പിടിയിലായത്. പിതാവിനൊപ്പം മദ്യപിച്ചെത്തി പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധുവാണ് പിടിയിലാകാനുള്ളത്.
പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിലാണ്. അതേസമയം അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പോലീസ് കൂടുതൽ ചോദ്യം ചെയ്യും. 2022 മുതലാണ് കുട്ടി പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം ഏറ്റുവാങ്ങിയത്.
സുഹൃത്തിനോട് പെൺകുട്ടി വിവരങ്ങൾ തുറന്ന് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തുവന്നത്. പെൺകുട്ടിയെ സുരക്ഷിതമായി കുടുംബശ്രീയുടെ കീഴിലുള്ള സ്നേഹിത സെന്ററിലേക്ക് മാറ്റിയിരുന്നു. പിതാവിന്റെ രണ്ടാം ഭാര്യയിലെ കുട്ടിയാണ് അതിജീവിതയായ പെൺകുട്ടി.
Kerala
ആലപ്പുഴ: മാവേലിക്കരയിൽ കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ രണ്ട് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. തിരുവല്ല സ്വദേശി മിഥുൻമോൻ, മാവേലിക്കര സ്വദേശി ദേവപ്രസാദ് എന്നിവരാണ് കേസിൽ പിടിയിലായത്.
മാവേലിക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർക്കാണ് മർദനമേറ്റത്. ബസിനെ മറികടക്കുന്നത് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കെഎസ്ആർടിസി കണ്ടക്ടറുടെ കളക്ഷൻ ബാഗ് തട്ടിത്തെറിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
ഞായറാഴ്ച ഉച്ചയോടെ മാന്നാർ-മാവേലിക്കര സംസ്ഥാന പാതയിൽ കാരാഴ്മ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. കെഎസ്ആർടിസി ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കുമ്പോഴായിരുന്നു സ്വകാര്യ ബസ് വട്ടം നിർത്തുകയും ജീവനക്കാർ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയും ചെയ്തത്.
പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാന്നാർ പോലീസ് സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Kerala
ആലപ്പുഴ: മണ്ണഞ്ചേരിയിൽ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 17ാം വാർഡ് നരിയിൽ ശിവപ്രസാദ് (62) ആണ് മരിച്ചത്.
മകന്റെ വിവാഹ ഒരുക്കങ്ങൾക്കിടെയാണ് ശിവപ്രസാദ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഇളയ മകൻ ചെങ്ങന്നൂർ ട്രഷറി ജീവനക്കാരനായ ഹരിപ്രസാദിന്റെ ഞായറാഴ്ച നടക്കുന്ന വിവാഹത്തിന്റെ ഒരുക്കങ്ങളിലായിരുന്നു ശിവപ്രസാദ്.
പുലർച്ചെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
District News
ആലപ്പുഴ: തെരുവുനായ ശല്യം രൂക്ഷമായ നഗരത്തെ ഭീതിയിലാക്കി നായകളിൽ ത്വക് രോഗം പടരുന്നു. രോമങ്ങൾ കൊഴിഞ്ഞു വ്രണങ്ങളോടെയാണ് തെരുനായകൾ അലഞ്ഞു നടക്കുന്നത്. അസഹനീയമായ ചൊറിച്ചിലും ദുർഗന്ധവുമുണ്ട് ഇവയ്ക്ക്. രോഗം ബാധിച്ചു നായകൾ ചാകാൻ തുടങ്ങിയതോടെയാണ് നഗരം ഭീതിയിലായത്. രോഗം ബാധിച്ച് ക്ഷീണിച്ച
നായകൾ നിർബാധം കറങ്ങി നടക്കുന്നുണ്ട്. ഇവ കുട്ടികളെ ഉൾപ്പടെ ആക്രമിക്കുമോ എന്ന ഭയത്തിലാണ് നാട്ടുകാർ.
കുതിരപ്പന്തി, വട്ടയാൽ എന്നിവിടങ്ങളിലാണ് അസുഖം ബാധിച്ച നായ്ക്കൾ കൂടുതലായി വിഹരിക്കുന്നത്. രാത്രികളിൽ ബീച്ചടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് തുടങ്ങിയയിടങ്ങളിലെല്ലാം തെരുവുനായ ശല്യം രൂക്ഷമാണ്. നഗരസഭ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു.
നഗരസഭ ചെയ്യേണ്ടത്
1.നായകൾക്കിടയിൽ ഇത്തരത്തിൽ രോഗം വരാനുള്ള കാരണം കണ്ടെത്താൻ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പഠനം നടത്തണം.
2.രോഗം മനുഷ്യരിലേക്കു പകരുന്നതാണോ എന്നു കണ്ടെത്തേണ്ടതുണ്ട്. നായകൾ പലതും ചാവുന്നുണ്ട്. കുഷ്ഠരോഗം പിടിപെട്ടതുപോലെയാണ് നായകളുടെ ശരീരം.
3.നഗരത്തിൽ എബിസി പദ്ധതി ശക്തമാക്കണം. നായകൾക്കു വന്ധ്യംകരണം നടത്തി വാക്സിനേഷനും നൽകണം. ഇവ രണ്ടും 100 ശതമാനം പൂർത്തിയാക്കണം.
4.നഗരത്തിൽ പട്ടിക്കുട്ടികളെ കണ്ടെത്തി മൃഗസ്നേഹികളെ സഹകരിപ്പിച്ച് ആവശ്യക്കാർക്കു വീട്ടിൽ വളർത്താൻ ക്രമീകരണം ചെയ്യണം.
യോഗം ചേരണമെന്ന് ആവശ്യം
ആലപ്പുഴ നഗരസഭ പരിധിയിൽ വർധിച്ചുവരുന്ന തെരുവുനായ ശല്യവും തെരുവുനായകളിൽ പടർന്നു പിടിക്കുന്ന രോമം പൊഴിഞ്ഞു വികൃതമാകലും ചർച്ചചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം ചേരണമെന്നു നഗരസഭ കൗൺസിലിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു.
നായ്ക്കളിലെ ഗുരുതര പകർച്ചവ്യാധികൾ മനുഷ്യന്റെ ആരോഗ്യത്തെ ഏതു നിലയിൽ ബാധിക്കുമെന്ന് അടിയന്തരമായി പരിശോധിക്കണമെന്ന് മുനിസിപ്പൽ പ്രതിപക്ഷ നേതാവ് വി.ജി. വിഷ്ണു ആവശ്യപ്പെട്ടു. നിലവിൽ വെറ്റിനറി ഓഫീസറുടെ അഭാവം ഈ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതിനു തടസമാണ്. ഈ സാഹചര്യത്തിൽ ജില്ലാ കളക്ടർക്ക് ഇതു പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിനെ ചുമതലപ്പെടുത്താൻ കത്തു നൽകാൻ കൗൺസിൽ യോഗത്തിൽ വിഷ്ണു ആവശ്യപ്പെട്ടു.
Kerala
ഹരിപ്പാട്: ഹരിപ്പാട് ക്ഷേത്രക്കുളത്തിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര തഴക്കര നിലയ്ക്കൽ തെക്കതിൽ സഹദേവന്റെ ഭാര്യ അമ്മിണി (66) ആണ് മരിച്ചത്. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പെരുംകുളത്തിലാണ് അമ്മിണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ട് നാലോടെ വടക്കേ കുളിക്കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ക്ഷേത്ര പരിസരത്ത് ലോട്ടറി വിൽപന നടത്തിവരികയായിരുന്നു അമ്മിണി. സംഭവത്തെ തുടർന്ന് ക്ഷേത്രത്തിൽ വൈകുന്നേരം നടക്കേണ്ടിയിരുന്ന രണ്ടാംഘട്ട തൈപ്പൂയ കാവടിയാട്ടം തടസപ്പെട്ടു.
ഇതേ തുടർന്ന് കുളത്തിലെ ശുദ്ധികലശ പൂജകൾക്ക് ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. കഴിഞ്ഞയാഴ്ച ക്ഷേത്രക്കുളത്തിൽ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചിരുന്നു. ദിവസങ്ങളുടെ വ്യത്യാസത്തിൽ രണ്ടാമത്തെ മരണമാണ് അമ്മിണിയുടേത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കുമാരപുരം കാട്ടിൽ മാർക്കറ്റ് പുത്തൻപുരയിൽ രഞ്ജു- ശരണ്യ ദമ്പതികളുടെ മകൻ അദ്വൈത് (17) ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചത്. കുടുംബത്തിനൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയതായിരുന്നു അദ്വൈത്.
Kerala
ആലപ്പുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പു ചുമതല തന്നെ ഏൽപ്പിച്ചെന്ന വാർത്തയിൽ പ്രതികരണവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരൻ.
മൂന്നാഴ്ച മുൻപ് ജില്ലാ സെക്രട്ടറി നാസർ വിളിച്ച് പിണറായി വിജയന്റെ നിർദേശപ്രകാരം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ജില്ലാതല കമ്മിറ്റിയിൽ ചേർത്തിട്ടുണ്ടെന്ന് ഫോണിലൂടെ പറഞ്ഞിരുന്നു. പത്തു ദിവസം മുന്‍പ് ഇതു സംബന്ധിച്ച സർക്കുലർ ഏരിയ കമ്മിറ്റിക്ക് വന്നിട്ടുണ്ടെന്നും തനിക്ക് ഇത് ലഭിച്ചിട്ടില്ലെന്നും ജി. സുധാകരൻ ദീപികയോടു പറഞ്ഞു.
ജില്ലാ സെന്റർ ബ്രാഞ്ചംഗവും ജില്ലാകമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവുമാണ് നിലവിൽ ജി. സുധാകരൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിലവിൽ അന്പലപ്പുഴ എംഎൽഎ ആയ എച്ച്. സലാമിന്റെ പരാതിയെത്തുടർന്ന് അദ്ദേഹത്തെ പാർട്ടിയിൽ തരംതാഴ്ത്തിയിരുന്നു.
പല ജില്ലാകമ്മിറ്റികളിലും അദ്ദേഹത്തെ ക്ഷണിക്കാറില്ലെന്നും പരാതിയുണ്ടായിരുന്നു. എന്നാൽ മന്ത്രിയായിരുന്നപ്പോൾ എടുത്ത നടപടികളുടെ പേരിൽ പൊതുജനങ്ങൾക്കിടയിലുള്ള മതിപ്പ് പരിഗണിച്ചാണ് അദ്ദേഹത്തെ ജില്ലയിലെ തെരഞ്ഞെടുപ്പു ചുമതലയിലേക്കെത്തിച്ചതെന്നാണു വിവരം.
ആലപ്പുഴയിലെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ആറംഗ കോ-ഓർഡിനേഷൻ കമ്മിറ്റിയിലാണ് ജി. സുധാകരനെ ഉൾപ്പെടുത്തിയിരിക്കുന്നത്. സിപിഎം സെക്രട്ടേറിയറ്റംഗം മന്ത്രി സജി ചെറിയാൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.ബി. ചന്ദ്രബാബു, കെ. പ്രസാദ്, ആർ. നാസർ, കൺട്രോൾ കമ്മീഷൻ ചെയർമാൻ കെ.എച്ച്. ബാബുജാൻ എന്നിവരാണ് കമ്മിറ്റിയിലുള്ള മറ്റു പ്രതിനിധികൾ. ഇവർക്കൊപ്പമാണ് ജി. സുധാകരനെയും ഉൾപ്പെടുത്തിയത്. എന്നാൽ, കേന്ദ്രകമ്മിറ്റിയംഗമായ സി.എസ്. സുജാതയെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ജില്ലയിൽനിന്നുള്ള സിപിഎം സ്ഥാനാർഥികൾ ആരായിരിക്കണം, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏതൊക്കെ രീതിയിൽ മുന്നോട്ടു കൊണ്ടുപോകണം, തയാറെടുപ്പുകൾ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിക്കും.
ഇതോടെ ജി. സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കാനുള്ള സാധ്യതയും തെളിയുന്നുണ്ടെന്നാണ് സംസാരം.
Kerala
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കേ ആലപ്പുഴ പിടിക്കാൻ നിർണായക നീക്കവുമായി സിപിഎം. ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതല മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരന് നൽകാൻ പാർട്ടി തീരുമാനിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ജില്ലാതല കമ്മിറ്റിയിൽ ഉൾപ്പെടുത്തിയെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ മൂന്നാഴ്ച മുൻപ് അറിയിച്ചുവെന്ന് അദ്ദേഹം ദീപികയോട് സ്ഥിരീകരിച്ചു. 10 ദിവസം മുന്‍പ് ഇതു സംബന്ധിച്ച സർക്കുലർ ഏരിയ കമ്മിറ്റികൾക്ക് ലഭിച്ചുവെന്നും എന്നാൽ തനിക്ക് ഇത് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ആറംഗ കോ-ഓർഡിനേഷൻ കമ്മിറ്റിയിലാണ് ജി. സുധാകരനെ ഉൾപ്പെടുത്തിയിരിക്ത്കുന്നത്. സിപിഎം സെക്രട്ടേറിയറ്റ് അംഗം മന്ത്രി സജി ചെറിയാൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.ബി.ചന്ദ്രബാബു, കെ.പ്രസാദ്, ആർ.നാസർ, കൺട്രോൾ കമ്മീഷൻ ചെയർമാൻ കെ.എച്ച്. ബാബുജാൻ എന്നിവരാണ് കമ്മിറ്റിയിലുള്ളത്.
എന്നാൽ കേന്ദ്രകമ്മിറ്റി അംഗമായ സി.എസ്.സുജാതയെ ഉൾപ്പെടുത്തിയിട്ടില്ല. ജില്ലയിൽ നിന്നുള്ള സ്ഥാനാർഥികൾ ആരായിരിക്കണം, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏതൊക്കെ രീതിയിൽ മുന്നോട്ടുകൊണ്ടു പോകണം, തയാറെടുപ്പുകൾ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിക്കും.
ഇതോടെ ജി. സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കാനുള്ള സാധ്യതയും തെളിയുന്നുണ്ട്. കുളിമുറിയിൽ വീണ് കാലിന് പരിക്കേറ്റ ജി.സുധാകരൻ നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്.
Kerala
തൃശൂര്‍: 64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് തൃശൂരില്‍ ആരംഭിച്ചതോടെ പോയിന്റ് പട്ടികയില്‍ ആവേശകരമായ തുടക്കമായി. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ നാല് ജില്ലകള്‍ സംയുക്തമായി ഒന്നാം സ്ഥാനത്താണ്.
ഇപ്പോഴത്തെ ഓവറോള്‍ ലീഡ് നിലയനുസരിച്ച് ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നാല് ജില്ലകളാണ് 80 പോയിന്റുകളോട് കൂടി ഒന്നാം സ്ഥാനത്ത്. 78 പോയിന്റുകളോടെ തിരുവനന്തപുരം രണ്ടാം സ്ഥാനത്തും 76 പോയിന്റുകളോടെ കൊല്ലം, കോട്ടയം, മലപ്പുറം ജില്ലകള്‍ മൂന്നാം സ്ഥാനത്തുമാണ്.
കലോത്സവം ഇനിയും നാല് ദിവസം കൂടി നീളുന്നതിനാല്‍ ഏത് ജില്ലയ്ക്കും ലീഡ് പിടിച്ചെടുക്കാന്‍ അവസരമുണ്ട്. കഴിഞ്ഞ വര്‍ഷം തൃശൂര്‍ ജേതാക്കളായിരുന്നു. ഈ വര്‍ഷം തൃശൂരിന്റെ മണ്ണില്‍ നടക്കുന്ന കലോത്സവത്തില്‍ സ്വന്തം നാട്ടുകാര്‍ക്ക് അധിക ആവേശവും പ്രതീക്ഷയുമുണ്ട്. എന്നാല്‍ ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ ശക്തമായ മത്സരമാണ് കാഴ്ച വെയ്ക്കുന്നത്.
Kerala
കൊച്ചി: കേരളത്തിന് എയിംസ് ലഭിക്കുമെന്നത് ഉറപ്പാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംസ്ഥാനത്ത് എയിംസ് വരുന്നത് ചിലരെയെങ്കിലും ഭയപ്പെടുത്തുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നിലവിൽ രണ്ട് ജില്ലകളെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നതെന്നും സുരേഷ് ഗോപി അറിയിച്ചു.
എയിംസ് സ്ഥാപിക്കുന്നതിനായി അഞ്ച് ജില്ലകൾ നിർദേശിക്കാനാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്. വികസന കാര്യങ്ങളിൽ അവഗണിക്കപ്പെട്ടു കിടക്കുന്ന ജില്ല എന്ന നിലയിൽ ആലപ്പുഴയ്ക്ക് എയിംസിനായി മുൻഗണന നൽകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കാൻ സാധിച്ചില്ലെങ്കിൽ തൃശൂർ ജില്ലയെ പരിഗണിക്കണമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. ആലപ്പുഴയ്ക്ക് അല്ലെങ്കിൽ തൃശൂരിന് എയിംസ് നൽകുന്നതാണ് നീതിയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: ജില്ലയിൽ വീണ്ടും പക്ഷിപ്പനി. നാല് പഞ്ചായത്തിൽ കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തു പക്ഷികളെ ശാസ്ത്രീയമായി കൊന്ന് നശിപ്പിക്കുന്ന (കള്ളിംഗ്) പ്രവർത്തനങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ നടത്തും. കോഴി താറാവ്, കാട എന്നിവ അടക്കം 13,785 വളർത്തു പക്ഷികളെ കള്ളിംഗ് നടത്തും.
10 കിലോമീറ്റർ ചുറ്റളവിലെ 33 തദ്ദേശ സ്ഥാപനങ്ങളിൽ ഒരാഴ്ച നിയന്ത്രണം ഏർപ്പെടുത്തി. പക്ഷികളുടെ മാംസം, മുട്ട എന്നിവ വിൽക്കാൻ പാടില്ലെന്നും പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ മൂന്നു മാസത്തേക്ക് പക്ഷികളെ വളർത്താൻ പാടില്ലെന്നും നിർദേശമുണ്ട്.
Kerala
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ നാല് പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള എല്ലാ വളർത്തു പക്ഷികളെയും ശാസ്ത്രീയമായി കൊന്ന് നശിപ്പിക്കുന്ന (കള്ളിംഗ്) പ്രവർത്തനങ്ങൾ ഇന്ന് മുതൽ സജീവമാക്കുമെന്ന് അധികൃതർ അറിയിച്ചു. നാല് പഞ്ചായത്തുകളിലായി മൊത്തം 13785 വളർത്തു പക്ഷികളെ കള്ളിംഗിന് വിധേയമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പ്രഭവ കേന്ദ്രങ്ങൾക്ക് 10 കിലോമീറ്റർ ചുറ്റളവിലുള്ള സർവൈലൻസ് സോണിൽ ഉൾപ്പെടുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ താറാവ്, കോഴി, കാട, മറ്റു വളർത്തു പക്ഷികൾ, അവയുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം), ഫ്രോസൺ മീറ്റ്, മറ്റു ഉത്പന്നങ്ങൾ എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഒരാഴ്ചത്തേക്ക് ജില്ലാ കളക്ടർ നിരോധിച്ചു.
Kerala
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ,പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിൽ നാളെ മുതൽ കള്ളിംഗ് ആരംഭിക്കും. പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ കള്ളിംഗ് നടപ്പാക്കും.
നാളെ അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിലും ജനുവരി 10ന് കരുവാറ്റ,പള്ളിപ്പാട് പഞ്ചായത്തുകളിലും കള്ളിംഗ് നടത്തും. അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിൽ 3,544 വളർത്തു പക്ഷികളെ കള്ളിംഗിന് വിധേയമാക്കും.
അമ്പലപ്പുഴ സൗത്ത് പഞ്ചായത്തിൽ 150 വളർത്തു പക്ഷികളും കരുവാറ്റ പഞ്ചായത്തിൽ 6,633 വളർത്തു പക്ഷികളും പള്ളിപ്പാട് പഞ്ചായത്തിൽ 3,458 വളർത്തു പക്ഷികളും ഉൾപ്പെടെ ഏകദേശം 13,785 വളർത്തു പക്ഷികളെയാണ് കള്ളിംഗിന് വിധേയമാക്കേണ്ടത്.
പ്രഭവ കേന്ദ്രങ്ങൾക്ക് 10 കിലോമീറ്റർ ചുറ്റളവിലുള്ള സർവൈലൻസ് സോണിൽ താറാവ്, കോഴി, കാട, മറ്റു വളർത്തു പക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം), ഫ്രോസൺ മീറ്റ്, മറ്റ് ഉത്പന്നങ്ങൾ എന്നിവയുടെ ഉപയോഗവും വിപണനവും ഒരാഴ്ചത്തേക്ക് നിരോധിച്ചിട്ടുണ്ട്.
പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഇൻഫെക്ടഡ് സോണിൽ കള്ളിംഗ് പൂർത്തിയായി മൂന്ന് മാസത്തേക്ക് പക്ഷികളെ വളർത്താൻ പാടില്ല.
Kerala
ചേർത്തല: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് സിപിഐ ആലപ്പുഴ ജില്ലാ കൗൺസിലിൽ തീരുമാനം. വ്യക്തിപരമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളും വേണ്ടെന്നാണ് നിർദേശം.
വെള്ളാപ്പള്ളി നടേശൻ സിപിഐക്കെതിരേ നടത്തിയ ചതിയൻചന്തു പരമാർശത്തിന് ഉചിതവും അർഹവുമായ മറുപടി സംസ്ഥാന സെക്രട്ടറി നൽകിയിട്ടുണ്ടെന്നും, വിഷയത്തിൽ പരസ്യ പോരിനു പോകേണ്ട ആവശ്യമില്ലെന്നുമാണ് ജില്ലാ കൗൺസിലിന്റെ തീരുമാനം.
കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന്റെ പേഴ്സണൽ സ്റ്റാഫ് വെള്ളാപ്പള്ളിക്കെതിരേ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ ജാഗ്രത കുറവുണ്ടായെന്നും ജില്ലാ കൗൺസിലിൽ വിമർശനം ഉയർന്നു.എന്നാൽ ഇയാൾക്കെതിരെ നടപടി വേണ്ടെന്നാണ് തീരുമാനം.
Kerala
ആലപ്പുഴ: ജില്ലാ ജയിലിൽ പോക്സോ കേസ് പ്രതിയെ മർദിച്ച് സഹതടവുകാരൻ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ തങ്കപ്പനെ (85) ആണ് സഹതടവുകാരൻ മർദിച്ചത്.
മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലുള്ളയാളാണ് തങ്കപ്പനെ മർദിച്ചത്. തങ്കപ്പന്റെ പല്ല് ഇയാൾ അടിച്ചു കൊഴിക്കുകയായിരുന്നു. തനിക്കും പെൺമക്കൾ ഉണ്ടെന്ന് പറഞ്ഞായിരുന്നു മർദനം. കഴിഞ്ഞ ദിവസമാണ് തങ്കപ്പൻ ജയിലിലെത്തിയത്.
സഹതടവുകാരന് തങ്കപ്പൻ ഏത് കേസിലെ പ്രതിയാണെന്ന് ആദ്യം അറിയില്ലായിരുന്നു. തങ്കപ്പൻ പോക്സോ കേസ് പ്രതി ആണെന്ന് അറിഞ്ഞതിനെ തുടർന്നായിരുന്നു മർദനം. തങ്കപ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
കഴിഞ്ഞ ദിവസം ആണ് സംഭവമുണ്ടായത്. തങ്കപ്പനെ മർദിച്ച സഹതടവുകാരനെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
ചേര്‍ത്തല: ബൈക്ക് അപകടത്തിൽ ഡ്രൈവിംഗ് സ്കൂൾ ഉടമയ്ക്ക് ദാരുണാന്ത്യം. ചേര്‍ത്തല വാരനാട് കുപ്പക്കാട്ട് രേവതി ഡ്രൈവിംഗ് സ്കൂൾ ഉടമ കെ.കെ. സതീശന് (60) ആണ് മരിച്ചത്. കെഎസ്ഇബി റിട്ട. ഓവര്‍സിയറാണ്.
ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ചേര്‍ത്തല കാളികുളത്തു വച്ച് നിയന്ത്രണംവിട്ട ബൈക്ക് അപകടത്തിൽപെട്ട് സതീശന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് ചേര്‍ത്തല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ മരിച്ചു. ഭാര്യ: ഗീത, മക്കള്‍: അഭിരാമി, അനന്തനാരായണന്‍.
Kerala
ആലപ്പുഴ: ചലച്ചിത്ര നടൻ പുന്നപ്ര അപ്പച്ചൻ (77) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. വീണ് പരിക്കേറ്റതിനെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യാവസ്ഥ മോശമായിരുന്നു.
ഇതേ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം. ആലപ്പുഴ പുന്നപ്ര സ്വദേശിയായ അപ്പച്ചൻ ഉദയ സ്റ്റുഡിയോ 1965ൽ നിർമിച്ച ഒതേനന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തുന്നത്.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലെ തൊഴിലാളി നേതാവിന്റെ വേഷത്തിലൂടെ ശ്രദ്ധനേടി. അടൂര്‍ ഗോപാലകൃഷ്ണന്റെ അനന്തരം എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പിന്നാലെ അടൂരിന്റെ തുടർന്നുള്ള ചിത്രങ്ങളിലും അഭിനയിച്ചു.
വില്ലൻ കഥാപാത്രങ്ങളിലും ക്യാരക്ടർ റോളുകളിലും മികവ് പുലർത്തിയിരുന്ന അപ്പച്ചൻ മലയാളത്തിലെ മിക്ക സൂപ്പർതാര ചിത്രങ്ങളിലും ഭാഗമായിട്ടുണ്ട്. കന്യാകുമാരി, പിച്ചിപ്പൂ, നക്ഷത്രങ്ങളേ കാവല്‍, അങ്കക്കുറി, ഇവര്‍, വിഷം, ഓപ്പോള്, കോളിളക്കം, ഇത്തിരി നേരം ഒത്തിരി കാര്യം, ആട്ടക്കലാശം, അസ്ത്രം, പാവം ക്രൂരൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
Kerala
ആലപ്പുഴ: യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ തൂക്കുകുളം സ്വദേശി അഡ്വ. അഞ്ജിത ബി. പിള്ള (23) യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ആറിന് ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിലയിൽ കണ്ടെത്തിയത്. പുന്നപ്ര പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആലപ്പുഴയിൽ നിരീക്ഷണ മേഖലകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്. പക്ഷിപ്പനി പ്രഭവകേന്ദ്രങ്ങൾക്കു 10 കിലോമീറ്റർ ചുറ്റളവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് പിൻവലിച്ചത്.
രോഗപ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെ കള്ളിംഗിന് വിധേയമാക്കിയിരുന്നു. ഇവിടങ്ങളിലെ അണുനശീകരണം ബുധനാഴ്ച പൂർത്തിയായി. ഇതേത്തുടർന്നാണ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചത്.
പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള രോഗബാധിത മേഖലയിൽ മൂന്നു മാസത്തേക്കു പക്ഷികളെ വളർത്തുന്നത് നിരോധിച്ച ഉത്തരവ് തുടരും.
തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര തെക്ക്, അമ്പലപ്പുഴ തെക്ക്, പുറക്കാട്, ചെറുതന, നെടുമുടി, കുമാരപുരം എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
Kerala
തുറവൂർ: കെഎസ്എഫ്ഇ തുറവൂർ ബ്രാഞ്ചിൽ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ മൂന്ന് പേർ പിടിയിൽ. എൽദോ വർഗീസ്, ജിബി, സി.എ. ബിജു എന്നിവരാണ് പിടിയിലായത്. ഡിസംബർ 17ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
കുത്തിയതോട് സ്വദേശി മത്തായി വർഗീസ് എന്ന പേരിൽ എൽദോ വർഗീസ് രണ്ട് മുക്കുപണ്ട വളകൾ പണയംവച്ച് 1,40,000 രൂപ തട്ടിയെടുത്തിരുന്നു. ഭിന്നശേഷിക്കാരനായി അഭിനയിച്ചാണ് എൽദോ വർഗീസ് പണയം വയ്ക്കാനെത്തിയത്.
ഇയാൾക്കൊപ്പം സഹായിയെന്ന നിലയിൽ ജിബിയും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ബിജു മൊബൈൽ ആപ്പ് വഴി നിർമിച്ച വ്യാജ ആധാർ കാർഡാണ് തിരിച്ചറിയൽ രേഖയായി നൽകിയത്. ബ്രാഞ്ച് മാനേജർ നടത്തിയ വിശദമായ പരിശോധനയിലാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.
ഒരു പവൻ സ്വർണത്തിൽ 32 ഗ്രാം ചെമ്പ് കയറ്റി സ്വർണനൂലുകൾ കൊണ്ട് പൊതിഞ്ഞാണ് സംഘം ആഭരണം നിർമിച്ചിരുന്നത്.
Kerala
മുഹമ്മ: ആലപ്പുഴ മുഹമ്മയിൽ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുഹമ്മ പോലീസ് സ്റ്റേഷനിലെ സിപിഒ സന്തോഷ് കുമാർ (45) ആണ് മരിച്ചത്. മുഹമ്മ പോലീസ് സ്റ്റേഷന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയ സന്തോഷ് കുമാർ ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട്ടിൽ എത്താതിനെ തുടർന്ന് കുടുംബം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്റ്റേഷന്റെ ടെറസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മുഹമ്മ കപ്പേള സ്കൂളിന് സമീപമാണ് സന്തോഷ് കുമാറിന്റെ വീട്. ഭാര്യയും രണ്ട് പെൺമക്കളും ഉണ്ട്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
District News
ആലപ്പുഴ : ജില്ലാക്കോടതി പാലം പുനർനിർമാണ പദ്ധതിയിൽ ഫ്ലൈ ഓവറിന്റെ പണി തുടങ്ങി. ആകെയുള്ള 168 പൈലിംഗ് പ്രവൃത്തികളിൽ 97 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി.
വാടത്തോടിന്റെ വടക്കേക്കരയിൽ പുന്നമട ഭാഗത്തേക്കുള്ള റോഡിൽ തോടിന്റെ തീരത്താണ് ഫ്ലൈ ഓവർ നിർമാണം തുടങ്ങിയത്. ഫ്ലൈ ഓവറിന്റെ താഴെ കിഴക്കുപടിഞ്ഞാറായി റോഡിന്റെയും റൗണ്ട് എബൗട്ട് മാതൃകയിലുള്ള പാലത്തിൽ നിന്നു പുന്നമട ഭാഗത്തേക്ക് പോകാനുള്ള റാംപ് റോഡിന്റെയും റാംപ് റോഡിനോട് ചേർന്ന് ഓടയുടെയും നിർമാണം പുരോഗമിക്കുന്നു.
വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിനാണു റൗണ്ട് എബൗട്ട് മാതൃകയിൽ പാലം നിർമിക്കുന്നത്. തോടിന്റെ ഇരു കരകളിലും നാല് വശങ്ങളിലേക്കു ഫ്ലൈ ഓവറുകൾ നിർമിക്കും. അടിപ്പാതയും, റാംപ് റോഡുകളും പാലവും ഉൾപ്പെടെ 600 മീറ്റർ നീളം ഉണ്ടായിരിക്കും. പ്രധാന പാലത്തിനു മാത്രം 90 മീറ്റർ നീളവും 60 മീറ്റർ വീതിയുമുണ്ട്.
Kerala
ആലപ്പുഴ: എബിവിപി പ്രവർത്തകൻ വിശാൽ വധകേസിൽ വിധി ഇന്ന്. 2012 ജൂലൈ 16ന് ആയിരുന്നു കോന്നി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായിരുന്ന വിശാലിന് നേരെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണമുണ്ടായത്.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ ആദ്യവർഷ വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ എബിവിപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു വിശാലിന് നേരെ ആക്രമണമുണ്ടായത്.ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന 20 പേരാണ് പ്രതികൾ.
13 വർഷങ്ങൾക്ക് ശേഷമാണ് കേസിലെ വിധി. എബിവിപി പ്രവർത്തകരായ വിഷ്ണുപ്രസാദിനും ശ്രീജിത്തിനുമുൾപ്പടെ പത്തോളം പേർക്ക് അന്ന് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 20 പേരാണ് കേസിൽ അറസ്റ്റിലായത്.
കേസിലെ 20 പ്രതികളും നിലവിൽ ജാമ്യത്തിലാണ്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക.
Kerala
ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കള്ളിംഗ് നടത്തിയ ഇടങ്ങളിൽ ഇന്നുമുതൽ അണുനശീകരണം ആരംഭിക്കും.
പക്ഷികളെ കൊന്ന ശേഷം വിറക്, ഡീസൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച്
നിശ്ചിത സ്ഥലങ്ങളിൽ കത്തിച്ചു കളയുകയാണ് ചെയ്തത്. ഈ സ്ഥലങ്ങളിൽ ഇന്നു പ്രത്യേകസംഘം എത്തി അണുനശീകരണം നടത്തും.
ജില്ലയിൽ ആകെ 24,309 വളർത്തു പക്ഷികളെ കള്ളിംഗിന് വിധേയമാക്കിയിട്ടുണ്ട്. തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര തെക്ക്, അമ്പലപ്പുഴ തെക്ക്, ചെറുതന, പുറക്കാട് നെടുമുടി, കുമാരപുരം, എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ച് കള്ളിംഗ് നടത്തിയത്.
Kerala
ആലപ്പുഴ: ചേപ്പാട് ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം. ആർക്കും പരിക്കില്ല. കൃപാസനത്തിലേക്ക് പോകുകയായിരുന്ന ആളുകളാണ് ബസിൽ ഉണ്ടായിരുന്നത്.
ഇന്ന് രാവിലെയായിരുന്നു അപകടം. കായംകുളം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന ബസ് ചായകുടിക്കാൻ ഒരു കടയ്ക്ക് മുമ്പില്‍ നിർത്തിയിരുന്നു.
ഇവിടെ നിന്നും മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഡിവൈർ ഡ്രൈവറുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്നും അതാണ് അപകട കാരണമെന്നും പോലീസ് പറഞ്ഞു.
District News
ആലപ്പുഴ: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ആലപ്പുഴ ബീച്ച് ഫെസ്റ്റ് 27 നു റേഡിയോ മാംഗോയുടെ പരിപാടിയോടെ ആരംഭിക്കും. ‘മാംഗോ ബീറ്റ്സ്’ എന്ന പേരിൽ ഡിജെ സാവിയോ നയിക്കുന്ന ഡിജെയാണു പ്രധാന ആകർഷണം.
31 നു രാത്രി വരെയാണു പരിപാടികൾ. മത്സരങ്ങളും വിവിധ കലാപരിപാടികളുമായി ബീച്ച് ഫെസ്റ്റ് ഉത്സവാന്തരീക്ഷം സൃഷ്ടിക്കും. 31 നു രാത്രി ബാൻഡ്, ഡിജെ തുടങ്ങിയവയുമുണ്ടാകും.ആലപ്പുഴ ബീച്ച് ഫെസ്റ്റ് മാതൃകയിൽ ചേർത്തലയിൽ കനാൽ ഫെസ്റ്റും, മാരാരിക്കുളം ബീച്ച് ഫെസ്റ്റും, അർത്തുങ്കിൽ ബീച്ച് ഫെസ്റ്റും നടക്കും.
ചേർത്തല ടിബി കനാൽക്കരയിൽ 29 മുതൽ 31 വരെയാണ് കനാൽ ഫെസ്റ്റ് നടക്കുന്നത്. വൈകുന്നേരം എഎസ് കനാൽ വശങ്ങളിൽ അഞ്ചു കിലോമീറ്റർ ദൂരത്തിൽ കനാൽ ഫെസ്റ്റ് വിളംബര വിളക്കു തെളിയിക്കും. 30 നു വൈകിട്ട് 6 നു ഡാൻസ് മത്സരം, 31 ന് ഉച്ചയ്ക്ക് രണ്ടിനു ചേർത്തലയിലെ ടൂറിസം സാധ്യതകൾ ശിൽപശാല, ആറിനു മെഗാ ഷോ എന്നിവ നടക്കും.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മാരാരിക്കുളം ബീച്ചിൽ നടത്തുന്ന ഫെസ്റ്റ് നാളെ ആരംഭിക്കാനാണ് സാധ്യത. ഇവിടെയും സംഗീത പരിപാടികളാണ് പ്രധാനമായും ഉണ്ടാവുക.
അർത്തുങ്കൽ ബീച്ച് ഫെസ്റ്റ് 30 നു വൈകുന്നേരം മൂന്നിന് അർത്തുങ്കൽ ബസിലിക്ക അങ്കണത്തിൽ നിന്ന് കടൽത്തീരത്തേക്കു ഘോഷയാത്രയോടെ ആരംഭിക്കും. 31 നു രാവിലെ 10 ന് അർത്തുങ്കൽ പൊഴിയിൽ പൊന്തു വള്ളംകളി, വൈകിട്ടു സംഗീത വിരുന്ന്, കലാസന്ധ്യ എന്നിവ നടക്കും.
District News
ആലപ്പുഴ: മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ 15-ാം ചരമവാർഷിക ദിനാചരണത്തോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കരുണാകരൻ അനുസ്മരണം നടത്തി.
അനുസ്മരണ സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കേരള രാഷ്ട്രീയത്തിൽ ലീഡർ എന്ന വിളിക്ക് ഏറ്റവും അനുയോജനമായ വ്യക്തിയാണ് അദ്ദേഹമെന്നു ചെന്നിത്തല പറഞ്ഞു. എന്നെപ്പോലെ ആയിരക്കണക്കിനു പ്രവർത്തകന്മാർക്ക് വളർന്നു വരാനുള്ള അവസരം നൽകിയത് കെ. കരുണാകരൻ എന്ന ലീഡർ ആണെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് ബാബുപ്രസാദ് അധ്യക്ഷനായ യോഗത്തിൽ. ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു.
Kerala
ആലപ്പുഴ: പ്രശസ്ത വചനപ്രഘോഷകനും പുന്നപ്ര ഐഎംഎസ് ധ്യാനഭവന്‍ ഡയറക് ടറുമായ പ്രശാന്തച്ചന് കടന്നുപോകുന്നത് വലിയൊരു വിടവ് അവശേഷിപ്പിച്ചുകൊണ്ടാണ്. മനസുകളെ പ്രശാന്തതയിലേക്കു നയിച്ച വൈദികനെ ഒരുനോക്കു കാണാന്‍ നിരവധിയാളുകളാണ് ഇന്നലെ മൃതദേഹം പൊതുദര്‍ശനത്തിനുവച്ച വിവിധ സ്ഥലങ്ങളിലെത്തിയത്.
കഴിഞ്ഞദിവസം അന്തരിച്ച ഫാ. പ്രശാന്തിന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പുന്നപ്ര ഐഎംഎസ് ധ്യാനഭവനില്‍ നടക്കും. അഞ്ചു മുറിയുമായി തുടങ്ങുന്ന ധ്യാനഭവന്‍ 177 മുറികളും 600 പേര്‍ക്ക് ഒരേസമയം ധ്യാനിക്കാന്‍ സാധിക്കുന്ന ധ്യാന ഹാളുകളും ഒക്കെയായി മാറിയതിനു പിന്നില്‍ പ്രശാന്തച്ചന് പകര്‍ന്നു നല്കിയ മാതൃഭക്തിയുടെ വലിയൊരു അനുഭവമുണ്ടായിരുന്നു.
ഉരുകുന്ന മനസുമായി ധ്യാനഭവനിലെത്തി മനസമാധാനത്തോടെ മടങ്ങാന്‍ ഐഎംഎസിലേക്ക് ആളൊഴുകുമ്പോഴും ചെരുപ്പില്ലാതെ നടക്കുന്ന, താഴെക്കിടന്നുറങ്ങുന്ന പ്രശാന്തച്ചന്റെ ലാളിത്യം അനേകരെ ആകര്‍ഷിച്ചിരുന്നു.
പുന്നപ്രയിലെ ഐഎംഎസ് ധ്യാനഭവന്റെ സുപ്പീരിയറും പിന്നീട് ഡയറക് ടറുമായ പ്രശാന്തച്ചനെ എല്ലാവര്‍ക്കുമറിയാമെങ്കിലും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മാനസിക പരിമിതിയുള്ളവര്‍ക്കായി നടത്തുന്ന അനാഥാലയങ്ങളെക്കുറിച്ച് അധികമാര്‍ക്കുമറിയില്ലായിരുന്നു. ഈ ആലയങ്ങളില്‍ മനസു തളര്ന്നവര് മനഃശാന്തിയോടെ, ചിരിച്ചുകൊണ്ട് ജീവിതത്തെ നേരിടുന്ന കാഴ്ചയും അധികമാരും കണ്ടിട്ടുണ്ടാവില്ല. ഇതിനു പിന്നില്‍ പ്രശാന്തച്ചനൊപ്പം സിസ്റ്റേഴ്സും ഡോക്ടര്‍മാരും മാനസികാരോഗ്യ പ്രവര്‍ത്തകരുമൊക്കെ അണിനിരന്നപ്പോൾ ആശ്വാസമായത് ആരും നോക്കാനില്ലാത്ത അനേകര്ക്കായിരുന്നു.
തുടക്കം തിരുപ്പട്ടദിനത്തിലെ ആ നോവില്‍നിന്ന്
മാനസിക പരിമിതിയുള്ളവരെ സംരക്ഷിക്കാന്‍ 1988 ല്‍ മരിയധാമും 1999 ഡിസംബര്‍ മൂന്നിന് മരിയഭവനും പള്ളിത്തോട്ടില്‍ മരിയ സദനും സ്ഥാപിതമായതിനു പിന്നില്‍ അധികമാരും അറിയാത്തൊരു കഥയുണ്ട്. ഫാ. പ്രശാന്ത് തിരുപ്പട്ട സ്വീകരണത്തിനായി ആലപ്പുഴ രൂപതാധ്യക്ഷന്‍ ഡോ. മൈക്കിള്‍ ആറാട്ടുകുളത്തോടൊപ്പം നീങ്ങുന്ന സമയം.
സദസില്‍ നിന്ന് വലിയസ്വരത്തില്‍ ഒരമ്മച്ചി എന്തോ വിളിച്ചു പറയുന്നു. മാനസിക വിഭ്രാന്തി കാട്ടിയ ചിന്നമ്മ താത്തയായിരുന്നു അത്. തനിക്കുടുക്കാന്‍ മുണ്ടും ചട്ടയും നേര്യതും വാങ്ങിത്തരണമെന്ന് ആക്രോശിക്കുകയായിരുന്നു അവര്‍.
ഈ സംഭവം പ്രശാന്തച്ചന്റെ മനസിനെ വല്ലാതുലച്ചു. ഇത്തരത്തില്‍ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവരെ സംരക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം മനസിന്റെ മടിത്തട്ടിലെവിടെയോ ഉറച്ചു. പിന്നീട് ഐഎംഎസ് ധ്യാനഭവന്റെ ഡയറക് ടറായി എത്തുമ്പോള്‍ ചിന്നമ്മ താത്തയെ പോലുള്ള നിരവധിപ്പേരെ സംരക്ഷിക്കാന്‍ ഒരാലയം ആവശ്യമെന്ന ചിന്ത സജീവമായി. 400 ഓളം അന്തേവാസികളുള്ള നാല് അനാഥാലയങ്ങളുടെ നിര്‍മാണത്തിലേക്കു നയിച്ചത് തിരുപ്പട്ട സമയത്ത് മനസില്‍ പതിഞ്ഞ വേദനിപ്പിക്കുന്ന ആ അനുഭവമായിരുന്നു.
കരിസ്മാറ്റിക്ക് പ്രസ്ഥാനത്തെ ആലപ്പുഴയിലേക്കെത്തിച്ചതിലും അച്ചന് വഹിച്ച പങ്ക് വലുതായിരുന്നു.
Kerala
ആലപ്പുഴ: ആലപ്പുഴ കേന്ദ്രീകരിച്ച് ഇറിഡിയം വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. ഹരിപ്പാട് സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിലാണ് പ്രതികൾ പിടിയിലായത്. തിരുവനന്തപുരം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരാണ് അറസ്റ്റിലായത്.
തിരുവനന്തപുരം സ്വദേശികളായ സുലഭ ശിവകുമാർ, മകൻ ജിഷ്ണു, മകൾ വൈഷ്ണവി, വൈഷ്ണവിയുടെ ഭർത്താവ് സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്. ഏകദേശം 10 കോടിയുടെ തട്ടിപ്പ് നടന്നതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഭീഷണി ഭയന്ന് പലരും പരാതി നൽകുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ഹരിപ്പാട് സ്വദേശിയിൽ നിന്ന് പ്രതികൾ 75.6 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് തമിഴ്നാട് കേന്ദ്രീകരിച്ചുള്ള വൻ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.10 കോടി രൂപ നൽകിയാൽ ഇറിഡിയം നൽകാമെന്ന് അറിയിച്ച് തമിഴ്നാട് സ്വദേശികളായ സംഘം തങ്ങളെ സമീപിച്ചതായാണ് പ്രതികൾ പോലീസിന് നൽകിയ മൊഴി.
ഇതേ തുടർന്ന് 10 കോടിയോളം രൂപ പ്രതികൾ പലരിൽ നിന്നായി സമാഹരിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു. കേസിൽ കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
ആലപ്പുഴ: ആലപ്പുഴയിൽ നീലംപേരൂർ പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥിക്കു നേരെയുണ്ടായ ആക്രമണത്തിൽ ആറു ബിജെപി പ്രവർത്തകർക്കെതിരെ കേസ്. കൈനടി പോലീസ് ആണ് കൊലപാതകശ്രമത്തിന് കേസെടുത്തത്.
ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കൂടിയായ രാംജിത്തിനു നേരെയാണ് ആക്രമണമുണ്ടായത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ രാംജിത്ത് ആശുപത്രിയിലാണ്. സംഭവത്തിൽ ബിജെപി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.
നീലംപേരൂർ പഞ്ചായത്ത് എൽഡിഎഫിൽനിന്നു ബിജെപി പിടിച്ചെടുത്തിരുന്നു.
Kerala
അമ്പലപ്പുഴ: ദേശീയപാതയിൽ വീൽ ഊരിത്തെറിച്ച കെഎസ്ആർടിസി ബസ് ഡിവൈഡറിലിടിച്ച് നിന്നു. വളഞ്ഞവഴി എസ്എൻ കവല ജംഗ്ഷനിൽ ഇന്ന് രാവിലെ 11ന് ആയിരുന്നു അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
തെക്കുംഭാഗത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്. മുൻചക്രം ഊരിത്തെറിച്ചതിന് പിന്നാലെയാണ് നിയന്ത്രണം തെറ്റിയ ബസ് ഡിവൈഡറിൽ ഇടിച്ചുനിന്നത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗത തടസമുണ്ടായി.
Kerala
ചേർത്തല: ആലപ്പുഴ ചേർത്തലയിൽ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. സമീപത്തെ വീട്ടിൽ കളിക്കുന്നതിനിടയിലാണ് അപകടം. ചേർത്തല തെക്ക് പൊന്നാട്ട് സുഭാഷിന്റെയും സുബിയുടെയും മകൻ ആര്യൻ (5) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ആയിരുന്നു അപകടം. ട്രാക്കിലൂടെ തള്ളിമാറ്റുന്ന ഗേറ്റിൽ കളിക്കുന്നതിനിടെ ട്രാക്കിൽ നിന്ന് തെന്നിമാറിയ ഇരുമ്പ് ഗേറ്റ് ആര്യന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു.
ഗേറ്റിനടിയിൽപ്പെട്ട ആര്യനെ സമീപത്തുണ്ടായിരുന്നവരാണ് പുറത്തെടുത്തത്. ഉടൻ തന്നെ അർത്തുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായിരുന്നതിനാൽ തുടർന്ന് കുട്ടിയെ ചേർത്തലയിലെ സ്വകാര്യ ആശുപ്രതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
ആലപ്പുഴ: കായംകുളത്തും ആര്യാടും തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. കുട്ടികൾ ഉൾപ്പെടെ 25 ഓളം പേർക്ക് തെരുവുനായയുടെ കടിയേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കായംകുളം മേടമുക്ക് ജംഗ്ഷന് സമീപം രാവിലെ എട്ടോടെയാണ് സംഭവം. നായയുടെ കടിയേറ്റ കായംകുളം സ്വദേശി നസീർ, വിട്ടോഭ വാർഡിൽ സരള, ബംഗാൾ സ്വദേശി സൈജു, ആറു വയസുകാരൻ സഹദ് എന്നിവരെ കായംകുളം താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആര്യാട് പഞ്ചായത്ത് പത്താം വാർഡ്, കൊറ്റംകുളങ്ങര എന്നിവടങ്ങളിലും തെരുവുനായ ആക്രമണമുണ്ടായി. കുട്ടികൾ ഉൾപ്പെടെ 15 ഓളം പേർക്ക് കടിയേറ്റു. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
ആലപ്പുഴ: സംസ്ഥാനത്താകെ ആഞ്ഞുവീശിയ യുഡിഎഫ് തരംഗത്തില്‍ ആലപ്പുഴയിലെ ഇടതുകോട്ടയ്ക്കും വിള്ളല്‍. ആറ് മുനിസിപ്പാലിറ്റികളില്‍ അഞ്ചിടത്തും യുഡിഎഫ് മുന്നിലെത്തി. എല്‍ഡിഎഫ് കുത്തകയായിരുന്ന പഞ്ചായത്തുകള്‍ പലതും യുഡിഎഫ് സ്വന്തമാക്കി. ബ്ലോക്ക് പഞ്ചായത്തുകളിലും വന്‍ തിരിച്ചുവരവാണ് യുഡിഎഫ് നടത്തിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുകോട്ടയായിരുന്നു ആലപ്പുഴ ജില്ല. 72ല്‍ 52 ഗ്രാമപഞ്ചായത്തുകള്‍. 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ 11, ജില്ലാ പഞ്ചായത്തിലെ 23 സീറ്റില്‍ 21. ആറ് മുനിസിപ്പാലിറ്റികളില്‍ 3. എന്നാല്‍ ഇത്തവണ ഇടതു കോട്ടകളിലെല്ലാം വിള്ളല്‍ വീണു. പഞ്ചായത്തുകള്‍ 36 ആയി ചുരുങ്ങി. ബ്ലോക്ക് പഞ്ചായത്തുകളില്‍ 7 ഇടത്ത് ഒതുങ്ങി. മുനിസിപ്പാലിറ്റികളില്‍ ചേര്‍ത്തല മാത്രമാണ് ഒപ്പം നിന്നത്. ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ യുഡിഎഫിന് കേവല ഭൂരിപക്ഷം തികയ്ക്കാനായില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാനായി. ഇടതു കുത്തകയായിരുന്ന ജില്ലാപഞ്ചായത്തിലും വന്‍ തിരിച്ചടി നേരിട്ടു. 16 സീറ്റില്‍ ഇടതുപക്ഷത്തിനു തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ തവണ 2 സീറ്റില്‍ ഒതുങ്ങിയ യുഡിഎഫ് ആകട്ടെ 8 ഡിവിഷനുകളില്‍ വിജയിച്ചു.
ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫിന്റെ കുതിപ്പ് എല്‍ഡിഎഫിനെ അമ്പരപ്പിലാക്കി. സിപിഐഎം-സിപിഐ തര്‍ക്കത്തെ തുടര്‍ന്ന് സിപിഐ ഒറ്റക്ക് മത്സരിച്ച രാമങ്കരിയിലെ എല്ലാ സീറ്റിലും തോറ്റു. പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചു. എന്‍ഡിഎ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച അഞ്ച് പഞ്ചായത്തുകളില്‍ വിജയിച്ചു. കഴിഞ്ഞ തവണയും ചില പഞ്ചായത്തുകളില്‍ ഭരണത്തിന്റെ വക്കിലെത്തിയിരുന്നെങ്കിലും എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ചുനിന്ന് എന്‍ഡിഎയെ അകറ്റി നിര്‍ത്തിയിരുന്നു. ഈ തന്ത്രം ഇക്കുറിയും പ്രയോഗിച്ചാല്‍ ബിജെപിക്ക് പഞ്ചായത്തുകള്‍ ഭരിക്കുക വെല്ലവിളിയാകും.
Kerala
ആലപ്പുഴ: കെഎസ്ആർടിസി ബസ് കയറി യുവതി മരിച്ചു. എടത്വാ കുന്തിരിക്കൽ കണിച്ചേരിൽചിറ സ്വദേശിനി മെറീന(24) ആണ് മരിച്ചത്.
അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ രാത്രി 8.30ഓടെയാണ് അപകടം ഉണ്ടായത്. മെറീന സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. ഭർത്താവും ഒപ്പം ഉണ്ടായിരുന്നു.
എറണാകുളത്ത് ജോലി ചെയ്തിരുന്ന മെറീന ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനായി എത്തിയതാണ്. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ഷാനോ കെ. ശാന്തനെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Kerala
കായംകുളം: ആലപ്പുഴ പുല്ലുകുളങ്ങരയില്‍ അഭിഭാഷകനായ മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു. മാതാവിനെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്ലുകുളങ്ങര കളരിക്കല്‍ ജംഗ്ഷന് പീടികചിറയില്‍ നടരാജനാണ് (60) മരിച്ചത്. ഭാര്യ സിന്ധുവിനാണ് (56) ഗുരുതര പരിക്കേറ്റത്. ഞായറാഴ്ച രാത്രി 9.30ഓടെയാണ് സംഭവം.
വെട്ടേറ്റ നിലയില്‍ ഇവരെ കായംകുളം ഗവ. ആശുപത്രിയിലും തുടര്‍ന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും നടരാജനെ രക്ഷിക്കാനായില്ല. അഭിഭാഷകനായ മകന് നവജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മാതാപിതാക്കളെ ആക്രമിച്ച ശേഷം വെട്ടുകത്തിയുമായി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പോലീസ് എത്തിയാണ് കീഴ്പ്പെടുത്തി കസ്റ്റഡിയലെടുത്തത്. ആക്രമണ കാരണം വ്യക്തമായിട്ടില്ല. പ്രതി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് സമീപവാസികള്‍ പറഞ്ഞതായി പോലീസ് പറയുന്നു.
Kerala
ആലപ്പുഴ: അമീബിക് മസ്തിഷ്കജ്വരം ആലപ്പുഴയിലും സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തണ്ണീർമുക്കം സ്വദേശിയായ 10 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.
സംഭവത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകി. വൃത്തിയില്ലാത്ത കുളങ്ങൾ, ജലാശയങ്ങൾ, വെള്ളക്കെട്ടുകൾ, ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിംഗ് പൂളുകൾ എന്നിവയിൽ കുളിക്കുകയോ നീന്തുകയോ ചെയ്യരുതെന്ന് നിർദേശം നൽകി. നീന്തൽ പരിശീലന കേന്ദ്രങ്ങളിലെ നീന്തൽ കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യണം.
ചെറുകുളങ്ങളിലും കെട്ടിനിൽക്കുന്ന വെള്ളത്തിലും കുളിക്കാനും കളിക്കാനും ഇറങ്ങരുത്. വീടുകളിലെയും സർക്കാർ സ്വകാര്യ, സ്ഥാപനങ്ങളിലെയും ജലസ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു.
Kerala
മാവേലിക്കര: ആലപ്പുഴ മാവേലിക്കരയിൽ ആറ്റിൽചാടിയ പോലീസ് ഉദ്യോഗസ്ഥനെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. മാവേലിക്കര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ അഖിൽ രാജ് ആണ് ആറ്റിൽ ചാടിയത്.
കഴിഞ്ഞ ദിവസം രാവിലെ 11ന് ആയിരുന്നു സംഭവം. പൊറ്റമേൽകടവ് പാലത്തിന് സമീപത്ത് നിന്നായിരുന്നു അഖിൽ രാജ് അച്ചൻകോവിൽ ആറ്റിൽ ചാടിയത്. തുടർന്ന് സംഭവം കണ്ട നാട്ടുകാർ ആറ്റിലേയ്ക്ക് ചാടി അഖിൽ രാജിനെ രക്ഷിക്കുകയായിരുന്നു.
Kerala
ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയ കേസിലെ രണ്ടാം പ്രതിയുടെ ശിക്ഷ വിധി ഇന്ന്. ഒഡീഷ ജയിലിലുള്ള പ്രതി രജനിയെ ഇന്ന് ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കും. കേസിലെ ഒന്നാം പ്രതി പ്രബീഷിനു കോടതി തിങ്കളാഴ്ച വധശിക്ഷ വിധിച്ചിരുന്നു. രണ്ടാം പ്രതിയായ രജനി കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തിയിരുന്നെങ്കിലും ഇവർ മയക്കുമരുന്നു കേസിൽ ഒഡീഷയിൽ ജയിലായതിനാൽ ശിക്ഷ വിധിച്ചില്ല.
ഒന്നാം പ്രതിക്കു ചുമത്തിയിട്ടുള്ള എല്ലാ വകുപ്പുകളും രണ്ടാം പ്രതിക്കും ചുമത്തിയിട്ടുണ്ട്. ജാമ്യത്തിലായിരുന്ന പ്രതി വിചാരണ ഘട്ടത്തിൽ കഞ്ചാവുമായി ഒഡീഷയിൽ പിടിയിലാകുകയായിരുന്നു. തുടർന്ന് ഓൺലൈൻ വഴി വിചാരണ പൂർത്തിയാക്കി. രജനിക്കും വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
Kerala
ആലപ്പുഴ: ചേർത്തലയിൽ സീരിയൽ കില്ലറെന്ന് പോലീസ് സംശയിക്കുന്ന സെബാസ്റ്റ്യന്റെ വീട്ടുവളപ്പിലെ കുളം വറ്റിച്ച് നടത്തിയ പരിശോധന വിഫലം. മുൻ പഞ്ചായത്ത് ജീവനക്കാരി ഹയറുമ്മ (ഐഷ 62) യുടെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.
കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ, ഏറ്റുമാനൂർ സ്വദേശിനി ജയ്നമ്മ എന്നിവരുടെ കൊലപാതക കേസിൽ സെബാസ്റ്റ്യൻ നിലവിൽ വിയൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. ഇതിനിടെയാണ് ഹയറുമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ തെളിവെടുപ്പ് നടത്തിയത്.
ജയ്നമ്മയുടെ തിരോധാനം അന്വേഷിച്ച കോട്ടയം ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയതായി സെബാസ്റ്റ്യൻ മൊഴി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീട്ടിൽ നിന്നും അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയിരുന്നു.
Kerala
ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ കോഴിക്കോട് സ്വദേശിയായ ഒരാൾ കൂടി റിമാൻഡിൽ.
പരാതിക്കാരനിൽ നിന്ന് തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചുവാങ്ങി ചെക്ക് വഴി പിൻവലിച്ച കോഴിക്കോട് കൂടത്തായി സ്വദേശി യദുകൃഷ്ണനെയാണ് (26) ആലപ്പുഴ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
തട്ടിപ്പുകാർ പരാതിക്കാരനെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് സ്വകാര്യ ഷെയർ ട്രേഡിംഗ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി വ്യാജ ഷെയർ ട്രേഡിംഗ് ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു. തുടർന്ന് ആപ്ലിക്കേഷന്റെ ഉപയോഗത്തെക്കുറിച്ചും ട്രേഡിംഗി നെക്കുറിച്ചും സ്ക്രീൻ ഷോട്ടുകൾ മുഖേന പഠിപ്പിച്ച് വിശ്വാസം നേടിയെടുത്തു.
ഈ വ്യാജ ആപ്പിലൂടെ പ്രതികൾ നിര്‍ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരനിൽ നിന്ന് രണ്ടു മാസത്തിനിടയിൽ 16.6 ലക്ഷം രൂപയാണ് അയച്ചു വാങ്ങിയത്.
Kerala
അമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ കാർ ഡിവൈഡറിൽ ഇടിച്ചുകയറി. ആർക്കും പരിക്കില്ല. ദേശീയ പാതയിൽ അമ്പലപ്പുഴ ജംഗ്ഷന് സമീപം തിങ്കളാഴ്ച രാവിലെ 8.30 നായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്.
റോഡരികിൽ ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ച കാറിന്റെ മുൻഭാഗത്തെ ടയർ അപകടത്തെത്തുടർന്ന് പൊട്ടി. കാറിന്റെ മുൻഭാഗം തകർന്നു. കാർ യാത്രക്കാരായ രണ്ട് പേരും പരിക്കുകളില്ലാതെ രക്ഷപെട്ടു.അമ്പലപ്പുഴ പോലീസും സ്ഥലത്തെത്തിയിരുന്നു.
Kerala
ആലപ്പുഴ: വയനാട്ടിൽ സിപ് ലൈൻ തകർന്ന് അമ്മയും കുഞ്ഞും അപകടത്തിൽപെടുന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ എഐ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച യുവാവ് പിടിയിൽ. ആലപ്പുഴ തിരുവമ്പാടി തൈവേലിക്കം വീട്ടിൽ കെ. അഷ്കർ ആണ് പിടിയിലായത്.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് പ്രതിയെ പിടികൂടിയത്. യുവതി കുഞ്ഞിനെയും എടുത്ത് സിപ് ലൈനിൽ കയറുന്നതിനിടെ റോപ് പൊട്ടി താഴേക്ക് പതിക്കുന്ന തരത്തിലുള്ള ഭീതി പടർത്തുന്ന വീഡിയോ ആണ് അഷ്കർ നിർമിച്ച് പ്രചരിപ്പിച്ചത്.
സംഭവം വയനാട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണെന്നും ഇയാൾ പ്രചരിപ്പിച്ചു. വയനാട്ടിലെ ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള വീഡിയോയിൽ സൈബര്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 'അഷ്ക്കറലി റിയാക്ടസ്' എന്ന അക്കൗണ്ടിലൂടെയാണ് പ്രതി ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നത്.
District News
ചേർത്തല: തുരുത്തി - മുളയ്ക്കാംതുരുത്തി - വാലടി - വീയപുരം ലിങ്ക് റോഡ് നിർമാണത്തിന്റെ ഭാഗമായി തുരുത്തി -വാലടി റൂട്ടിൽ ബുധനാഴ്ച മുതൽ ഡിസംബർ 12 വരെ ഗതാഗതം വഴി തിരിച്ചുവിടും. രാവിലെ 10 മു തൽ വൈകിട്ട് മൂന്നു വരെയാണു ഗതാഗത ക്രമീകരണം.
ചങ്ങനാശേരി ഭാഗത്തു നിന്നുള്ള വാഹനങ്ങൾ സെൻട്രൽ ജംഗ്ഷനിൽ നിന്നു മാർക്കറ്റ് റോഡ് വഴി പറാലിൽ എത്തി വാലടി, കുന്നങ്കരി ഭാഗത്തേക്കു പോകണം. വാലടി ജംഗ്ഷനിൽ നിന്നുള്ള വാഹനങ്ങൾ ഈര - നീലംപേരൂർ റോഡ് വഴിയോ കാവാലം വഴിയോ കുറിച്ചി ഔട്ട്പോസ്റ്റ് ജംഗ്ഷനിൽ എത്തി കടന്നു പോകണം.
മുളയ്ക്കാംതുരുത്തി മുതൽ കിടങ്ങറ വരെയുള്ള ഭാഗത്തു വശങ്ങളിൽ തെങ്ങിൻ കുറ്റികൾ നാട്ടി റോഡ് ബലപ്പെടുത്തുന്ന ജോലികളാണ് നടക്കുന്നത്. പാടശേഖരങ്ങളിലൂടെ റോഡ് പോകുന്നിടത്താണു ഇത്തരം നിർമാണ പ്രവർത്തനങ്ങൾ നടക്കുക.
കുട്ടനാടൻ പ്രദേശമായതിനാൽ റോഡ് താഴ്ന്നു പോകാനുള്ള സാ ധ്യത കണക്കിലെടുത്താണു നിർമാണം. തെങ്ങിൻ കുറ്റികൾ നാട്ടിയതിനു ശേഷം പാറക്കല്ലുകൾ പാകി റോഡ് വീതി കൂട്ടി ടാർ ചെയ്യും. ഒരു മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നാണ് കെഎസ്ടിപി അധികൃതർ പറയുന്നത്.
Kerala
ആലപ്പുഴ: ഗവ. ഡെന്റൽ കോളജ് ആശുപത്രിയിലെ സീലിംഗ് അടർന്നു വീണ് രോഗിക്ക് പരിക്കേറ്റു. എക്സ്റേ മുറിയുടെ വാതിലിനു സമീപമാണ് സീലിംഗ് അടർന്നു വീണത്.
ഇവിടെ നിൽക്കുകയായിരുന്ന ആറാട്ടുപുഴ വലിയഴീക്കൽ തറയിൽ കടവ് ഹരിതയ്ക്ക് (29) ആണ് പരിക്കേറ്റത്. ഹരിതയെ മെഡിക്കൽ കോജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 11.30നാണ് അപകടമുണ്ടായത്.
Kerala
ആലപ്പുഴ: അരൂർ - തുറവൂർ ഉയരപ്പാത നിർമാണ മേഖലയിൽ ഗതാഗത നിയന്ത്രണം. ഗർഡർ അപകടത്തെ തുടർന്നാണ് ദേശീയപാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ആലപ്പുഴ ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് വാഹനങ്ങൾ കടത്തി വിടുന്നില്ല.
ഇവിടെനിന്നുള്ള വാഹനങ്ങൾ ചേർത്തല എക്സറെ ജംഗ്ഷനിൽ നിന്ന് പൂച്ചാക്കൽ വഴിയാണ് പോകേണ്ടത്. ആലപ്പുഴ ഭാഗത്തേക്കുള്ള വാഹനം അരൂക്കുറ്റി വഴി തിരിഞ്ഞു പോകേണ്ടതാണ്.
ഇന്ന് പുലർച്ചെയോടെയാണ് അരൂർ - തുറവൂർ ഉയരപ്പാത മേഖലയിൽ പിക്കപ് വാനിന് മുകലിലേക്ക് ഗർഡർ വീണ് അപകടം ഉണ്ടായത്. പുലർച്ചെ രണ്ടരയോടെ ഉണ്ടായ അപകടത്തിൽ വാൻ ഡ്രൈവർ ഹരിപ്പാട് സ്വദേശി രാജേഷ് മരിച്ചു. പിക്കപ് വാൻ ഗർഡറിന് അടിയിൽ കിടക്കുകയാണ്.
Kerala
ആലപ്പുഴ: ബുധനൂർ സർവീസ് സഹകരണ ബാങ്കിലെ സ്വർണ പണയം തിരിമറിയിൽ മുൻ സെക്രട്ടറി ഇൻ ചാർജ് അനീഷ അറസ്റ്റിൽ. ബുധനൂർ സ്വദേശി രാഹുൽ 2022ൽ ബാങ്കിൽ പണയംവച്ച സ്വർണം തിരിച്ചെടുക്കാനെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്.
രാഹുലിന്റെ അഞ്ചേകാൽ പവൻ സ്വർണം ബാങ്കിൽ ഇല്ലെന്ന് അറിഞ്ഞതോടെ മാന്നാർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അനീഷ സ്വർണം എണ്ണക്കാട് ബാങ്കിൽ പണയം വച്ചതായി കണ്ടെത്തി.
ഓഡിറ്റിൽ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അനീഷയെ 2023ൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. രാഹുലിന്റെ നാല് പവൻ സ്വർണമാണ് അനീഷ എണ്ണക്കാട് ബാങ്കിൽ പണയം വച്ചതായി കണ്ടെത്തിയത്.
അനീഷക്കെതിരെ വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കൽ എന്നീ വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തു. എന്നാൽ ബാക്കി സ്വർണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
Kerala
ആലപ്പുഴ: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരേ പരസ്യമായ പടയൊരുക്കവുമായി നായർ ഐക്യവേദി. ആലപ്പുഴ വള്ളികുന്നം വിദ്യാധിരാജപുരത്ത് ഒൻപതിന് നേതൃസംഗമം സംഘടിപ്പിക്കുമെന്നാണ് നായർ ഐക്യവേദി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ പ്രചാരണമാണ് ഇവർ നൽകിക്കൊണ്ടിരിക്കുന്നത്. ന്യൂസ് ചാനലുകളിൽ പരസ്യമായും സംഗമവാർത്ത പ്രത്യക്ഷപ്പെടുന്നുണ്ട്. മന്നത്തു പത്മനാഭൻ ഇരുന്ന കസേരയിൽ സുകുമാരൻനായർ ഇരിപ്പുറപ്പിച്ചതോടെ അതിന്റെ ശനി ദശ ആരംഭിച്ചെന്നാണ് ഐക്യവേദി പുറത്തിറക്കിയിരിക്കുന്ന നോട്ടീസിൽ ആരോപിക്കുന്നത്.
60 ശതമാനം ദരിദ്രാവസ്ഥയിൽ
മന്നത്തിന്റെ പുഷ്കല കാലത്ത് നായര്‍ ആജ്ഞാശക്തിയും സമ്പത്തുമുള്ള സമുദായമായിരുന്നു. ആചാര്യന്റെ നേതൃത്വത്തില്‍ നായര്‍ സംഘടിത ശക്തിയായിരുന്നു. ആ നായര്‍ ശക്തിയാണ് വിമോചന സമരം വിജയിപ്പിച്ചത്. കേരള രാഷ്ട്രീയത്തെ നിയന്ത്രിച്ചതും നായര്‍ ശക്തിയായിരുന്നു.
എന്നാൽ. ഇന്നു പല കാരണത്താല്‍ സമ്പത്തും സ്വാധീനവും നഷ്ടപ്പെട്ട സമുദായമാണ് നായര്‍ . 60 ശതമാനത്തിലധികം കുടുംബങ്ങള്‍ പരമദരിദ്രാവസ്ഥയില്‍. സഹായിക്കുവാന്‍ ആരുമില്ല. പഴയ കാല പ്രമാണിത്തത്തിന്റെ പേരില്‍ അധികാരികളും സമൂഹവും സവര്‍ണനെന്നു പരിഹസിച്ച് നായരെ അവഗണിക്കുന്നു.
ആഗോള അയ്യപ്പസംഗമം
50 ലക്ഷം വരുന്ന നായന്മാരില് കേവലം ഏഴു ലക്ഷം അംഗങ്ങള്‍ മാത്രമുള്ള എൻഎസ്എസ് നേതൃത്വം, നായരുടെ കുത്തക അവകാശപ്പെട്ടു സമുദായത്തെക്കൊണ്ട് സ്വന്തം കാര്യം നേടുകയാണെന്നും നോട്ടീസിൽ ആരോപിക്കുന്നു. 50 വര്‍ഷമായി എൻഎസ്എസ് നേതൃത്വം ഉറക്കിയ നായര്‍ ശക്തിയെ ഉണര്‍ത്തുവാനുള്ള അവസാന ശ്രമമാണ് നായര്‍ നേതൃസംഗമമെന്നും അതിനാൽ എല്ലാവരും പങ്കെടുക്കണമെന്നും ഐക്യവേദി കൺവീനറുടെ പേരിലുള്ള പ്രസ്താവനയിൽ പറയുന്നു. സർക്കാർ നടത്തിയ ആഗോള അയ്യപ്പ സമംഗവുമായി എൻഎസ്എസ് കൈകോർത്തതും പ്രതിഷേധാർഹമാണെന്നു സംഘാടകർ പറയുന്നു.
District News
ആലപ്പുഴ: ന്യൂനപക്ഷമായതിന്റെ പേരിൽ വളരെയേറെ അപകടങ്ങൾ നേരിടുന്ന ഒരു സമൂഹമാണ് ക്രൈസ്തവ സമൂഹമെന്ന് ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. ആന്റണി എത്തയ്ക്കാട്ട് പറഞ്ഞു.
ക്രൈസ്തവസമൂഹങ്ങൾ എന്നും അവകാശങ്ങൾ നേടിയെടുക്കാൻ ഏതറ്റം വരെയും പോകുമെന്നും സർ സിപിയുടെ കാലത്ത് സ്കൂളുകൾ ഏറ്റെടുക്കാൻ നടത്തിയ ശ്രമവും മുണ്ടശേരിയുടെ കാലത്ത് സർക്കാർ നടത്തിയ ശ്രമവും 1972ലെ കോളജ് സമരവും അതിനുശേഷം നടത്തിയ സ്വാശ്രയ സമരവും ഒന്നും സർക്കാർ മറക്കരുതെന്നും വികാരി ജനറാൾ ഓർമിപ്പിച്ചു. ആലപ്പുഴയിൽ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ അവകാശ സംരക്ഷണ ജാഥയ്ക്ക് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഭരണഘടന മതേതരത്വം ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ചില വർഗീയ ശക്തികൾ നിറഞ്ഞാടുമ്പോൾ രാഷ്ട്രീയപാർട്ടികൾ നിഷ്ക്രിയത്വം പാലിക്കുകയാണെന്നും ജാഥാ ക്യാപ്റ്റൻ പ്രഫ. രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ സെക്രട്ടറി ജോസുകുട്ടി ഒഴുകയിൽ, അതിരൂപത ഡയറക്ടർ ഫാ. സാവിയോ മന്നാട്ട് , അതിരൂപതാ ജനറൽ സെക്രട്ടറി ബിജു ഡൊമിനിക്, മുഹമ്മ ഫൊറോന വികാരി ഫാ ആന്റണി കാട്ടൂപ്പാറ, ആലപ്പുഴ ഫൊറോന ഡയറക്ടർ ഫാ. തോമസ് ഇരുമ്പുകുത്തി, ദേവസ്യ പുളിക്കാശേരി, സെബാസ്റ്റ്യൻ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു
സ്വീകരണ പരിപാടിക്ക് ഫെറോന ജനറൽ ജനറൽ സെക്രട്ടറി ഷാജി പോൾ ഉപ്പൂട്ടിൽ, അതിരൂപത എക്സിക്യൂട്ടീവ് അംഗമായ ടോമിച്ചൻ മേത്തശേരി, ബേബി പാറക്കാടൻ തുടങ്ങിയവർ നേതൃത്വം നൽകി.
District News
ആലപ്പുഴ: നിരവധി കസ്റ്റഡി മർദനക്കേസുകളിലെ ആരോപണ വിധേയനായ ആലപ്പുഴ ഡിവൈഎസ്പി എം.ആർ. മധു ബാബുവിനെ സ്ഥലം മാറ്റി. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിലേക്കാണ് മാറ്റിയത്. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്നാണ് നടപടി.
നേരത്തെ, കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുവേദിയില്‍ നിന്നും മധു ബാബുവിനെ മാറ്റി നിർത്തിയിരുന്നു. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലാണ് ഒഴിവാക്കിയത്.
സംഘടനയുടെ സംസ്ഥാന ട്രഷറർ ആണ് മധുബാബു. മറ്റ് സംസ്ഥാന ഭാരവാഹികൾ വേദിയിൽ ഇടംപിടിച്ചപ്പോൾ മധുബാബുവിന്റെ ഇരിപ്പിടം കാണികൾക്കിടയിലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് മധു ബാബുവിനെ മാറ്റി നിർത്തിയത് എന്നാണ് വിവരങ്ങള്‍.
നിരവധി കസ്റ്റഡി മർദന കേസുകളിലെ ആരോപണ വിധേയനാണ് മധു ബാബു. പള്ളിപ്പുറം സ്വദേശി സിദ്ധാർഥനെ മർദിച്ച കേസിൽ മധു ബാബുവിന് ഒരു മാസം തടവും 1000 പിഴയും ചേർത്തല ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതി വിധിച്ചിരുന്നു.
2006 ഓഗസ്റ്റിൽ ചേർത്തല എസ്ഐ ആയിരിക്കെ ആണ് മർദനം നടന്നത്. വീടിന് പരിസരത്തെ ചകിരിയിൽ നിന്നുള്ള മലിനീകരണത്തിനെതിരെ പ്രതികരിച്ച സിദ്ധാർഥനെ മില്ലുടമയും കൂട്ടരും രാത്രി വീട്ടിൽ കയറി മർദിച്ചു.
സ്ഥലത്തെത്തിയ മധു ബാബു സിദ്ധാർഥനെ അറസ്റ്റ് ചെയ്യുകയും ജീപ്പിനുള്ളിൽ വച്ച് മര്‍ദിക്കുകയും നഗ്നനാക്കി ചൊറിയണം തേയ്ക്കുകയും ചെയ്തു എന്നായിരുന്നു കേസ്. മർദനത്തിൽ സിദ്ധാർഥന്റെ ഇടതു ചെവിയുടെ കർണപടം പൊട്ടി. വിധിയെ തുടർന്ന് മധു ബാബു അപ്പീൽ നൽകുകയും ജാമ്യം തേടുകയും ചെയ്തിരുന്നു.
പത്തനംതിട്ടയിലെ എസ്എഫ്ഐ നേതാവ് ജയകൃഷ്ണന് തണ്ണിത്തോടിനെയും മധു ബാബു മർദിച്ചിരുന്നു.
യുഡിഎഫ് ഭരണകാലത്ത് മധുബാബു തന്നെ ലോക്കപ്പ് മർദനത്തിനും മൂന്നാം മുറയ്ക്കും വിധേയനാക്കിയെന്നും ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചുവെന്നും മുളക് സ്പ്രേ അടിച്ചുവെന്നുമായിരുന്നു ജയകൃഷ്ണന് ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്ന് പറഞ്ഞത്.
അന്നത്തെ കോന്നി സിഐ ആയിരുന്ന മധുബാബുവിനെതിരെ നടപടി നിര്‍ദേശിച്ച് 2016 ല്‍ എസ്പി ഹരിശങ്കര്‍ റിപ്പോർട്ടും നൽകിയിരുന്നു.
District News
ആലപ്പുഴ: തിരുവോണം ബംപര്‍ ലോട്ടറി അടിച്ചത് ആലപ്പുഴയിൽ. തുറവൂർ സ്വദേശി ശരത്താണ് ഭാഗ്യശാലി. നെട്ടൂരിലെ പെയിന്റ് ഗോഡൗൺ മാനേജരാണ് ശരത്. ടിക്കറ്റ് തുറവൂർ എസ്ബിഐയിൽ ഹാജരാക്കി.
ടിഎച്ച് 577825 എന്ന ടിക്കറ്റിനാണ് ബംപർ സമ്മാനമടിച്ചത്. നെട്ടൂർ ഐഎൻടിയുസി ജംഗ്ഷനിൽ രോഹിണി ട്രേഡേഴ്സ് എന്നപേരിൽ വെളിച്ചെണ്ണക്കട നടത്തുന്ന കുമ്പളം സ്വദേശി ലതീഷിന്റെ കടയിൽനിന്നാണ് ടിക്കറ്റ് വിറ്റത്.
ലോട്ടറി മൊത്തവിതരണക്കാരായ ഭഗവതി ഏജൻസീസിന്റെ വൈറ്റിലയിലെ കടയിൽനിന്നാണു വില്പനയ്ക്കായി ടിക്കറ്റ് കൊണ്ടുവന്നത്.
District News
ആലപ്പുഴ: പുന്നപ്രയിൽ സൈക്കിളിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരൻ മരിച്ചു. നീർക്കുന്നം വെളിമ്പറമ്പിൽ അബ്ദുസലാമിന്റെ മകൻ സഹലാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് പുന്നപ്ര ചന്ത ജംംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ബന്ധുവായ ആയിഷക്കൊപ്പം സൈക്കിളിൽ സഞ്ചരിക്കവെ നിയന്ത്രണംവിട്ട കാർ ഇടിക്കുകയായിരുന്നു. തുടർന്ന് ഡിവൈഡറിൽ ഇടിച്ചാണ് കാർ നിന്നത്.
ഉടൻ തന്നെ ആയിഷയെയും സഹലിനെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ സഹൽ മരിച്ചു. പുന്നപ്ര ജെബിഎസ് സ്കൂളിലെ വിദ്യാർഥിയാണ് സഹൽ.
Kerala
അമ്പലപ്പുഴ: ഷുഗർ ബാധിതയായ വീട്ടമ്മയുടെ കാൽവിരലുകൾ മുറിച്ചുമാറ്റി. സമ്മതപത്രം വാങ്ങാതെയാണ് വിരലുകൾ മുറിച്ചതെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണസംഘത്തെ നിയോഗിച്ചു.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട് പഞ്ചായത്ത് ആറാം വാർഡ് മുഖപ്പിൽ വീട്ടിൽ സീനത്തിന്റെ വലതുകാലിലെ രണ്ടു വിരലുകളാണ് മുറിച്ചുമാറ്റിയത്. ഷുഗർ ബാധിതയായ ഇവരുടെ കാലിൽ ആണി തറച്ച് പരിക്കേറ്റിരുന്നു. പിന്നീട് മറ്റ് ആശുപത്രികളിൽ ചികിത്സതേടിയെങ്കിലും രോഗം ഗുരുതരമായതോടെ കഴിഞ്ഞ 27ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച കാൽ ഡ്രസിംഗിനായി കൊണ്ടുവന്നപ്പോൾ കാൽവിരലുകൾ മുറിച്ചുമാറ്റിയത് മകൻ സിയാദിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് സംഭവം വിവാദമായത്. തങ്ങളുടെ സമ്മതപത്രം തേടാതെയാണ് ഡോക്ടർമാർ കാൽവിരലുകൾ മുറിച്ചുമാറ്റിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് സൂപ്രണ്ടിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി മൂന്നംഗസംഘത്തെ നിയോഗിച്ചു.
എന്നാൽ, രോഗം ഗുരുതരമായ സീനത്തിന്റെ കാൽമുട്ടിന് താഴെ മുറിച്ചുമാറ്റേണ്ട സ്ഥിതിയാണെന്നാണ് ഡോക്ടർമാർ പറയുന്നത്. വിരലുകൾ മുറിച്ചുമാറ്റേണ്ടിവരുമെന്ന് നേരത്തെ ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുവിനോട് പറഞ്ഞിരുന്നതായും ഡോക്ടർമാർ അറിയിച്ചു.
District News
അന്പലപ്പുഴ: ഷുഗർ ബാധിതയായ വീട്ടമ്മയുടെ കാൽവിരലുകൾ മുറിച്ചുമാറ്റി. സമ്മതപത്രം വാങ്ങാതെയാണ് വിരലുകൾ മുറിച്ചതെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണസംഘത്തെ നിയോഗിച്ചു.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട് പഞ്ചായത്ത് ആറാം വാർഡ് മുഖപ്പിൽ വീട്ടിൽ സീനത്തിന്റെ വലതുകാലിലെ രണ്ടു വിരലുകളാണ് മുറിച്ചുമാറ്റിയത്. ഷുഗർ ബാധിതയായ ഇവരുടെ കാലിൽ ആണി തറച്ച് പരിക്കേറ്റിരുന്നു. പിന്നീട് മറ്റ് ആശുപത്രികളിൽ ചികിത്സതേടിയെങ്കിലും രോഗം ഗുരുതരമായതോടെ കഴിഞ്ഞ 27ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച കാൽ ഡ്രസിംഗിനായി കൊണ്ടുവന്നപ്പോൾ കാൽവിരലുകൾ മുറിച്ചുമാറ്റിയത് മകൻ സിയാദിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് സംഭവം വിവാദമായത്. തങ്ങളുടെ സമ്മതപത്രം തേടാതെയാണ് ഡോക്ടർമാർ കാൽവിരലുകൾ മുറിച്ചുമാറ്റിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് സൂപ്രണ്ടിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി മൂന്നംഗസംഘത്തെ നിയോഗിച്ചു.
എന്നാൽ, രോഗം ഗുരുതരമായ സീനത്തിന്റെ കാൽമുട്ടിന് താഴെ മുറിച്ചുമാറ്റേണ്ട സ്ഥിതിയാണെന്നാണ് ഡോക്ടർമാർ പറയുന്നത്. വിരലുകൾ മുറിച്ചുമാറ്റേണ്ടിവരുമെന്ന് നേരത്തെ ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുവിനോട് പറഞ്ഞിരുന്നതായും ഡോക്ടർമാർ അറിയിച്ചു.
Kerala
ആലപ്പുഴ: അയല്‍വാസികള്‍ തമ്മിലുള്ള സര്‍ക്കത്തിനിടെ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. ആലപ്പുഴ ബീച്ചിന് സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ ആലപ്പുഴ സ്വദേശി ജോസ് അറസ്റ്റിലായി.
ജോസിന് യുവതിയുടെ വീട്ടുകാരുമായി തര്‍ക്കമുണ്ടായിരുന്നു. രാത്രി ജോസ് വീട്ടിലെത്തി അസഭ്യം വിളിച്ചു. പെണ്‍കുട്ടി എതിര്‍ത്തതോടെ തിരിച്ചുപോയ ഇയാള്‍ പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോളുമായി തിരികെയെത്തി യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് സിഗരറ്റ് ലൈറ്റര്‍ കത്തിക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി ഓടിരക്ഷപെടുകയായിരുന്നു.
സംഭവത്തിനു പിന്നാലെ പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലപ്പുഴ സൗത്ത് പോലീസ് ജോസിനെ കസ്റ്റഡിയിലെടുത്തത്.
Kerala
ആലപ്പുഴ: ഭരണിക്കാവില്‍ തെരുവുനായ ആക്രമണം. മൂന്ന് പേര്‍ക്ക് കടിയേറ്റു. ഭരണിക്കാവ് സ്വദേശികളായ മുരളീധരന് ഉണ്ണിത്താന്, ബിജു,ഭാര്യ അനിത എന്നിവര്‍ക്കാണ് കടിയേറ്റത്.
ഇന്ന് രാവിലെ 11ഓടെയാണ് സംഭവം. നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ഒമ്പത് വയസുകാരിയെ ഇതേ നായ ആക്രമിച്ചിരുന്നു.
ഈ കുട്ടി ആശുപത്രിയില്‍ തുടരുകയാണ്. അധികൃതരെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.