മുംബൈയിലെ ലോക്കൽ ട്രെയിനിൽ പറുദ്ദ ധരിച്ച് സ്ത്രീകളുടെ കോച്ചിൽ യാത്ര ചെയ്ത യുവാവിനെതിരെ റെയിൽവേ സംരക്ഷണ സേന കേസെടുത്തു.
സെൻട്രൽ റെയിൽവേയിലെ സിഎസ്എംടി ഭാഗത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് ലോക്കൽ ട്രെയിനിലാണ് സഹയാത്രികരെയും അധികൃതരെയും ഒരുപോലെ അമ്പരപ്പിച്ച ഈ സംഭവം അരങ്ങേറിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ നടന്ന യാത്രയിൽ പറുദ്ദ ധരിച്ച ഒരാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വനിതാ യാത്രക്കാർ ഇയാളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു.
ഇതോടെയാണ് സ്ത്രീവേഷം കെട്ടി ലേഡീസ് കംപാർട്മെന്റിൽ കയറിക്കൂടിയത് പുരുഷനാണെന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. യാത്രക്കാർ ഈ രംഗങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതോടെ പരിഭ്രാന്തനായ യുവാവ് തടിയൂരാൻ ശ്രമിച്ചു.
അടുത്ത സ്റ്റേഷനായ ഘാട്കോപ്പറിൽ വെച്ച് പോലീസിന് കൈമാറുമെന്ന് സ്ത്രീകൾ വ്യക്തമാക്കിയതോടെ ഇയാൾ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.
പാളങ്ങളിലൂടെ ഓടി മറുവശത്തെ പ്ലാറ്റ്ഫോമിലെത്തിയ ഇയാൾ അവിടെ നിന്നും കർജാത് ഭാഗത്തേക്ക് പോകുന്ന മറ്റൊരു ട്രെയിനിൽ കയറി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ സ്ത്രീകൾ ഘാട്കോപ്പർ റെയിൽവേ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ മുളുണ്ട് സ്റ്റേഷനിൽ വെച്ച് കർജാത് ട്രെയിൻ ആർപിഎഫ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചെങ്കിലും അപ്പോഴേക്കും ഇയാൾ അവിടെ നിന്നും രക്ഷപെട്ടിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് യുവാവിനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് തുടരുകയാണ്.
അനുവാദമില്ലാതെ സ്ത്രീകളുടെ കംപാർട്മെന്റിൽ പ്രവേശിച്ചതിനും റെയിൽവേ നിയമങ്ങൾ ലംഘിച്ചതിനുമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. ട്രെയിനിലെ തർക്കത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Tags : MumbaiLocal ViralVideo CaughtOnCamera LocalTrainDiaries MumbaiNews