അമേരിക്കൻ പോപ് സംഗീത ലോകത്തെ പ്രകമ്പനം കൊള്ളിക്കുന്ന നിക്കി മിനാജ്, ഇത്തവണ സംഗീതത്തിലൂടെയല്ല മറിച്ച് ഒരുപിടി ചിത്രങ്ങളിലൂടെയാണ് ആഗോളതലത്തിൽ ചർച്ചാവിഷയമായിരിക്കുന്നത്.
2026-ലെ പ്രസിഡന്റ്സ് ദിനത്തോടനുബന്ധിച്ച് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പമുള്ള ചില വിചിത്രമായ ചിത്രങ്ങൾ താരം പങ്കുവെച്ചതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
ഒറ്റനോട്ടത്തിൽ ആരെയും അത്ഭുതപ്പെടുത്തുന്ന ഈ ചിത്രങ്ങൾ യഥാർഥമല്ലെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും വൈകാതെ തന്നെ വ്യക്തമായി. എങ്കിലും, മിനാജും ട്രംപും തമ്മിലുള്ള രാഷ്ട്രീയ സൗഹൃദത്തിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.
എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ തയാറാക്കിയ ഈ ചിത്രങ്ങളിൽ, ഒരു കൺവേർട്ടിബിൾ കാറിന്റെ മുൻസീറ്റിലിരിക്കുന്ന നിക്കി മിനാജിനെയും ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന ഡൊണാൾഡ് ട്രംപിനെയുമാണ് കാണാൻ സാധിക്കുന്നത്.
നിക്കി മിനാജിന്റെ ശൈലിയോട് ചേർന്നുനിൽക്കുന്ന പിങ്ക്, വെള്ള നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് രണ്ടുപേരും ധരിച്ചിരിക്കുന്നത്. കഴുത്തിൽ വലിയ സ്വർണമാലകളും കയ്യിൽ പണക്കെട്ടുകളുമായി തികച്ചും ആഡംഭരപൂർണമായ, ഒരു കാർട്ടൂൺ പരിവേഷമുള്ള ചിത്രങ്ങളായിരുന്നു ഇവ.
തന്റെ പോസ്റ്റിന് താഴെ "ഹാപ്പി പ്രസിഡന്റ്സ് ഡേ" എന്ന് ലളിതമായി നിക്കി കുറിച്ചെങ്കിലും, ഇത് സോഷ്യൽ മീഡിയയിൽ വലിയൊരു തർക്കത്തിന് തന്നെ വഴിയൊരുക്കി. ചിത്രങ്ങളുടെ കൃത്യതയും അവ നൽകുന്ന സ്വാഭാവികതയും കണ്ട പലരും ഇത് യഥാർഥമാണോ എന്ന് ഗൗരവമായി സംശയിച്ചു.
പല ഉപയോക്താക്കളും സത്യാവസ്ഥ അറിയാൻ എഐ ചാറ്റ്ബോട്ടുകളെ വരെ സമീപിച്ചു എന്നതാണ് കൗതുകകരമായ വസ്തുത. ട്രംപിനോട് മുൻപ് തന്നെ അനുകൂലമായ നിലപാടുകൾ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ് നിക്കി മിനാജ്.
അതുകൊണ്ടുതന്നെ, താൻ വിമർശകരെ ഭയപ്പെടുന്നില്ലെന്നും തന്റെ രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിൽക്കുമെന്നുമുള്ള സന്ദേശമായാണ് പലരും ഇതിനെ കാണുന്നത്.
സാങ്കേതികവിദ്യ എത്രത്തോളം യാഥാർഥ്യത്തെ മറികടക്കുന്നു എന്നതിന്റെ ഉദാഹരണമായി ഈ സംഭവം മാറിക്കഴിഞ്ഞു.
Tags : NickiMinaj DonaldTrump PresidentsDay2026 ViralNews BreakingNews