വാലന്റൈൻസ് ദിനത്തിന്റെ വരവറിയിച്ചുകൊണ്ട് പ്രകൃതി ഒരുക്കിയ ഒരു വിസ്മയക്കാഴ്ചയാണ് ഇപ്പോൾ ലോകമെങ്ങും ചർച്ചയാകുന്നത്. നോർവേയിലെ മഞ്ഞുമൂടിയ ആകാശത്ത് പച്ചനിറത്തിൽ തിളങ്ങുന്ന വെളിച്ചം അഥവാ നോർത്തേൺ ലൈറ്റ്സ് ഒരു വലിയ ഹൃദയത്തിന്റെ ആകൃതിയിൽ പ്രത്യക്ഷപ്പെട്ടത് പ്രണയകാലത്തിന് മാറ്റുകൂട്ടുന്നു.
പ്രകൃതി അതിന്റെ കാവ്യാത്മകമായ ഭാവം ആകാശത്ത് വരച്ചിട്ടപ്പോൾ അത് കാണുന്നവരുടെ കണ്ണുകൾക്ക് കുളിർമയേകുന്ന അനുഭവമായി മാറി. നോർവേയിലെ ഒരു പ്രമുഖ ഫോട്ടോഗ്രാഫർ പകർത്തിയ ഈ ദൃശ്യം ഇൻസ്റ്റാഗ്രാമിലൂടെ പുറംലോകമറിഞ്ഞതോടെ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്.
വർഷങ്ങളായി നോർത്തേൺ ലൈറ്റ്സിനെ ഏതെങ്കിലും ഒരു പ്രത്യേക രൂപത്തിൽ ക്യാമറയിലാക്കാൻ താൻ ആഗ്രഹിച്ചിരുന്നതായും, ഒടുവിൽ ആ കാത്തിരിപ്പ് ഹൃദയത്തിന്റെ ആകൃതിയിലുള്ള ഈ അത്ഭുതക്കാഴ്ചയിൽ അവസാനിച്ചതായും അദ്ദേഹം തന്റെ സന്തോഷം പങ്കുവെച്ചു.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ അമ്പരപ്പിച്ച ഈ ചിത്രം പലവിധത്തിലുള്ള പ്രതികരണങ്ങൾക്കും വഴിയൊരുക്കി. ആകാശം പ്രണയം കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നും പ്രകൃതിയുടെ ഈ പ്രകടനം അതീവ മനോഹരമാണെന്നും ആരാധകർ കുറിക്കുമ്പോൾ, ഇതിന്റെ ആകൃതിയിലെ കൃത്യത കണ്ട് ഇതൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്ടിയാണെന്ന് സംശയിച്ചവരും കുറവല്ല.
ചിത്രത്തിന് നേരെ ഉയർന്ന ഈ സംശയങ്ങൾക്ക് കൃത്യമായ മറുപടിയുമായി ഫോട്ടോഗ്രാഫർ തന്നെ പിന്നീട് രംഗത്തെത്തി. ഇത് നിർമ്മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതല്ലെന്നും, ചിത്രത്തിന് പിന്നിലെ യഥാർഥ വീഡിയോ ദൃശ്യങ്ങളും എഡിറ്റിംഗ് ഘട്ടങ്ങളും അദ്ദേഹം തെളിവായി പങ്കുവെക്കുകയും ചെയ്തു.
ശാസ്ത്രീയമായി ഓറോറ ബോറിയാലിസ് എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിഭാസം സൂര്യനിൽ നിന്നുള്ള ചാർജ്ജ് ചെയ്ത കണികകൾ ഭൂമിയുടെ അന്തരീക്ഷത്തിലെ വാതകങ്ങളുമായി കൂട്ടിയിടിക്കുമ്പോഴാണ് രൂപപ്പെടുന്നത്.
സാധാരണയായി തിരമാലകൾ പോലെയോ വലിയ കർട്ടനുകൾ പോലെയോ ആകാശത്ത് പാറിനടക്കുന്ന ഈ വെളിച്ചം ഇത്തരം കൃത്യമായ രൂപങ്ങളിൽ കാണപ്പെടുന്നത് അത്യപൂർവ്വമാണ്.
യുദ്ധങ്ങളും ദുരിതങ്ങളും നിറഞ്ഞ സമകാലിക ലോകത്ത് പ്രകൃതിയുടെ ഈ ഒരു സ്നേഹസന്ദേശം ഏറെ പ്രസക്തമാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.
വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ച് ഇത്രയും മനോഹരമായ ഒരു ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെയും ആ നിമിഷത്തെയും വിസ്മയത്തോടെയാണ് ലോകം ഇപ്പോൾ നോക്കിക്കാണുന്നത്.
Tags : NorthernLights AuroraBorealis ValentinesDay2026 NatureMagic ViralNews