മലമുകളിൽ മാഗി വിറ്റ് വൻ ലാഭം കൊയ്യുന്ന ഒരു വ്ലോഗറുടെ പരീക്ഷണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.
ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററായ ബാദൽ താക്കൂർ പങ്കുവെച്ച വീഡിയോയിൽ, തണുത്തുറഞ്ഞ മലയോര മേഖലയിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ ഒരു താൽക്കാലിക സ്റ്റാൾ ഇട്ട് വെറും ഒരു ദിവസം കൊണ്ട് അദ്ദേഹം നേടിയത് 21,000 രൂപയാണ്.
സാധാരണ ജോലി ചെയ്യുന്നവരെപ്പോലും ഇരുത്തിച്ചിന്തിപ്പിക്കുന്ന ഈ കണക്കുകൾ പുറത്തുവന്നതോടെ 'മലമുകളിലെ മാഗി ബിസിനസ്' ഇപ്പോൾ ഇന്റർനെറ്റിലെ ഹോട്ട് ടോപിക്കാണ്.
ഹിമാലയൻ താഴ്വരകളിലെ അതിശൈത്യത്തിൽ ചൂടുള്ള ഭക്ഷണത്തിനായുള്ള സഞ്ചാരികളുടെ തിരക്കാണ് ഈ വരുമാനത്തിന് പിന്നിലെ പ്രധാന രഹസ്യം.
സാധാരണ മാഗിക്ക് 70 രൂപയും ചീസ് ചേർത്തതിന് 100 രൂപയുമാണ് അദ്ദേഹം ഈടാക്കിയത്. വെറും നാലഞ്ച് മണിക്കൂറിനുള്ളിൽ തന്നെ 200 -ലധികം പ്ലേറ്റുകൾ വിറ്റഴിക്കാൻ സാധിച്ചു.
വൈകുന്നേരമായപ്പോഴേക്കും വിൽപന 350 പ്ലേറ്റുകളിലേക്ക് ഉയരുകയും ആകെ വരുമാനം 21,000 രൂപ കടക്കുകയും ചെയ്തു. മാസത്തിൽ 30 ദിവസവും ഇതേ തിരക്ക് ലഭിക്കുകയാണെങ്കിൽ ആറ് ലക്ഷം രൂപ വരെ സമ്പാദിക്കാമെന്ന കണക്കുകൂട്ടലിലാണ് പലരും.
എങ്കിലും ഈ വരുമാനത്തിന് പിന്നിലെ കഠിനാധ്വാനവും ചിലവുകളും തള്ളിക്കളയാനാവില്ലെന്ന് വീഡിയോ കണ്ടവർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഗ്യാസ് സിലിണ്ടർ, മാഗി പാക്കറ്റുകൾ, ചീസ്, പാത്രങ്ങൾ എന്നിവയുടെ വിലയ്ക്ക് പുറമെ മലമുകളിലേക്ക് ഇവ എത്തിക്കാനുള്ള ഗതാഗത ചിലവും വലിയൊരു തുകയാണ്. കൂടാതെ മൈനസ് ഡിഗ്രി തണുപ്പിൽ ജോലി ചെയ്യുക എന്നത് വലിയ വെല്ലുവിളിയാണ്.
ഇതെല്ലാം കഴിച്ചാൽ ഒരു ദിവസത്തെ അറ്റാദായം ഏകദേശം 8,000 രൂപയോളം വരുമെന്നും ഇത് ഡിഗ്രി വിദ്യാഭ്യാസത്തേക്കാൾ മൂല്യമുള്ളതാണെന്നും ചിലർ അഭിപ്രായപ്പെടുന്നു.
ടൂറിസം സീസണിൽ മാത്രം ലഭിക്കുന്ന ലാഭമാണിതെന്നും സ്ഥിരമായ വരുമാനമായി ഇതിനെ കാണാനാവില്ലെന്നും പരിസ്ഥിതി സൗഹൃദമായ രീതിയിൽ ഇത്തരം കച്ചവടങ്ങൾ നടക്കണമെന്നും സോഷ്യൽ മീഡിയ ഓർമ്മിപ്പിക്കുന്നു.
Tags : MountainMaggi Himalayas HillStation TravelDiaries MountainLife