സാഹസിക ചിത്രത്തിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ, ഉത്തർപ്രദേശിലെ ലഖ്നൗവിൽ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ചാവിഷയമായിരിക്കുകയാണ്.
മോട്ടോർ സൈക്കിളിൽ സഞ്ചരിച്ച രണ്ട് പേർ ഒരു സ്ത്രീയുടെ സ്വർണമാല കവർന്നെടുത്ത് അതിവേഗം രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, ഈ കവർച്ചയ്ക്ക് സാക്ഷികളായ രണ്ട് പേർ കാറിൽ ഇവരെ പിന്തുടരാൻ തീരുമാനിച്ചതോടെയാണ് സംഭവം ഹൈവേ ചെയ്സിംഗിലേക്ക് വഴിമാറിയത്.
സംഭവത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ കാറിനുള്ളിൽ ഇരുന്ന ഒരാൾ ഈ സാഹസിക ദൃശ്യങ്ങൾ തന്റെ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. പിന്നീട് ഈ വീഡിയോ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ പങ്കുവെക്കുകയും ചെയ്തു.
ലൈറ്റ് ട്രാഫിക്കുള്ള ഇരട്ടവരി പാതയിലൂടെയായിരുന്നു ഈ പിന്തുടരൽ അരങ്ങേറിയത്. വീഡിയോ പകർത്തിയ വ്യക്തി മോട്ടോർ സൈക്കിളിലുള്ളവരോട് ഉച്ചത്തിൽ ആക്രോശിക്കുകയും, അവർ ഒരു സ്ത്രീയെ കൊള്ളയടിച്ച കള്ളന്മാരാണെന്ന് അടുത്തുള്ള ആളുകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ടായിരുന്നു.
പല തവണ കാർ ഉപയോഗിച്ച് ബൈക്കർമാരെ തടയാൻ ശ്രമിച്ചെങ്കിലും, അപകടകരമായ രീതിയിലുള്ള അവരുടെ ഓട്ടം കാരണം കാർ യാത്രക്കാർക്ക് അതിന് കഴിഞ്ഞില്ല. കിലോമീറ്ററുകളോളം ഈ അതിവേഗ മത്സരം തുടർന്നു.
കാറിൽ ഉണ്ടായിരുന്നവർക്ക് എളുപ്പത്തിൽ കള്ളന്മാരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ബൈക്ക് നിർത്തണമെന്ന് ആവശ്യപ്പെട്ട് ഒരാൾ തുടർച്ചയായി ശബ്ദമുണ്ടാക്കുന്നുണ്ടായിരുന്നു.
ഒരു നിമിഷം കാർ ഡ്രൈവർ ബൈക്കുമായുള്ള അകലം കുറയ്ക്കാൻ വേഗത കൂട്ടി, പക്ഷേ വലിയ അപകടങ്ങൾ ഒഴിവാക്കാൻ വേഗത കുറയ്ക്കാൻ പാസഞ്ചർ സീറ്റിലിരുന്നയാൾ ഉടൻ തന്നെ മുന്നറിയിപ്പ് നൽകി.
എങ്കിലും, ബൈക്കർമാരെ കഴിയുന്നത്ര ദൂരം പിന്തുടരണമെന്ന് വീഡിയോ ചിത്രീകരിച്ച വ്യക്തി നിർബന്ധിക്കുകയും, അതിനിടയിൽ ബൈക്കിന്റെ നമ്പർ പ്ലേറ്റ് കുറിച്ചെടുക്കാൻ കഴിഞ്ഞുവെന്ന് ഡ്രൈവറോട് പറയുകയും ചെയ്തു.
ഒടുവിൽ ബൈക്കർമാർ കാറിനെ വെട്ടിച്ച് ട്രാഫിക്കിലേക്ക് മറഞ്ഞ് രക്ഷപ്പെട്ടു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ലഖ്നൗ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.
മഡിയാവോൺ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയാണെന്നും, കുറ്റവാളികളെ എത്രയും പെട്ടെന്ന് കണ്ടെത്താൻ പോലീസ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും അവർ ഔദ്യോഗികമായി അറിയിച്ചു.
അതേസമയം, ഈ അപകടകരമായ പിന്തുടരലിനെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയർന്നത്. ഹൈവേയിൽ ഒരു കാറിനെ ഒരു സാധാരണ 100 സിസി ബൈക്ക് മറികടന്നു എന്നതിൽ ചിലർ അതിശയം പ്രകടിപ്പിച്ചു.
ബൈക്കർമാരെ ഇടിച്ചിട്ട് താഴെയിടണമായിരുന്നു എന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, അത് യുക്തിരഹിതമായ ചിന്തയാണെന്നും, ഡ്രൈവർ അപകടം ഒഴിവാക്കി ചെയ്തതാണ് ശരിയെന്നും മറ്റു ചിലർ പ്രതികരിച്ചു. "നമ്മൾ അമേരിക്കയിലല്ല, ഇന്ത്യയിലാണ്' എന്നൊരു കമന്റ് ഈ ചർച്ചയിൽ ശ്രദ്ധേയമായി.
Tags : Lucknow ChainSnatching HighSpeedChase ViralVideo RoadRage