സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി നടത്തുന്ന അപകടകരമായ പ്രകടനങ്ങൾ പലപ്പോഴും വലിയ ദുരന്തങ്ങളിലാണ് അവസാനിക്കുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഉത്തർപ്രദേശിലെ മീററ്റിൽ നിന്നും പുറത്തുവരുന്നത്.
മീററ്റിലെ സർധന മേഖലയിലുള്ള ഒരു വനപ്രദേശത്ത് തോക്ക് ഉപയോഗിച്ച് സാഹസിക പ്രകടനം നടത്തുന്നതിനിടയിൽ യുവാവിന് വെടിയേറ്റ സംഭവം വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
ഉവൈഷ് എന്ന യുവാവ് തോക്കിൽ ഉണ്ട നിറച്ച് ആകാശത്തേക്ക് വെടിയുതിർക്കുന്ന ദൃശ്യങ്ങൾ സുഹൃത്തായ ഫഹീം തന്റെ മൊബൈൽ ഫോണിൽ പകർത്തിക്കൊണ്ടിരിക്കുകയായിരുന്നു.
എന്നാൽ ഇതിനിടയിൽ അശ്രദ്ധമായി തോക്ക് ഫഹീമിന് നേരെ തിരിക്കുകയും ഉവൈഷ് കാഞ്ചി വലിക്കുകയുമായിരുന്നു. വെടിയുണ്ട ഫഹീമിന്റെ കൈയിലാണ് തറച്ചത്. വേദന കൊണ്ട് ഫഹീം നിലവിളിക്കുന്നതും തുടർന്ന് വീഡിയോ പെട്ടെന്ന് നിലയ്ക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫഹീമിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ മീററ്റ് പോലീസ് സംഭവത്തിൽ കർശന നടപടി സ്വീകരിച്ചു.
ഫഹീമിന്റെ കുടുംബം പരാതി നൽകാൻ തയ്യാറായില്ലെങ്കിലും, നിയമലംഘനം വ്യക്തമായ സാഹചര്യത്തിൽ സർധന പോലീസ് സ്റ്റേഷനിൽ ഉവൈഷിനെതിരെ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : ViralNews TrendingVideo BreakingNews Shocking SocialMediaCraziness