അഹമ്മദാബാദ്: എസിസി സിമന്റ്സും ഓറിയന്റ് സിമന്റ്സും ഇല്ലാതാകുന്നു. അദാനി ഗ്രൂപ്പിലുണ്ടായിരുന്ന എസിസിയും ഓറിയന്റ് സിമന്റ്സും ലയിപ്പിക്കുന്നതിന് ഡയറക്ടർ ബോർഡ് അനുമതികൾ ലഭിച്ചതായി അംബുജ സിമന്റ്സ് ലിമിറ്റഡ് വ്യക്തമാക്കി.
ഇരു കന്പനികളും അംബുജയിൽ ലയിക്കും. ഇതോടെ, ഇന്ത്യയിലെ ഏറ്റവും വലിയ സമിന്റ് ഉത്പാദനക്കന്പനികളിലൊന്നായി അംബുജ മാറും. ലയനത്തോടെ രാജ്യവ്യാപകമായി ഒരു ‘വണ്‍ സിമന്റ് പ്ലാറ്റ്ഫോം’ രൂപീകരിക്കപ്പെട്ടു.
ലയനം 12 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലയനത്തിന്റെ ഭാഗമായി ഓരോ 10 രൂപ മുഖവിലയുള്ള എസിസിയുടെ 100 ഓഹരികൾക്ക് അംബുജയുടെ 2 രൂപവീതം മുഖവിലയുള്ള 328 ഓഹരികൾ യോഗ്യരായ ഓഹരി ഉടമകൾക്ക് കൈമാറും. ഇതുപോലെ, ഓറിയന്റിന്റെ ഓരോ രൂപ മുഖവിലയുള്ള 100 ഓഹരികൾക്ക് അംബുജയുടെ 2 രൂപ മുഖവിലയുള്ള 33 ഓഹരികളാകും കൈമാറുക.
അദാനി ഗ്രൂപ്പിന് കീഴിലെ മറ്റ് രണ്ട് സിമന്റ് കന്പനികളായ പെന്ന സിമന്റ്, സംഘി ഇൻഡസ്ട്രീസ് എന്നിവയും അംബുജയിൽ ലയിക്കാനുള്ള നടപടികളിലാണ്. ഇവയെല്ലാം ഇനി ഒറ്റ കോർപറേറ്റ് സ്ഥാപനമായി മാറും.
മൊത്തത്തിൽ, അദാനിയുടെ സിമന്റ് വ്യവസായത്തിന് ഉത്പാദനശേഷി പ്രതിവർഷം 107 മില്യണ്‍ ടണ്ണാണ്. ഇതിൽ സംഘി ഇൻഡസ്ട്രീസിന്റെയും പെന്ന സിമന്റിന്റെയും ശേഷി ഉൾപ്പെടെ 57.6 മില്യണ്‍ ടണ്‍ അംബുജയ്ക്കാണ്. എസിസിയുടെ ഉത്പാദനശേഷി വർഷം 40.4 മെട്രിക് ടണ്ണും ഓറിയന്റ് സിമന്റിന് 8.5 മില്യണ്‍ ടണ്ണുമാണ്. അദാനി സിമന്റ് പോർട്ട്ഫോളിയോയിൽ 24 ഇന്റഗ്രേറ്റഡ് യൂണിറ്റുകൾ, 22 ഗ്രൈൻഡിംഗ് യൂണിറ്റുകൾ, 116 ലധികം റെഡി-മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകൾ എന്നിവ ഉൾപ്പെടുന്നു.
കന്പനി എക്സിക്യൂട്ടീവുകളുടെ അഭിപ്രായത്തിൽ, അംബുജ 2026 സാന്പത്തിക വർഷം അവസാനിക്കുന്പോൾ പ്രതിവർഷം ഏകദേശം 118 മെട്രിക് ടണ്‍ ഉത്പാദനശേഷിയാണ് പ്രതീക്ഷിക്കുന്നത്. 2028ൽ കന്പനി 140ൽ മെട്രിക് ടണ്‍ ശേഷിയിലെത്തുമെന്നും കരുതുന്നു.
ഇന്ത്യൻ സിമന്റ് വ്യവസായത്തിലെ ഏറ്റവും വലിയ കന്പനിയായ അട്രാടെക്കിന്റെ 2025 സാന്പത്തികവർഷത്തിന്റെ അവസാനത്തിൽ ഉത്പാദനശേഷി പ്രതിവർഷം 183.4 മെട്രിക് ടണ്ണായിരുന്നു. ഉത്പാദനശേഷി 240.76 മെട്രിക് ടണ്ണായി ഉയർത്തുന്നതിന് കന്പനി 10,000 കോടിയിലധികം രൂപ നിക്ഷേപം പ്രഖ്യാപിച്ചു.
Tags : Ambuja ACC and Orient adani group Cement