നെടുമ്പാശേരി: സിയാൽ (കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്) കഴിഞ്ഞ സാമ്പത്തികവർഷത്തെ മൊത്ത ലാഭവിഹിതമായ 79.82 കോടി രൂപ സർക്കാരിനു കൈമാറി.
സിയാലിന്റെ ചരിത്രത്തിൽത്തന്നെ ഏറ്റവും ഉയർന്ന വരുമാനവും ലാഭവും രേഖപ്പെടുത്തിയ വർഷമാണ് 2024–25. കമ്പനിയുടെ മൊത്തവരുമാനം 1,142 കോടി രൂപയും ലാഭം 489.84 കോടി രൂപയുമാണ്. 50 ശതമാനം ലാഭവിഹിതം നിക്ഷേപകർക്ക് വീതിച്ചുനൽകാൻ ഡയറക്ടർ ബോർഡ് യോഗം ശിപാർശ ചെയ്തിരുന്നു.
33.38 ശതമാനം ഓഹരി പങ്കാളിത്തമുള്ള സംസ്ഥാനസർക്കാരാണ് സിയാലിലെ ഏറ്റവും വലിയ നിക്ഷേപകർ. ഇതിന്റെ അടിസ്ഥാനത്തിലുള്ള ലാഭവിഹിതമാണ് സർക്കാരിനു കൈമാറിയത്. സിയാൽ ഡയറക്ടർമാർകൂടിയായ മന്ത്രി പി. രാജീവ്, മന്ത്രി കെ. രാജൻ എന്നിവർ ചേർന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറിയത്. ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, കമ്പനി സെക്രട്ടറി സജി കെ. ജോർജ് എന്നിവരും പങ്കെടുത്തു.
Tags : CIAL hands crore profit government