ന്യൂഡൽഹി: കേരളത്തിലെ ലക്ഷക്കണക്കിനു റബർകർഷകരുടെ ജീവിതം കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ കാരണം ഗുരുതര പ്രതിസന്ധിയിലാണെന്ന് കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി.
രാജ്യത്തെ സ്വാഭാവിക റബറിന്റെ 90 ശതമാനത്തിലധികവും കേരളത്തിലാണ് ഉത്പാദിപ്പിക്കപ്പെടുന്നതെന്നും ടയർ കന്പനികളുടെ ഗൂഢസംഘങ്ങളാണ് റബർവിപണിയെ നിയന്ത്രിക്കുന്നതെന്നും ജോസ് കെ. മാണി രാജ്യസഭയിൽ പറഞ്ഞു.
’കോന്പൗണ്ട് റബർ’ എന്നപേരിൽ സ്വാഭാവിക റബർ വൻതോതിൽ ഇറക്കുമതി ചെയ്തു വില താഴ്ത്തുകയാണ്. സിംഗപ്പുർ ആസ്ഥാനമായ സബ്സിഡിയറികൾ വഴിയും ആസിയാൻ കരാർ ദുരുപയോഗം ചെയ്തും കുറഞ്ഞ ഇറക്കുമതി തീരുവ ഉപയോഗിച്ചുമാണ് ഈ ഇറക്കുമതിയെന്ന് ജോസ് കെ. മാണി പറഞ്ഞു. 2012-13ൽ 25,000 ടണ്‍ മാത്രമായിരുന്ന കോന്പൗണ്ട് റബർ ഇറക്കുമതി 2024-25 ൽ 2.45 ലക്ഷം ടണ്ണായി ഉയർന്നു.
കർഷകരെ സംരക്ഷിക്കാൻ സംസ്ഥാനസർക്കാർ കിലോയ്ക്ക് 200 രൂപ മിനിമം താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേന്ദ്രത്തിന്റെ നയപരമായ അനാസ്ഥ കാരണം വിപണിവില ഇടിയുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോന്പൗണ്ട് റബറെന്ന പേരിലുള്ള സ്വാഭാവിക റബർ ഇറക്കുമതി ഉടൻ നിർത്തണമെന്ന് ജോസ് കെ. മാണി ആവശ്യപ്പെട്ടു.
തുറമുഖങ്ങളിൽ കർശന പരിശോധന നടപ്പാക്കണം. കോന്പൗണ്ട് റബറിന് ഏകീകൃതമായി 40 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.
Tags : Jose K. Mani Compound rubber impor hurting farmers Compound rubber