ശ്രീലങ്കയിൽ വീശിയടിച്ച ദിത്വ ചുഴലിയും തായ്ലാൻഡിനെയും ഇന്തോനേഷ്യയെയും പിടിച്ചുലച്ച സെൻയാർ ചുഴലിയും കാർഷിക മേഖലയ്ക്ക് താങ്ങാനാവുന്നതിലും കനത്ത പ്രഹരമേൽപ്പിച്ചു. പുതുവർഷത്തിന്റെ ആദ്യ പകുതിയിൽ ഈ രാജ്യങ്ങളിൽനിന്നുള്ള പല കാർഷികോത്പന്നങ്ങളുടെയും ലഭ്യതയിൽ വൻ ഇടിവിനു സാധ്യത.
നവംബർ ആദ്യം സൂചിപ്പിച്ച ടാർജറ്റായ 344 യെന്നിലേക്ക് ജപ്പാൻ എക്സ്ചേഞ്ചിൽ റബർ പ്രവേശിച്ചു, ഇന്ത്യൻ ടയർ ലോബി കർഷകർക്ക് വിദേശത്തെ നേട്ടം നിഷേധിച്ചു. കുരുമുളകിനും ചുക്കിനും ആവശ്യക്കാർ. നാളികേരത്തിനു കാലിടറി. യൂറോപ്യൻ പാർലമെന്റിൽനിന്നുള്ള പുതിയ പ്രഖ്യാപനം കാപ്പി, കൊക്കോ കർഷകർക്ക് താത്കാലിക ആശ്വാസം സമ്മാനിക്കും.
നാശം വരുത്തി ചുഴലിക്കാറ്റ്
ഏഷ്യൻ രാജ്യങ്ങളിൽ വാരാന്ത്യം വീഴിയടിച്ച ചൂഴലിക്കാറ്റിന്റെ വേഗം ഇനിയും ശമിച്ചിട്ടില്ല. ശ്രീലങ്കയിൽ ആൾനാശം മാത്രമല്ല, കാർഷിക മേഖലയ്ക്കും വ്യാപക നാശനഷ്ടം സംഭവിച്ചതു വരും മാസങ്ങളിൽ അവരുടെ റബർ, സുഗന്ധവ്യഞ്ജന കയറ്റുമതികളുടെ താളംതെറ്റിക്കും. പ്രകൃതിക്ഷോഭത്തിലെ നഷ്ടങ്ങളുടെ കണക്കെടുപ്പ് ഉടൻ പൂർത്തിയാക്കിയാലും ഉത്പാദനത്തിലെ വിടവ് പരിഹരിക്കാൻ മാസങ്ങൾ വേണ്ടിവരും. റബർ കയറ്റുമതിയിൽ മുന്നിൽ നിലകൊള്ളുന്ന രാജ്യങ്ങളായ തായ്ലൻഡിലും ഇന്തോനേഷ്യയിലും ചുഴലിക്കാറ്റ് വൻ നഷ്ടം വരുത്തി. പ്രതിസന്ധിയെ മറികടക്കാൻ അവിടത്തെ കർഷർകർക്ക് നീണ്ട മാസങ്ങൾ ആവശ്യമായിവരും. ഇരു രാജ്യങ്ങളിലും റബർ ഉത്പാദനം ഒട്ടുമിക്ക ഭാഗങ്ങളിലും സ്തംഭിച്ചു. പ്രതികൂല കാലാവസ്ഥ ഇന്തോനേഷ്യയിൽ സുഗന്ധവ്യഞ്ജന ഉത്പാദന മേഖലയെയും ബാധിച്ചു. അവരുടെ കുരുമുളക് അടക്കമുള്ള ഉത്പന്നങ്ങളുടെ വിളനാശം സംബന്ധിച്ച കണക്കുകൾ പുറത്തുവന്നാൽ മാത്രമേ അടുത്ത സീസണിലെ ആഗോള ഉത്പാദന കുറവിനെ കുറിച്ച് വിലയിരുത്താനാകൂ. വാരാവസാനം ശ്രീലങ്ക കുരുമുളക് വില ടണ്ണിന് 400 ഡോളർ ഉയർത്തി 7500 ഡോളറാക്കി. ഇന്തോനേഷ്യയും 7500 ഡോളറാക്കി. വിയറ്റ്നാം 6700ൽ നിന്നും 6925 ഡോളറാക്കിയപ്പോൾ ബ്രസീൽ 200 ഡോളർ വർധിപ്പിച്ച് 6500 ഡോളറാക്കി, ഇന്ത്യൻ വില 8100 ഡോളർ.
വിദേശത്ത് കരുത്തായി റബർ
ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ റബർ കൂടുതൽ കരുത്ത് പ്രദർശിപ്പിച്ചു. നവംബർ ആദ്യം റബർ 300 യെന്നിനു മുകളിൽ ഇടം പിടിച്ച അവസരത്തിൽ തന്നെ സൂചന നൽകിയതാണ് 314-336 യെന്നുകളിലെ പ്രതിരോധം തകർത്ത് 344 യെൻ വരെ റബർ വില ഉയരുമെന്ന കാര്യം. വെള്ളിയാഴ്ച 344.4 യെൻ വരെ കയറിയ റബർ വ്യാപാരാന്ത്യം 342 യെന്നിലാണ്. റബർ വിപണി ബുള്ളിഷ് മനോഭാവം നിലനിർത്തുന്നതിനിടയിലാണ് പ്രതികൂല കാലാവസ്ഥയിൽ വിവിധ രാജ്യങ്ങളിൽ റബർ ടാപ്പിംഗ് തടസപ്പെട്ടത്. ടയർ നിർമാതാക്കളുടെ ഭാഷയിൽ എരിതീയിൽ എണ്ണ ഒഴിക്കലായി പ്രതികൂല കാലാവസ്ഥ. ഒസാക്ക റബറിനെ സാങ്കേതികമായി വീക്ഷിച്ചാൽ ഉത്പന്ന വില 355 – 378 യെന്നിലേക്കു കണ്ണോടിക്കാം.
അന്താരാഷ്ട്ര റബറിലെ ഉണർവ് ഇന്ത്യയിൽ പ്രതിഫലിക്കാതിരിക്കാൻ എല്ലാ അടവുകളും പയറ്റുന്നുണ്ട്. കമ്പനി സപ്ലെയർമാരോട് നിശബ്ദത പാലിക്കാൻ നിർദേശിച്ചത് വിലക്കയറ്റത്തിനു തുരങ്കംവയ്ക്കലായി. വ്യവസായികൾ കേരളത്തിലെ വിപണികളിൽനിന്നും അല്പം പിൻവലിഞ്ഞ് ഷീറ്റ് വിലക്കയറ്റം തടഞ്ഞു. തായ്ലൻഡിൽ റബർ 193 രൂപ വരെ കയറിയ ശേഷം 191 രൂപയിലാണ്. കൊച്ചിയിൽ നാലാം ഗ്രേഡ് ഷീറ്റ് 186 രൂപയിലും അഞ്ചാം ഗ്രേഡ് 183 രൂപയിലുമാണ്. ടാപ്പിംഗ് സീസണെങ്കിലും അടിക്കടിയുള്ള മഴ മൂലം ഉത്പാദന മേഖലയുടെ കണക്കുകൂട്ടലിനൊത്ത് റബർ വെട്ടിനു അവസരം ലഭിക്കുന്നില്ല.
കുരുമുളകിനും ചുക്കിനും ഡിമാൻഡ്
ഓഫ് സീസണായതിനാൽ മികച്ചയിനം കുരുമുളക് കുറഞ്ഞ അളവിൽ മാത്രമാണ് ടെർമിനൽ മാർക്കറ്റിൽ വില്പനയ്ക്ക് ഇറങ്ങുന്നത്. ഹൈറേഞ്ചിലും മറ്റ് ഭാഗങ്ങളിലെയും കർഷകരുടെ പക്കൽ മുളക് സ്റ്റോക്ക് നാമമാത്രം, അതുകൊണ്ട് തന്നെ ക്രിസ്മസ് വില്പന വിപണിക്ക് എരിവ് പകരാം. മുന്നിലുള്ള മൂന്നാഴ്ച രാജ്യത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിൽനിന്നും ആവശ്യക്കാരെ പ്രതീക്ഷിക്കാം. അൺ ഗാർബിൾഡ് മുളക് വില കിലോ 693 രൂപ.
ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽനിന്നും അച്ചാർ നിർമാണത്തിനുള്ള മൂപ്പ് കുറഞ്ഞ മുളക് വില്പനയ്ക്ക് ഇറങ്ങുന്നുണ്ട്. വാങ്ങലുകാർ കിലോ 190 രൂപ വരെ വാഗ്ദാനം ചെയ്തു, വിളവ് കുറഞ്ഞതിനാൽ 200 രൂപയ്ക്ക് മുകളിൽ ലഭിച്ചാൽ വിളവെടുപ്പ് നടത്താമെന്ന നിലപാടിലാണു പലരും. ഒലിയോറസിൻ വ്യവസായികൾക്ക് വേണ്ട ലൈറ്റ് പെപ്പർ തെക്കൻ കേരളത്തിൽ വിളവെടുപ്പ് പുരോഗമിക്കുന്നു. എണ്ണ അംശം ഉയർന്ന മുളക് കൊല്ലം, തിരുവനന്തപരം മേഖലയിൽ ലഭ്യമാണ്. ശ്രീലങ്കയും ഇന്തോനേഷ്യയും ഇത്തരം മുളക് ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാൽ, വർധിച്ച ഡിമാൻഡുമായി താരതമ്യം ചെയ്യുമ്പോൾ ഉത്പാദനം നന്നേ കുറവാണ്.
ഡിസംബറായതോടെ ഉത്തരേന്ത്യയിൽ തണുപ്പിനു കാഠിന്യമേറിയതു ചുക്കിനു ഡിമാൻഡ് ഉയർത്താം. നവംബറിൽ വാങ്ങൽ താത്പര്യം ചുരുങ്ങി നിന്നത് ഇടപാടുകാരെ നിരാശപ്പെടുത്തി. വൻ വില മോഹിച്ച് ഉത്പാദനമേഖല ചുക്ക് സംഭരിച്ചിട്ടുണ്ട്. വില്പന ചുരുങ്ങിയാൽ കാലാവസ്ഥാ മാറ്റം മൂലം ചുക്കിൽ കുത്ത് വീഴാൻ സാധ്യത. അറബ് രാജ്യങ്ങളിൽ ശൈത്യം ശക്തമാകുന്നതിനാൽ വിദേശത്തുനിന്നും പുതിയ ഓർഡറുകൾ പ്രതീക്ഷിക്കാം, നേരത്തേ ലഭിച്ച വൻ ഓർഡറുകളെക്കുറിച്ച് വിവരങ്ങൾ കയറ്റുമതിക്കാർ രഹസ്യമാക്കി താഴ്ന്ന വിലയ്ക്ക് ചുക്ക് സംഭരിച്ചിരുന്നു. വിവിധയിനം ചുക്ക് 28000‐30000 രൂപയിലാണ്.
നാളികേര വിപണി താഴ്ന്നുതന്നെ
നാളികേര വിപണിയെ ഉയർത്താനുള്ള തമിഴ്നാട് ലോബിയുടെ നീക്കം വിജയിച്ചില്ല. മാസാരംഭമായതിനാൽ പ്രാദേശിക വിപണികളിൽ വെളിച്ചെണ്ണ വില്പന ചൂടുപിടിക്കുമെന്നു മനസിലാക്കിയാണ് വൻകിട മില്ലുകാർ സംഘടിതരായി വില ഉയർത്താൻ ശ്രമിച്ചത്. കേരളത്തിൽ എണ്ണയ്ക്ക് ആവശ്യം വർധിക്കുമെന്നു കാങ്കയം ലോബി കണക്കുകൂട്ടി സ്റ്റോക്കിനു ഉയർന്ന വിലയാണ് ആവശ്യപ്പെട്ടത്. എന്നാൽ, കൊപ്ര വില ഉയർത്താൻ അവർ ഉത്സാഹിച്ചതുമില്ല. കേരളത്തിൽ എണ്ണ വില ഒരാഴ്ചയായി സ്റ്റെഡിയായി നീങ്ങിയ ശേഷം ശനിയാഴ്ച കുറഞ്ഞ് 34,500 രൂപയായി. ക്രിസ്മസ് അടുക്കുന്നതോടെ വെളിച്ചെണ്ണയ്ക്ക് ആവശ്യം വർധിക്കും.
വനം നശീകരണം നടത്തിയുള്ള കൃഷിയിൽനിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്താനുള്ള നിയമം ഒരു വർഷത്തേക്ക് മരവിപ്പിച്ച യൂറോപ്യൻ പാർലമെന്റ് തീരുമാനം വിവിധ രാജ്യങ്ങളിലെ കാപ്പി, കൊക്കോ കർഷകർക്ക് ആശ്വാസമായി. ഉത്പാദന രാജ്യങ്ങളിലെ വനനശീകരണം ചെറുക്കാൻ ലക്ഷ്യമിട്ട നീക്കം ആഫ്രിക്ക, ബ്രസീൽ, ഇന്തോനേഷ്യൻ കർഷകരെ ഏതാനും മാസങ്ങളായി സമ്മർദത്തിലാക്കിയിരുന്നു.
Tags : agriculture sector Cyclone wreaks Market cyclone ditwah