ന്യൂഡൽഹി: കമീലിയ സിനെൻസിസ് എന്ന ശാസ്ത്രീയനാമത്തിലുള്ള തേയിലച്ചെടിയിൽ നിന്ന് ഉത്പാദിപ്പിക്കാത്ത ഹെർബൽ, സസ്യാധിഷ്ഠിത പാനീയങ്ങൾ ‘ചായ’ (ടീ) എന്ന പദം ഉപയോഗിക്കുന്നതിനെതിരേ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യ.
കമീലിയ സിനെൻസിസ് എന്ന ശാസ്ത്രനാമമുള്ള ചെടിയുടെ ഇലയിൽനിന്ന് നിർമിക്കുന്നവയെ മാത്രമേ ഇനിമുതൽ ‘ചായ’ എന്ന ലേബലിൽ വിൽക്കാൻ പാടുള്ളൂവെന്നാണ് ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയുടെ നിർദേശം. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം ലേബലിംഗിൽ നിന്നും ബ്രാൻഡിംഗിൽ നിന്നും ഭക്ഷ്യ ബിസിനസ് ഓപ്പറേറ്റർമാർ വിട്ടുനിൽക്കണമെന്നും ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയുടെ മുന്നറിയിപ്പിൽ പറയുന്നു.
‘ഹെർബൽ ടീ’, ‘റൂയിബോസ് ടീ’, “ഫ്ളവർ ടീ’ തുടങ്ങി വിവിധ ഉതപന്നങ്ങൾ കമീലിയ സിനെൻസിസ് എന്ന തേയിലച്ചെടിയിൽ നിന്ന് ഉത്പാദിപ്പിക്കുന്നവയല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവിലുള്ള ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് കമീലിയ സിനെൻസിസ് ചെടിയിൽനിന്ന് ഉത്പാദിപ്പിക്കുന്ന കാംഗ്ര ടീ, ഗ്രീൻ ടീ, ഇൻസ്റ്റന്റ് ടീ തുടങ്ങിയവയെ മാത്രമേ നിയമപരമായി ചായ (ടീ) ആയി വിശേഷിപ്പിക്കാൻ പാടുള്ളൂ.
പൂക്കൾ, ഒൗഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയിട്ട് തിളപ്പിച്ചെടുക്കുന്ന പാനീയങ്ങളെ ചായ എന്ന പേരിൽ വിപണിയിലെത്തിക്കുന്നത് വർധിക്കുന്നതിനെത്തുടർന്ന് ഇതുസംബന്ധിച്ച് ഭക്ഷ്യസുരക്ഷാ അഥോറിറ്റി നിർദേശം നൽകിയത്.
എഫ്എസ്എസ്എഐയുടെ ചട്ടമനുസരിച്ച് കമീലിയ സിനിസിസിൽ നിന്ന് ഉത്പാദിപ്പിക്കുന്ന പാനീയമാണെങ്കിൽ മാത്രമേ പാക്കേജിംഗിലും ലേബലിംഗിലും ‘ചായ’ എന്ന പദം ഉപയോഗിക്കാൻ കഴിയൂ. ഇറക്കുമതി ചെയ്യുന്നവർക്കും ഇ- കോമേഴ്സ് സ്ഥാപനങ്ങൾക്കും ഈ നിബന്ധന ബാധകമാണ്.
തേയില അല്ലാത്ത സസ്യങ്ങളിൽ നിന്നുള്ള മിശ്രിതങ്ങളെ ചായയെന്ന് വിശേഷിപ്പിച്ചാൽ മിസ് ബ്രാൻഡിംഗായി കണക്കാക്കി നിയമ നടപടിയെടുക്കുമെന്നും അഥോറിറ്റിയുടെ മുന്നറിയിപ്പിൽ പറയുന്നു.
Tags : Food Safety Authority misuse tea Herbal cultured drinks