മുംബൈ: യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ അടുത്ത ചെയർമാനായി കെവിൻ എം. വാർഷിനെ നാമനിർദേശം ചെയ്തതിനു പിന്നാലെ അമൂല്യ ലോഹങ്ങളുടെ വിലയിൽ വൻ ഇടിവ്. സ്വർണവും വെള്ളിയും റിക്കാർഡ് ഉയരം തിരുത്തിക്കൊണ്ട് മുന്നോട്ട് നീങ്ങുമോയെന്നാണ് ശ്രദ്ധിച്ചത്. എന്നാൽ, ഈ രണ്ടു ലോഹങ്ങളുടെയും വില രണ്ടു ദിവസമായി താഴുകയാണ്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 11 ശതമാനത്തിനു മുകളിൽ താഴ്ന്നു. കോമെക്സ് വെള്ളി വില 31 ശതമാനത്തിലധികം താഴേക്ക ുപോയി. വെള്ളിയാഴ്ച വൻ തോതിലുള്ള വിറ്റഴിക്കലിനു ശേഷം വെള്ളിവില അതിന്റെ റിക്കാർഡ് നിരക്കായ 121.75 ഡോളറിൽനിന്ന് 35 ശതമാനം താഴ്ന്നാണ് വ്യാപാരം നടത്തുന്നത്. വെള്ളിവിലയിൽ ഇനിയും കുറവുണ്ടാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വില കുതിച്ചുയർന്ന് റിക്കാർഡ് നിലവാരത്തിൽ എത്തിയതോടെ നിക്ഷേപകർ സ്വർണവും വെള്ളിയും വിറ്റ് ലാഭമെടുപ്പിലേക്കു കടന്നത് വില ഇടിയാൻ കാരണമായി.
യുഎസ് ഫെഡറൽ റിസർവ് ചെയർമാനായി കെവിൻ വാർഷിനെ നാമനിർദേശം ചെയ്തത് ലോഹവിപണിയിൽ പ്രതിഫലിച്ചു. അദ്ദേഹം മേയ് മാസത്തിലാണ് ചുമതലയേറ്റെടുക്കുക. ഹോക്കിഷ് നയങ്ങളുള്ള ( പലിശനിരക്ക് കൂട്ടണമെന്ന അഭിപ്രായം) വാർഷിനെ നാമനിർദേശം ചെയ്തതത് ഡോളറിനു കരുത്തു നല്കുകയും സ്വർണം, വെള്ളി എന്നിവയുടെ വിലയെ ബാധിക്കുകയും ചെയ്തു. ഇത് രാജ്യാന്തര വിപണിയിൽ ഡോളറിനെ ശക്തിപ്പെടുത്തുകയും ബോണ്ട് യീൽഡുകൾ വർധിക്കുകയും ചെയ്തു. നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം, വെള്ളി എന്നിവയിൽനിന്ന് മാറി ഡോളറിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ കർശന നിലപാടുള്ള വ്യക്തിയുമാണ് വാർഷ്. കൂടാതെ, ഫെഡറൽ റിസർവിന്റെ സ്വാതന്ത്ര്യത്തിന് ഉൗന്നൽ നൽകുന്ന വ്യക്തികൂടിയാണ്.
ചിക്കാഗോ മെർക്കന്റൈൽ എക്സ്ചേഞ്ച് (സിഎംഇ) സ്വർണത്തിന്റെയും വെള്ളിയുടെയും മാർജിൻ തുക വർധിപ്പിച്ചത് ലോഹവിപണിയിൽ വലിയ സമ്മർദത്തിനു കാരണമായിട്ടുണ്ട്. ചെന്പിനു പിന്നാലെയാണ് സ്വർണത്തിന്റെയും വെള്ളിയുടെയും മാർജിൻ തുക സിഎംഇ ഉയർത്തിയത്. സ്വർണത്തിന്റെ മാർജിൻ തുക ആറു ശതമാനത്തിൽനിന്ന് എട്ടു ശതമാനമാക്കി ഉയർത്തിയപ്പോൾ വെള്ളിയുടേത് 11 ശതമാനത്തിൽനിന്ന് 15 ശതമാനമാക്കി. മാർജിൻ തുക വർധിപ്പിക്കുയെന്നാൽ ഒരു നിക്ഷേപകൻ വിപണിയിൽ ട്രേഡ് ചെയ്യാൻ കൈവശം വയ്ക്കേണ്ട കുറഞ്ഞ തുക കൂടുന്നു എന്നാണ് അർഥം.
എംസിഎക്സ് സ്വർണവില
ഇന്ത്യയുടെ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് (എംസിഎക്സ്) സ്വർണവില ഏപ്രിൽ ഫ്യൂച്ചർ 10 ഗ്രാമിന് 1,50,849 രൂപയിലാണ് ക്ലോസ് ചെയ്തത്. മുൻ ദിവസത്തെ ക്ലോസിംഗിനേക്കാൾ പത്ത് ഗ്രാമിന് 1,52,345 രൂപയിൽനിന്ന് 1496 രൂപ (0.98%) താഴ്ചയാണ് ഒരു ദിവസമുണ്ടായത്. നിലവിലെ എംസിഎക്സ് സ്വർണ നിരക്ക് എക്കാലത്തെയും ഉയർന്ന വിലയായ 1,80,799ൽനിന്ന് 29,230 രൂപയിൽ താഴെയാണ്.
എംസിഎക്സ് വെള്ളി വില
മാർച്ച് ഫ്യൂച്ചേഴ്സിനായുള്ള എംസിഎക്സ് വെള്ളിവില കിലോയ്ക്ക് 2,91,922 രൂപ എന്ന നിരക്കിൽ വ്യാപാരം അവസാനിപ്പിച്ചു. ഇത് വെള്ളിയുടെ എക്കാലത്തെയും ഉയർന്ന നിരക്കായ 4,20,048ൽനിന്ന് 1,28,126 (30.50%) താഴെയാണ്.
Tags : Gold silver prices fall International Market MCX CME