മുംബൈ: ചൈനയിൽനിന്ന് പാർട്സ് ഇറക്കുമതി ചെയ്യുന്നതിനുള്ള ലൈസൻസുകൾ ന്യൂഡൽഹി വേഗത്തിൽ നല്കുന്നില്ലെങ്കിൽ, തങ്ങളുടെ ആദ്യ കാർ പുറത്തിറക്കൽ വൈകുമെന്ന് കോടീശ്വരനായ സജ്ജൻ ജിൻഡലിന്റെ ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ ഭാഗമായ ജെഎസ്ഡബ്ല്യു മോട്ടോഴ്സ് അറിയിച്ചതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ജെഎസ്ഡബ്ലു മോട്ടോഴ്സ് കാർ നിർമാണ പദ്ധതിയിൽ മൂന്നു ബില്യണ്‍ ഡോളർ നിക്ഷേപിക്കാനും മഹാരാഷ്ട്രയിൽ നിർമിക്കുന്ന പ്ലാന്റിൽ ഹൈബ്രിഡ്, ഇലക്ട്രിക് കാറുകൾ നിർമിക്കാനും പദ്ധതിയിടുന്നുണ്ട്.
ഒരു പ്രാദേശിക വിതരണ ശൃംഖല നിർമിക്കുന്നതിനൊപ്പം തുടക്കത്തിൽ ഇറക്കുമതി ചെയ്ത ഘടകങ്ങൾ ഉപയോഗിക്കാനും ഇത് പദ്ധതിയിടുന്നു.
സ്റ്റീൽ, സിമന്റ് തുടങ്ങി വൈവിധ്യമാർന്ന ബിസിനസുകൾ നടത്തുന്ന ജെഎസ്ഡബ്ല്യു ഗ്രൂപ്പ്, ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ കെഎസ്ഡബ്ല്യു മോട്ടോഴ്സ് വഴി ആദ്യ കാർ പുറത്തിറക്കാനാണ് ഒരുങ്ങുന്നത്.
ഇന്ത്യയിലെ നിയമങ്ങൾ കാരണം എല്ലാ വിദേശ വിതരണക്കാരും ഇന്ത്യയിലേക്ക് സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് മുന്‍പ് പ്രാദേശിക അധികാര സ്ഥാപനങ്ങളിൽ നിന്ന് ഒരു ഗുണനിലവാര നിയന്ത്രണ സർട്ടിഫിക്കേഷൻ നേടണമെന്ന് നിബന്ധനയുള്ളതിനാലാണ് ജെഎസ്ഡബ്ല്യുവിന്റെ കാർ പദ്ധതിക്കു കാലതാമസമുണ്ടാക്കുന്നത്.
വിൻഡ്ഷീൽഡുകൾ, സണ്‍റൂഫുകൾ എന്നിവയുൾപ്പെടെയുള്ള സേഫ്റ്റിഗ്ലാസുകൾ വിതരണം ചെയ്യുന്ന ചൈനീസ് കന്പനികൾക്ക് വേഗത്തിൽ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ജെഎസ്ഡബ്ല്യു ഗ്രൂപ്പ് കേന്ദ്ര വ്യവസായ മന്ത്രാലയത്തിനു കത്തയച്ചു. ആഭ്യന്തരമായും ആഗോളതലത്തിലുമുള്ള വിതരണക്കാരെക്കുറിച്ച് സമഗ്രമായ പരിശോധനയ്ക്കുശേഷമാണ് ചൈനീസ് കന്പനിയെ തെരഞ്ഞെടുത്തതെന്ന് ജെഎസ്ഡബ്ല്യു മോട്ടോഴ്സ് വ്യക്തമാക്കി.
Tags : first car JSW Motors Sajjan Jindal hybrid electric cars