കൊച്ചി: മെഡിക്കല്‍ ഉപകരണങ്ങള്‍, ഡയഗ്നോസ്റ്റിക്സ്, ലൈഫ് സയന്‍സ് നിര്‍മാണ മേഖലകളില്‍ കേരളം ദക്ഷിണേഷ്യയില്‍ അതിവേഗം മുന്‍നിരയിലെത്തുക എന്നതു സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് മന്ത്രി പി. രാജീവ്.
നെടുമ്പാശേരി താജ് എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ സംസ്ഥാന വ്യവസായ വകുപ്പ്, അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡുമായി ചേര്‍ന്നു സംഘടിപ്പിച്ച ഇന്‍വിട്രോ ഡയഗ്നോസ്റ്റിക്സ്, മെഡിക്കല്‍ ടെക്നോളജി മേഖലകളില്‍ നിക്ഷേപസൗകര്യമൊരുക്കാനുള്ള അന്താരാഷ്ട്ര പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. അഗാപ്പെയുടെ 30-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണു സമ്മളനം സംഘടിപ്പിച്ചത്.
ജപ്പാന്, അമേരിക്ക, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള മെഡ്ടെക്, ഡയഗ്നോസ്റ്റിക്സ് കമ്പനികളുടെ പ്രതിനിധികള്‍, നിക്ഷേപ ഉപദേശകര്‍, ഇന്ത്യന്‍ നിര്‍മാതാക്കള്‍, ആരോഗ്യ സേവനദാതാക്കള്‍, ഗവേഷണസ്ഥാപനങ്ങള്‍, നയരൂപീകരണ വിദഗ്ധര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പറേഷന് ചെയര്മാന് സി. ബാലഗോപാല്‍, അഗാപ്പെ ഡയഗ്നോസ്റ്റിക്സ് മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോണ്‍, ചെയര്മാന് ജോസഫ് ജോണ്‍ തുടങ്ങിയവരും പങ്കെടുത്തു.
Tags : Minister P. Rajiv Medtech-Life Sciences hub South Asia