ന്യൂഡൽഹി: ഓണ്‍ ലൈൻ ഭക്ഷണ, സ്റ്റേഷനറി ഉത്പന്നങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്ന ബ്ലിങ്കിറ്റ്, സെപ്റ്റോ, സൊമാറ്റോ തുടങ്ങിയ കന്പനികൾ പത്തു മിനിറ്റ് ഡെലിവറി എന്ന നയം പിൻവലിച്ചു.
കേന്ദ്ര തൊഴിൽമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ നിർദേശപ്രകാരമാണു തീരുമാനം. തൊഴിൽമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം കന്പനികൾ ചർച്ച നടത്തിയിരുന്നു.
സാധനം എത്തിക്കുന്നതിന് സമയപരിധി നിശ്ചയിക്കുന്നത് ഡെലിവറി ഏജന്റുമാർക്കിടയിൽ സമ്മർദം ചെലുത്തുന്നുവെന്നും തൊഴിൽസുരക്ഷ ഇല്ലാതാക്കുന്നുവെന്നും ആശങ്ക ഉയർന്നിരുന്നു. ഡെലിവറി പങ്കാളികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും കർശനമായ സമയപരിധി വാഗ്ദാനങ്ങൾ പരസ്യങ്ങളിലും ബ്രാൻഡിംഗിലുംനിന്ന് നീക്കം ചെയ്യണമെന്നും കേന്ദ്രം നിർദേശിച്ചു.
പത്തു മിനിറ്റ് ഡെലിവറി നയത്തിൽ പ്രതിഷേധിച്ച് പുതുവർഷദിനത്തിൽ ഡെലിവറി ഏജന്റുമാർ രംഗത്തുവന്നതോടെയാണു വിഷയം ദേശീയശ്രദ്ധ നേടിയത്.
Tags : fast delivery Blinkit Septo Zomato