കൊച്ചി: റോബോട്ടിക് ഒളിന്പിക്സ് എന്നറിയപ്പെടുന്ന ഫസ്റ്റ് ഗ്ലോബൽ ചലഞ്ചിൽ യുഎഇക്കു സ്വർണം നേടിക്കൊടുത്ത് മലയാളി സ്റ്റാർട്ടപ്പ്. രണ്ടു മലയാളികൾ ഉൾപ്പെടെ യുഎഇ ടീമംഗങ്ങൾ മുഴുവനും ഇന്ത്യക്കാരായിരുന്നു.
മലയാളി സ്റ്റാർട്ടപ്പായ യുണീക് വേൾഡ് റോബോട്ടിക്സാണ് ദുബായുടെ നേട്ടത്തിനു പിന്നിൽ. നാലു ദിവസമായി പനാമയിൽ നടന്ന റോബോട്ടിക് ഒളിന്പിക്സിൽ 193 രാജ്യങ്ങളിലെ ടീമുകളോടു മത്സരിച്ചാണ് ഇന്ത്യൻ വിദ്യാർഥികളടങ്ങിയ ദുബായ് ടീം സ്വർണം നേടിയത്.
പത്തനംതിട്ട തുരുത്തിക്കാട് സ്വദേശിയായ ബൻസൻ തോമസ് ജോർജ് 2019ൽ ആരംഭിച്ച, കൊച്ചി ആസ്ഥാനമായ യുണീക് വേൾഡ് റോബോട്ടിക്സിന്റെ ദുബായ് ബ്രാഞ്ചിൽ പരിശീലനം നേടിയ എട്ടു വിദ്യാർഥികളാണ് യുഎഇ ടീമിനായി മത്സരിച്ചത്.
കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾ വിവിധ രാജ്യങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചതിന്റെ നേട്ടമാണിതെന്ന് അധികൃതർ പറഞ്ഞു.
Tags : Robotics Olympics UAE win Malayali startup Unique World Robotics