മാവേലിക്കര: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാവേലിക്കര റീജണല്‍ ബിസിനസ് ഓഫീസ് (ആര്‍ബിഒ) സാമൂഹിക ഉത്തരവാദിത്വ പദ്ധതിയുടെ (സിഎസ്ആര്‍) ഭാഗമായി മാവേലിക്കര റീജണിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന വിവിധ വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ വികസന പദ്ധതികള്‍ നടപ്പാക്കി.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി മുളക്കുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും ഏറമല്ലിക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും രണ്ട് ലക്ഷം രൂപ വീതം അനുവദിച്ചു. വിദ്യാര്‍ഥിനികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് 41 പെണ്‍കുട്ടികള്‍ക്ക് സൈക്കിളുകളും വിതരണം ചെയ്തു.
സ്ത്രീ ശുചിത്വവും ആരോഗ്യ ബോധവത്കരണവും ലക്ഷ്യമിട്ട് വിവിധ സ്കൂളുകളില്‍ 2100 പുനരുപയോഗ സാനിറ്ററി പാഡുകളും 11 സാനിറ്ററി പാഡ് ഇന്‍സിനറേറ്ററുകളും വിതരണം ചെയ്തു. ഗവ. ജിഎച്ച്എസ്എസ് മംഗലം, ടൗണ്‍ ഗവ. യുപിഎസ് കായംകുളം, ഗവ. ജിഎച്ച്എസ്എസ് കായംകുളം, ഗവ. ജിഎച്ച്എസ്എസ് ഇലിപ്പിക്കുളം, ഗവ. ജിഎച്ച്എസ്എസ് മാവേലിക്കര, ഗവ. വിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ് ചെങ്ങന്നൂര്‍, ബിഎഡ് കോളജ് കായംകുളം എന്നിവിടങ്ങളിലായിരുന്നു വിതരണം.
പരിപാടിയില്‍ റീജണല്‍ മാനേജര്‍ സുജിത്, ചീഫ് മാനേജര്‍ (ഓപ്പറേഷന്‍സ്) വിജി, മാനേജര്‍ (എച്ച്ആര്‍) ഷൈനി, പ്രമൈസസ് ഡിപ്പാര്‍ട്ട്മെന്റിലെ ഡെപ്യൂട്ടി മാനേജര്‍ എം.പി. അരുൺ, സ്പെഷല്‍ അസോസിയേറ്റ് ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
Tags : SBI RBO Mavelikkara CSR projects