കൊച്ചി: മാനസികാരോഗ്യ സേവനങ്ങൾ മലയാളത്തിൽ ലഭ്യമാക്കുന്ന കേരള സ്റ്റാർട്ടപ്പായ ‘ഒപ്പം’ ഒന്നരക്കോടി രൂപയുടെ സീഡ് ഫണ്ടിംഗ് സ്വന്തമാക്കി.
നിക്ഷേപക കൂട്ടായ്മയായ ഫീനിക്സ് എയ്ഞ്ചൽസിന്റെ നേതൃത്വത്തിലാണ് തുക സമാഹരിച്ചത്. എയ്ഞ്ചൽ നിക്ഷേപകൻ സന്ദീപ് ബാലാജിയും അദ്ദേഹത്തിന്റെ നിക്ഷേപകശൃംഖലയും കേരളത്തിലെ വിവിധ സ്റ്റാർട്ടപ്പ് സ്ഥാപകരും ഈ ഫണ്ടിംഗ് റൗണ്ടിൽ പങ്കാളികളായി.
കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ നടന്ന ഹഡിൽ ഗ്ലോബൽ ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച വൺ ടാങ്ക് ഇവന്റിലൂടെയാണ് നിക്ഷേപം ഉറപ്പാക്കിയത്. കാസർഗോഡ് സ്വദേശികളായ ഇബ്രാഹിം ഹവാസ്, അബ്ദുള്ള കുഞ്ഞി, മുബാഷിറ റഹ്മാൻ എന്നീ യുവസംരംഭകർ ചേർന്നാണ് ‘ഒപ്പം’ സ്ഥാപിച്ചത്.
ഭാഷാപരമായ പരിമിതികളും മാനസികാരോഗ്യ ചികിത്സയോടുള്ള സാമൂഹിക വിമുഖതയും മറികടന്ന് സാധാരണക്കാർക്ക് വിദഗ്ധ സേവനം ലഭ്യമാക്കുക എന്നതാണ് ഈ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം.
നിലവിൽ 40ലധികം രാജ്യങ്ങളിലുള്ള മലയാളികളാണ് ഒപ്പത്തിന്റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുള്ളത്. കൺസൾട്ടന്റ് സൈക്കോളജിസ്റ്റുകൾ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിസ്റ്റുകൾ എന്നിവരുടെ സേവനം 24 മണിക്കൂറും ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാണെന്ന് അധികൃതർ പറഞ്ഞു.
Tags : Oppa Seed funding Kerala startup Mission