കൊച്ചി: മികവോടെ ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന സൗത്ത് ഇന്ത്യൻ ബാങ്ക് ഇന്ന് 97-ാം സ്ഥാപകദിനം ആഘോഷിക്കുന്നു.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ അറ്റാദായം കൈവരിച്ചതിന്റെ ആവേശത്തിലാണ് സൗത്ത് ഇന്ത്യൻ ബാങ്ക് സ്ഥാപകദിനത്തിലേക്ക് കടക്കുന്നത്. 1929ൽ തൃശൂരിൽ തുടക്കംകുറിച്ച സൗത്ത് ഇന്ത്യൻ ബാങ്കിന് ഇന്ന് ഇന്ത്യയൊട്ടാകെ 948 ശാഖകളും 82 ലക്ഷം ഉപഭോക്താക്കളുമാണുള്ളത്.
സൗത്ത് ഇന്ത്യൻ ബാങ്ക് പുലർത്തിവരുന്ന ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തന ശൈലിയും ഉപഭോക്താക്കൾ നൽകിവരുന്ന അചഞ്ചലമായ പിന്തുണയുമാണ് 97 വർഷങ്ങളുടെ വിശ്വാസപൂർണമായ യാത്രയിലേക്ക് ബാങ്കിനെ നയിച്ചതെന്നു ചെയർമാൻ വി.ജെ. കുര്യൻ പറഞ്ഞു.
2025-26 സാമ്പത്തിക വർഷത്തിലെ മൂന്നാംപാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 374.32 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് (341.87 കോടി) ഒൻപത് ശതമാനം വളർച്ചയാണിത്. ഇതോടെ നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ ഒമ്പതു മാസത്തെ ആകെ ലാഭം 1047.64 കോടി രൂപയായി ഉയർന്നു. പ്രീ-പ്രോവിഷനിംഗ് പ്രവർത്തന ലാഭത്തിലും 10 ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു.
ഉപഭോക്താക്കൾ അർപ്പിച്ച ദീർഘകാല വിശ്വാസത്തിന്റെയും 9000ലധികം വരുന്ന ജീവനക്കാരുടെ അചഞ്ചലമായ സമർപ്പണത്തിന്റെയും പ്രതിഫലനമാണ് ബാങ്കിന്റെ നേട്ടങ്ങളെന്നു മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി.ആർ. ശേഷാദ്രി പറഞ്ഞു.
Tags : South Indian Bank Banking