മുംബൈ: ഇലോണ് മസ്കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാണ കന്പനിയായ ടെസ്ല ഇന്ത്യയിലെ ആദ്യ ഷോറൂം അടുത്ത മാസം മുംബൈയിൽ തുറക്കും. യൂറോപ്പ്, ചൈന വിപണികളിൽ വാഹന വിൽപ്പന കുറയുന്നതിനിടെയാണ് ടെസ്ലയുടെ ഇന്ത്യൻ പ്രവേശനം. അമേരിക്കയും ചൈനയും കഴിഞ്ഞാൽ ലോകത്തിലെ മൂന്നാമത്തെ കാർ വിപണിയാണ് ഇന്ത്യ. ചൈനയിലും യൂറോപ്പിലും വിൽപ്പന മാന്ദ്യം നേരിടുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിപണിയെ പ്രതീക്ഷയോടെയാണ് ടെസ്ല കാണുന്നത്.
ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളാണ് ആദ്യം ഷോറൂമിൽ വിൽപ്പനയ്ക്ക് എത്തിക്കുക. ആദ്യ സെറ്റ് കാറുകൾ ഇന്ത്യയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. ടെസ്ലയുടെ മോഡൽ-വൈ റിയർ വീൽ ഡ്രൈവ് എസ്യുവി കാറുകളായിരിക്കും ആദ്യം ഇന്ത്യൻ നിരത്തിലേക്ക് എത്തിക്കുക. ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ഇലക്ട്രിക് കാറാണ് മോഡൽ വൈ.
കാറിനൊപ്പം സൂപ്പർ ചാർജർ ഘടകങ്ങൾ, കാർ ആക്സസറികൾ, ഉത്പന്നങ്ങൾ, സ്പെയറുകൾ എന്നിവയും യുഎസ്, ചൈന, നെതർലൻഡ്സ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്.
ജൂലൈ പകുതിയോടെ മുംബൈയിൽ ആദ്യ ഷോറൂം തുറന്നശേഷം ന്യൂഡൽഹിയിലും ടെസ് ല ഷോറൂം ആരംഭിക്കും.
ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് വർഷങ്ങളായുള്ള കാത്തിരിപ്പാണ് അവസാനിക്കുക. താരിഫുകളും പ്രാദേശിക ഉത്പാദനവും സംബന്ധിച്ച് മസ്കും കേന്ദ്ര സർക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ടെസ്ലയുടെ വരവ് നീട്ടിക്കൊണ്ടുപോയത്. ഫെബ്രുവരിയിൽ യുഎസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മസ്കും തമ്മിൽ നടത്തിയ കൂടിക്കാഴ്ച നടത്തിയതാണ് ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വഴിതുറന്നത്.
Tags : Tesla first India showroom Mumbai by mid July