ന്യൂഡൽഹി: വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്കുള്ള നിരക്ക് കുത്തനെ വർധിപ്പിച്ച് കേന്ദ്രഗതാഗത മന്ത്രാലയം. പരിശോധനാ ഫീസിൽ 10 മടങ്ങ് വർധനയാണ് വരുത്തിയിരിക്കുന്നത്. കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾ (അഞ്ചാം ഭേദഗതി) പ്രകാരമുള്ള നിരക്ക് വർധന ഉടൻ പ്രാബല്യത്തിൽ വരും. വാഹനങ്ങളുടെ പഴക്കവും വിഭാഗവും അനുസരിച്ച് നിരക്ക് ഘടനയില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
മുമ്പ് 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കായിരുന്നു ഉയര്‍ന്ന നിരക്ക് ചുമത്തിയിരുന്നത്. എന്നാൽ, പുതിയ നിര്‍ദേശമനുസരിച്ച് 10 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കും ഫിറ്റ്നസ് ലഭിക്കുന്നതിനായി ഉയര്‍ന്ന നിരക്ക് ഈടാക്കും.
വാഹനങ്ങളുടെ പഴക്കം അനുസരിച്ച് മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് ഫീസ് ഈടാക്കുന്നത്. 10 മുതല്‍ 15 വര്‍ഷം വരെയും 15 മുതല്‍ 20 വര്‍ഷം വരെയും 20 വര്‍ഷത്തിലധികം പഴക്കമുള്ളത് എന്നിങ്ങനെയാണു തിരിച്ചിരിക്കുന്നത്. മുമ്പ് 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള വാഹനങ്ങളില്‍ ഈടാക്കിയിരുന്ന ഏകീകൃത നിരക്കില്‍നിന്നു വ്യത്യസ്തമായി ഓരോ വിഭാഗത്തിനും പ്രത്യേകം ഫീസ് ഈടാക്കാനാണു നിലവിലെ തീരുമാനം.
ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, ക്വാഡ്രിസൈക്കിളുകൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ, ഇടത്തരം, ഹെവി ഗുഡ്സ്, പാസഞ്ചർ വാഹനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ വിഭാഗത്തിലുള്ള വാഹനങ്ങൾക്കും കാലപ്പഴക്കത്തിനനുസരിച്ച സ്ലാബുകൾ ബാധകമാണ്. ഹെവി വാഹനങ്ങളെയാണ് വർധന പ്രധാനമായും ബാധിക്കുക.
20 വര്‍ഷത്തിലധികം പഴക്കമുള്ള ട്രക്കുകള്‍ക്കും ബസുകള്‍ക്കും ഫിറ്റ്നസ് പരിശോധനയ്ക്കായി 25,000 രൂപ നല്‍കേണ്ടിവരും. മുമ്പ് ഇത് 2500 രൂപയായിരുന്നു. ഇതേ കാലപ്പഴക്കമുള്ള ഇടത്തരം വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കല്‍ ഫീസ് 1800 രൂപയില്‍നിന്ന് 18,000 രൂപയായി വര്‍ധിപ്പിച്ചു. 20 വര്‍ഷത്തിലധികം പഴക്കമുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസ് 15,000 രൂപയായി. 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള മുച്ചക്ര വാഹനങ്ങൾക്ക് ഇപ്പോൾ 7,000 രൂപ നൽകണം. 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഇരുചക്ര വാഹനങ്ങളുടെ ഫീസ് മൂന്നിരട്ടിയിലധികം വർധിച്ചു. 600 രൂപയിൽനിന്ന് 2,000 രൂപയായാണു വർധന.
Tags : old car now tear your pocket! vehicles The old vehicles now tear your pocket